Kerala
മൂന്നര വയസുകാരന്‍ അങ്കണവാടിയില്‍ വീണ് ഗുരുതര പരുക്കേറ്റ സംഭവം; വര്‍ക്കറേയും ഹെല്‍പ്പറേയും സസ്‌പെന്‍ഡ് ചെയ്തു
. സംഭവത്തില്‍ മന്ത്രി വീണ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു
തിരുവനന്തപുരം | കണ്ണൂര്‍ വെടിവെപ്പിന്‍ചാലില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരന്‍ വീണ് ഗുരുതരായി പരുക്കേറ്റ സംഭവത്തില്‍ അങ്കണവാടി വര്‍ക്കറേയും ഹെല്‍പ്പറേയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ മന്ത്രി വീണ ജോര്‍ജ് അടിയന്തര അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.അന്വേഷണത്തില്‍ സംഭവം രക്ഷിതാക്കളേയും മേലധികാരികളേയും അറിയിക്കുന്നതില്‍ ജീവനക്കാര്‍ വീഴ്ച വരുത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
തലയില്‍ ആഴത്തില്‍ പരിക്കേറ്റ മൂന്നര വയസുകാരനെ ആശുപത്രിലെത്തിക്കാന്‍ അങ്കണവാടി ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയോടെയാണ് കുട്ടി അങ്കണവാടിയില്‍ വീണത്. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോകാനായി ബന്ധുവെത്തിയപ്പോള്‍ തലയിലുള്ള മുറിവ് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ആഴത്തിലുള്ള മുറിവല്ലെന്നും വേണ്ട ചികിത്സ നല്‍കിയതായും അങ്കണവാടി ജീവനക്കാര്‍ പറഞ്ഞതായി കുട്ടിയുടെ പിതാവ് പറഞ്ഞു.രാത്രിയോടെ കുട്ടിക്ക് ശക്തമായ പനി അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലും ഇവിടെ നിന്നും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു. കുട്ടിക്ക് ആഴത്തിലുള്ള മുറിവേറ്റതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. നിലവില്‍ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് കുട്ടി ചികിത്സയിലാണ്.ആഴത്തില്‍ പരുക്കേറ്റ വിവരം തങ്ങളോട് പറയാതെ അങ്കണവാടി ജീവനക്കാര്‍ കുട്ടിയുടെ തലയില്‍ ചായപ്പൊടി വിതറി സ്വയം ചികിത്സ നല്‍കുകയായിരുന്നുവെന്ന് പിതാവ് ധനേഷ് ആരോപിച്ചിരുന്നു