Connect with us

Aksharam Education

മുച്ചക്ര വണ്ടി എന്ന പാവങ്ങളുടെ വണ്ടി

റിക്ഷ എന്ന പേരിലുള്ള യഥാര്‍ഥ വാഹനം മറ്റൊന്നാണ്. ഒന്നോ രണ്ടോ മനുഷ്യരെ സീറ്റിലിരുത്തി മറ്റൊരു മനുഷ്യന്‍ വലിച്ചു കൊണ്ടു പോകുന്ന വാഹനം.

Published

|

Last Updated

‘റിക്ഷ’ എന്ന് കേള്‍ക്കുമ്പോള്‍ കൂട്ടുകാരുടെ മനസ്സില്‍ ഉദിക്കുക ‘ഓട്ടോറിക്ഷ ‘എന്ന മുച്ചക്രവാഹനമാണ്. എന്നാല്‍, ഇതിന്റെ മുന്‍ഗാമികളായ ചില റിക്ഷകള്‍ നാട്ടില്‍ ഉണ്ടായിരുന്നു. മനുഷ്യന്‍ വലിച്ചുകൊണ്ടു പോകുന്ന റിക്ഷയും സൈക്കിള്‍ ചവിട്ടി ഓടിക്കാവുന്ന സൈക്കിള്‍ റിക്ഷയും. സൈക്കിള്‍ റിക്ഷയുടെ പിന്‍ ചക്രങ്ങള്‍ക്കിടയിലുള്ള ദണ്ഡ് മുന്‍ഭാഗത്തുള്ള പെഡലുമായി ഘടിപ്പിച്ച വലിയ പല്‍ചക്രവും തമ്മില്‍ ചെയിന്‍ കൊണ്ട് ബന്ധിച്ചിരിക്കുന്നു.

സൈക്കിള്‍ റിക്ഷക്കാരന്‍ സീറ്റിലിരുന്നു കാലുകൊണ്ട് ചവിട്ടി പെഡല്‍ കറക്കുമ്പോള്‍ മുന്നിലെ പല്‍ചക്രം കറങ്ങുന്നു. ചെയിന്‍ ചലിക്കുന്നു. അപ്പോള്‍ ആക്സിലും അതിന്റെ രണ്ടറ്റത്തുമുള്ള ചക്രങ്ങളും കറങ്ങുന്നു. അങ്ങനെ സൈക്കിള്‍ റിക്ഷ മുന്നോട്ടുനീങ്ങുന്നു. സൈക്കിളിലെ പോലെ ഇതിനും ഹാന്റിലില്‍ ബെല്‍ ഘടിപ്പിച്ചിട്ടുണ്ട്. ബ്രേക്ക് സംവിധാനം അല്‍പ്പം വ്യത്യസ്തമാണ് മുന്‍സീറ്റ്, അടിയിലെ പെഡല്‍, അതിന്റെ പല്‍ചക്രം എന്നിവ സാധാരണ സൈക്കിളിന്റെ പോലെയാണ്. പിറകില്‍ ഒന്നിന് പകരം രണ്ട് ചക്രങ്ങളും അവയെ തമ്മില്‍ ബന്ധിക്കുന്ന അച്ചുതണ്ടും ഉണ്ട്.

അതിന് മുകളിലെ ലോഹനിര്‍മിതമായ ചട്ടക്കൂടിലാണ് പിന്‍സീറ്റ്. അതില്‍ രണ്ടോ മൂന്നോ ആളുകള്‍ക്ക് ചാരി ഇരിക്കാവുന്നതാണ്. സെന്‍ട്രല്‍ ഫ്രെയിമില്‍ ഹാന്റിലിനു തൊട്ടുപിന്നിലായി ഒരു ബലമുള്ള ലോഹ ദണ്ഡ് കാണാം. ഈ ലിവറിന്റെ മുകളറ്റത്തു പിടിച്ചു വലിക്കുമ്പോള്‍, കീഴറ്റത്ത് ഘടിപ്പിച്ച നേര്‍ത്ത കമ്പികള്‍ വലിഞ്ഞ്, പിറകിലത്തെ ചക്രങ്ങളില്‍ ബ്രേക്ക് മുറുകുന്നു. അവയുടെ കറക്കം നില്‍ക്കുന്നു. വാഹനം നിശ്ചലമാകുന്നു. മുന്‍സീറ്റില്‍ റിക്ഷാവാലയും പിറകിലെ കുഷ്യന്‍സീറ്റില്‍ യാത്രക്കാരുമായി നീങ്ങുന്ന സൈക്കിള്‍ റിക്ഷകള്‍ വടക്കേ ഇന്ത്യയില്‍ പതിവ് ദൃശ്യമാണ്.

