Kerala
മണിയാര്‍ എട്ടാം ബ്ലോക്കില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു
കുടുവയുടെ ഇടത് ചെവിയുടെ താഴെയുളള മുറിവും കാലിനേറ്റക്ഷതവും കാരണം ആഹാരം തേടാനാവാതെയാണ് അവശനിലയിലായതെന്ന് വനപാലകര്‍ പറയുന്നു.
ചിറ്റാര്‍ | റാന്നി ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ മണിയാര്‍-കട്ടച്ചിറ റോഡരികില്‍ എട്ടാം ബ്ലോക്കില്‍ അവശനിലയില്‍ കണ്ടെത്തിയ കടുവ ചത്തു. വ്യാഴാഴ്ച രാവിലെയാണ് റോഡരികില്‍ നാട്ടുകാര്‍ കടുവയെ കണ്ടെത്തിയത് ഒരു വയസ് പ്രായം വരുന്ന കുടുവയുടെ ഇടത് ചെവിയുടെ താഴെയുളള മുറിവും കാലിനേറ്റക്ഷതവും കാരണം ആഹാരം തേടാനാവാതെയാണ് അവശനിലയിലായതെന്ന് വനപാലകര്‍ പറയുന്നു. സ്ഥലത്ത് ആനയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതിനാല്‍ ആനയുമായുളള ആക്രമണത്തിനിടയിലാണ് കടുവയ്ക്ക് പരിക്കേറ്റതെന്ന നിഗമനത്തിലാണ് വനപാലകര്‍. അവശനായ കടുവയെ റാന്നി ആര്‍ ആര്‍ ടി സംഘം കോന്നി വനം വകുപ്പ് വെറ്റിനറി ആശുപത്രിയില്‍ കോണ്ടുപോയെങ്കിലും യാത്ര മധ്യേ കടുവ ചത്തു.
മരണ കാരണം വ്യകതമല്ല. കോന്നി വനം വകുപ്പ് വെറ്റിനറി സര്‍ജന്‍ ഡോ ശ്യാം ചന്ദ്രന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നെങ്കില്‍ മാത്രമേ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ. കോന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ റ്റി അജികുമാര്‍, വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ കെ വി രതീഷ്, ചിറ്റാര്‍ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ റ്റി എസ് അഭിലാഷ്, ആര്‍ ആര്‍ റ്റി ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സി പി പ്രദീപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വനം വകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ വിദഗ്ദ്ധ കമ്മറ്റി രൂപീകരിച്ച് പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷമാണ് ജഡം സംസ്‌കരിച്ചത്. പല്ലില്‍ നിന്നും ഉണ്ടായ മുറിവില്‍ നിന്നും രൂപപ്പെട്ട അണുബാധ ആന്തരിക അവയവങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട് എന്നതാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച പ്രാഥമിക നിഗമനം എന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഈ പ്രദേശത്ത് രണ്ട് വര്‍ഷം മുമ്പും കടുവയുടെ ജഡം കണ്ടെത്തിയിരുന്നു.