Kerala
സമഗ്ര അന്വേഷണം വേണം; കോഴ ആരോപണം തള്ളി കോവൂര്‍ കുഞ്ഞുമോന്‍
തന്റെ അറിവില്‍ ഇറങ്ങനെ ഒരു വാഗ്ദാനം ഉണ്ടായിട്ടില്ലെന്നും ആരുമായും ഒരു കൂടിക്കാഴ്ചയും ഇക്കാര്യത്തില്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം | എന്‍സിപി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ തോമസ് കെ തോമസ് എംഎല്‍എ 50 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണം നിഷേധിച്ച് കോവൂര്‍ കുഞ്ഞുമോന്‍. തന്റെ അറിവില്‍ ഇറങ്ങനെ ഒരു വാഗ്ദാനം ഉണ്ടായിട്ടില്ലെന്നും ആരുമായും ഒരു കൂടിക്കാഴ്ചയും ഇക്കാര്യത്തില്‍ നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ പോയിരുന്നെങ്കില്‍ ഒരുപാട് സ്ഥാനങ്ങള്‍ തനിക്ക് കിട്ടിയേനെ.എന്നാല്‍ ചെങ്കൊടി പ്രസ്ഥാനത്തിലാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ പച്ചിലകാട്ടി തന്നെ വിരട്ടാന്‍ നോക്കണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്നും കോവൂര്‍ കുഞ്ഞുമോന്‍ ആവശ്യപ്പെട്ടു.
എന്റെ ജീവിതത്തില്‍ കളങ്കം വരുത്തിയ വാര്‍ത്തയാണ്. ഇടതു പക്ഷ പ്രസ്ഥാനത്തോടൊപ്പം നിന്നപ്പോള്‍ പലതും കിട്ടേണ്ടതായിരുന്നു. അര്‍ഹതപ്പെട്ടതൊന്നും കിട്ടിയിട്ടില്ല. എനിക്കുമാത്രമല്ല എന്റെ പ്രസ്ഥാനത്തിനും കിട്ടിയിട്ടില്ല. ആരെന്ത് വാഗ്ദാനം ചെയ്താലും അതിന്റെ പിന്നാലെ പോകുന്ന മനുഷ്യനല്ല ഞാന്‍- കോവൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേ സമയം കോഴ ആരോപണം തോമസ് കെ തോമസും നിഷേധിച്ചുണ്ട്.