റിക്ഷ എന്ന പേരിലുള്ള യഥാര്‍ഥ വാഹനം മറ്റൊന്നാണ്. ഒന്നോ രണ്ടോ മനുഷ്യരെ സീറ്റിലിരുത്തി മറ്റൊരു മനുഷ്യന്‍ വലിച്ചു കൊണ്ടു പോകുന്ന വാഹനം. ഇതിന് ചക്രങ്ങള്‍ രണ്ട് മാത്രം. അവ പിറകിലാണ്. മുന്പില്‍ ചക്രത്തിന് പകരം റിക്ഷ വലിക്കുന്നത് മനുഷ്യനാണ്. പിന്നില്‍ ചക്രങ്ങളെ ബന്ധിക്കുന്ന ആക്‌സിലിന് മുകളിലെ ചട്ടക്കൂടിലാണ് യാത്രക്കാരുടെ ഇരിപ്പിടം. അതിന്റെ ഇരുവശത്തുമായി നീളവും ബലവുമുള്ള രണ്ട് ദണ്ഡുകള്‍ ഘടിപ്പിച്ചിരിക്കുന്നു.

നാലഞ്ച് അടിയോളം നീളമുള്ള ഇവയെ തമ്മില്‍ ബന്ധിക്കുന്ന ഇടബന്ധം മുന്‍ഭാഗത്തുണ്ട്. ബെല്ലും ബ്രേക്കും മറ്റും ഇതിലാണ്. ഈ സംവിധാനങ്ങള്‍ക്കിടയിലാണ് റിക്ഷാവാലയുടെ സ്ഥാനം. നമ്മുടെ രാഷ്ട്രപിതാവ് റിക്ഷയില്‍ സഞ്ചരിക്കുകയില്ലായിരുന്നത്രെ. മനുഷ്യന്‍ മനുഷ്യനെ ചുമന്നു കൊണ്ടു പോകുന്നതിന് തുല്യമായാണ് അദ്ദേഹം ഇതിനെ കണ്ടത്! മേല്‍ പറഞ്ഞ രണ്ടിനം വാഹനങ്ങള്‍ക്കും നിരപ്പുള്ള പാതകളാണ് സൗകര്യം. കയറ്റങ്ങളില്‍ ഇവയുടെ നീക്കം സാവധാനത്തിലായാല്‍ അപ്പോള്‍ നിലക്കും. കയറ്റങ്ങളില്‍ സൈക്കിള്‍ റിക്ഷക്കാര്‍ നിലത്തിറങ്ങി റിക്ഷ തള്ളിക്കയറ്റുന്നതു കണ്ടിട്ടുണ്ട്.അപ്പോഴും യാത്രക്കാര്‍ സീറ്റില്‍ തന്നെയുണ്ടാകും.

കാലം നീങ്ങിയപ്പോള്‍ യന്ത്രവത്കരണം വന്നു. മനുഷ്യപ്രയത്നം പരമാവധി കുറക്കുക എന്നതായി ലക്ഷ്യം. ഓരോ മേഖലക്കും അനുയോജ്യമായ യന്ത്രങ്ങള്‍ കണ്ടുപിടിച്ചു. വാഹനങ്ങളെ ചലിപ്പിക്കാനും മനുഷ്യര്‍ക്ക് പകരം യന്ത്രങ്ങളെത്തി. ഒപ്പം റിക്ഷയിലും വന്നു പരിഷ്‌കരണം. അങ്ങനെയാണ് ഇന്നത്തെ മാതൃകയിലുള്ള ഓട്ടോറിക്ഷകള്‍ നിരത്തിലിറങ്ങിയത്.
പെട്രോളോ ഡീസലോ ഇന്ധനമായി ഉപയോഗിച്ച് നാലും അഞ്ചും യാത്രക്കാരെ വഹിച്ചുകൊണ്ട് അതിവേഗത്തില്‍ ഓടുന്ന ഓട്ടോ റിക്ഷക്ക് വിശദീകരണം ആവശ്യമില്ല. സാധാരണ പൗരന്റെ ആവശ്യങ്ങള്‍ക്ക് ഉതകുന്ന എളുപ്പം ലഭ്യമാകുന്ന ഒരു ജനകീയ വാഹനം. അതിന് മാറ്റങ്ങള്‍ എത്രയോ വരാനിരിക്കുന്നു. തുടക്കം പേരില്‍ തന്നെ സംഭവിച്ചു കഴിഞ്ഞു. നമ്മുടെ നാവിലിപ്പോള്‍ ‘റിക്ഷ’ എന്ന പദമില്ല. ഉള്ളത് ‘ഓട്ടോ’ മാത്രം.!