National
ഝാര്‍ഖണ്ഡില്‍ വാക്സിനേഷനെ തുടര്‍ന്ന് മൂന്ന് മാസം പ്രായമുള്ള കുട്ടി മരിച്ചു
വാക്‌സിനേഷനുശേഷം കുട്ടി മരിച്ചത് അപൂര്‍വ്വമായ കേസാണെന്നും ലോകാരോഗ്യ സംഘടന അന്വേഷിക്കുമെന്നും സിവില്‍ സര്‍ജന്‍.
രാംഗഢ്, ജാര്‍ഖണ്ഡ്| ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ ഒരു കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വാക്‌സിന്‍ നല്‍കി 24 മണിക്കൂറിന് ശേഷം മൂന്ന് മാസം പ്രായമുള്ള കുട്ടി മരിച്ചു. മരണകാരണം കണ്ടെത്താന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെന്ന് രാംഗഡ് സിവില്‍ സര്‍ജന്‍ ഡോ പ്രഭാത് കുമാര്‍ പറഞ്ഞു.
വാക്‌സിനേഷനുശേഷം കുട്ടി മരിച്ചത് അപൂര്‍വ്വമായ കേസാണെന്നും ലോകാരോഗ്യ സംഘടന അന്വേഷിക്കുമെന്നും കുമാര്‍ പറഞ്ഞു.
ഡിഫ്തീരിയ, പെര്‍ട്ടുസിസ്, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ്-ബി തുടങ്ങിയ മാരക രോഗങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന പെന്റാവാലന്റ് വാക്സിനാണ് വ്യാഴാഴ്ച പത്രാട്ടിലെ സിഎച്ച്സിയിലെ പാരാമെഡിക്കല്‍ ജീവനക്കാര്‍ നല്‍കിയെന്നും ആരോഗ്യനില വഷളായെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചെ മരിച്ചെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
എന്നാല്‍, അശ്രദ്ധയും സുരക്ഷിതമല്ലാത്ത പ്രതിരോധ കുത്തിവയ്പ്പും കാരണമാണ് മകന്‍ മരിച്ചതെന്നും ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്നും മാതാപിതാക്കളായ ബബ്ലു സാവോയും ലളിതാ ദേവിയും ആരോപിച്ചു.