Connect with us

Ongoing News

ഗുജറാത്തിന് ആവേശ ജയം

മുംബൈയെ ആറ് റൺസിന് തോൽപ്പിച്ചു

Published

|

Last Updated

അഹമ്മദാബാദ് | ആവേശം വിതറിയ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തോൽപ്പിച്ച് ഗുജറാത്ത് ടൈറ്റൻസ് ഐ പി എല്ലിൽ വിജയത്തുടക്കമിട്ടു. ആറ് റൺസിനായിരുന്നു ഗുജറാത്തിന്റെ ജയം. ക്യാപ്റ്റനായുള്ള ആദ്യ മത്സരത്തിൽ തന്നെ വിജയിക്കാൻ ശുഭ്മൻ ഗില്ലിന് കഴിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ആറ് വിക്കറ്റിന് 168 റൺസെടുത്തപ്പോൾ മുംബൈക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 162 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

തുടക്കത്തിൽ തന്നെ ഇഷാൻ കിഷനെ (പൂജ്യം) നഷ്ടമായ മുംബൈക്ക് വേണ്ടി രോഹിത് ശർമയും (29 പന്തിൽ 43) ഡെവാൾഡ് ബ്രെവിസും (38 പന്തിൽ 46) നമൻ ധീറും (10 പന്തിൽ 20) നന്നായി ബാറ്റ് ചെയ്‌തെങ്കിലും മികച്ച ബൗളിംഗിലൂടെ ഗുജറാത്ത് ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
നിർണായക ഘട്ടത്തിൽ തിലക് വർമക്കും (19 പന്തിൽ 25), ടിം ഡേവിഡിനും (പത്ത് പന്തിൽ 11) റൺറേറ്റ് ഉയർത്താൻ കഴിയാത്തത് തിരിച്ചടിയായി.

അവസാന ഓവറിൽ 19 റൺസായിരുന്നു ലക്ഷ്യം. ഉമേഷ് യാദവ് എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ സിക്‌സും രണ്ടാം പന്തിൽ ബൗണ്ടറിയും നേടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീമിന് പ്രതീക്ഷ സമ്മാനിച്ചു. എന്നാൽ, മൂന്നാം പന്തിൽ ഹാർദികിനെ (നാല് പന്തിൽ 11) പുറത്താക്കിയ ഉമേഷ് നാലാം പന്തിൽ പിയൂഷ് ചാവ്്‌ലയെയും (പൂജ്യം) മടക്കി വിജയമുറപ്പാക്കി. ഗുജറാത്തിനായി അസ്്മത്തുല്ല ഉമർസായി, ഉമേഷ് യാദവ്, സ്‌പെൻസർ ജോൺസൺ, മോഹിത് ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

പേസർ ജസ്പ്രീത് ബുംറയുടെ ബൗളിംഗാണ് ഗുജറാത്തിന്റെ ബാറ്റിംഗ് താളം തെറ്റിച്ചത്. നാല് ഓവറിൽ 14 റൺസ് മാത്രം വഴങ്ങി ബുംറ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. 17ാം ഓവറിൽ രണ്ട് വിക്കറ്റുകൾ ബുംറ വീഴ്ത്തിയപ്പോൾ രണ്ട് റൺസാണ് വഴങ്ങിയത്.
ജെറാൾഡ് കോട്ട്‌സീ രണ്ട് വിക്കറ്റും പിയൂഷ് ചൗള ഒരു വിക്കറ്റും നേടി. ഗുജറാത്ത് ഓപണർമാരായ വൃദ്ധിമാൻ സാഹ 19ഉം ക്യാപ്റ്റൻ ശുഭ്മൻ ഗിൽ 31 റൺസുമെടുത്ത് പുറത്തായി. 39 പന്തിൽ 45 റൺസെടുത്ത സായ് സുദർശൻ ഗുജറാത്തിന്റെ ടോപ് സ്‌കോററായി.

Latest