Connect with us

Articles

തക്കാളിപ്പെട്ടി ഓഫീസും നൂറ് പേജിന്റെ മിനുട്സ് ബുക്കും

കൊടുംചൂട് വര്‍ഷിക്കുന്ന മീന മാസത്തിലെ പകല്‍. വാമൊഴികളിലെല്ലാം ചൂടാണ് വിഷയം. ഉണങ്ങിയ കവുങ്ങിന്‍ പാള കൊണ്ടുണ്ടാക്കിയ വിശറിയാണ് ചൂടിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം. എ സിയെ കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത ജനത. വൈദ്യുതി തന്നെ ആഡംബരം. വരണ്ടുണങ്ങിയ മണ്ണിനെയും മനുഷ്യനെയും തണുപ്പിക്കാന്‍ മാനത്ത് കാര്‍മേഘം ഉരുണ്ടുകൂടുന്നത് പ്രതീക്ഷയോടെ നോക്കുന്ന കണ്ണുകള്‍. അരനൂറ്റാണ്ട് മുമ്പത്തെ ചൂടുപിടിച്ച ഈ അന്തരീക്ഷത്തില്‍, ഒരു ചരിത്രപ്പിറവിക്ക് ഒരുങ്ങുകയായിരുന്നു ജാമിഅ നൂരിയ്യയിലെ ഹോസ്റ്റല്‍ കെട്ടിടം.

Published

|

Last Updated

കൊടുംചൂട് വര്‍ഷിക്കുന്ന മീന മാസത്തിലെ പകല്‍. വാമൊഴികളിലെല്ലാം ചൂടാണ് വിഷയം. ഉണങ്ങിയ കവുങ്ങിന്‍ പാള കൊണ്ടുണ്ടാക്കിയ വിശറിയാണ് ചൂടിനെ പ്രതിരോധിക്കാനുള്ള ഏക മാര്‍ഗം. എ സിയെ കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത ജനത. വൈദ്യുതി തന്നെ ആഡംബരം. വരണ്ടുണങ്ങിയ മണ്ണിനെയും മനുഷ്യനെയും തണുപ്പിക്കാന്‍ മാനത്ത് കാര്‍മേഘം ഉരുണ്ടുകൂടുന്നത് പ്രതീക്ഷയോടെ നോക്കുന്ന കണ്ണുകള്‍. അരനൂറ്റാണ്ട് മുമ്പത്തെ ചൂടുപിടിച്ച ഈ അന്തരീക്ഷത്തില്‍, ഒരു ചരിത്രപ്പിറവിക്ക് ഒരുങ്ങുകയായിരുന്നു ജാമിഅ നൂരിയ്യയിലെ ഹോസ്റ്റല്‍ കെട്ടിടം. ജാമിഅയിലെ വിദ്യാര്‍ഥികള്‍ മാത്രമല്ല, കേരളത്തിലങ്ങോളമുള്ള വിദ്യാര്‍ഥി പ്രതിനിധികളും പങ്കെടുക്കുന്നുണ്ട് ഈ യോഗത്തില്‍. കോളജിന്റെ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കൂടിയാണ് വിദ്യാര്‍ഥി കണ്‍വെന്‍ഷന്‍. എന്തുകൊണ്ടും ഒരു ഉത്സവ പ്രതീതിയിലാണ് ക്യാമ്പസ്.

സുന്നി വിദ്യാര്‍ഥി പ്രസ്ഥാനം പുലരാന്‍ അത്യധികം ആഗ്രഹിച്ച് അതിനായി ഇടപെടലുകളും ചര്‍ച്ചകളും നടത്തി ആ അനിവാര്യതയിലേക്ക് പൊതുബോധത്തെ എത്തിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ച നിരവധി പേരാണ് 1973 ഏപ്രില്‍ 29ന് രാവിലെ തന്നെ ജാമിഅയിലേക്ക് എത്തിയിരുന്നത്. കേരളത്തിലെ വിവിധ പൊതു കോളജുകളില്‍ പഠിക്കുന്നവരായിരുന്നു അവരിലധികവും. ദിവസങ്ങള്‍ക്ക് മുമ്പ് ക്ഷണക്കത്ത് ലഭിച്ചപ്പോള്‍ തന്നെ 29ാം തീയതിയാകാന്‍ പൂതിവെച്ചിരിക്കുകയായിരുന്നു അവര്‍. വര്‍ഷങ്ങളുടെ കാത്തിരിപ്പാണ് പുലരാന്‍ പോകുന്നത്. തൊപ്പിയും തലപ്പാവുമണിഞ്ഞ മതവിദ്യാര്‍ഥികളും തൊപ്പിയും പാന്റ്സും ധരിച്ചെത്തിയ വിദ്യാര്‍ഥികളും ഒരേ വേദിയില്‍ ഒരുമിച്ചെത്തി. സുന്നി പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം പുതുയുഗപ്പിറവിക്ക് ആ സംഗമം നാന്ദി കുറിക്കുകയായിരുന്നു. യോഗത്തില്‍ പങ്കുചേരാന്‍ നിരവധി പേര്‍ക്ക് നൂറുല്‍ ഉലമ അയച്ച ക്ഷണക്കത്ത് അര നൂറ്റാണ്ടിന് ശേഷം ഇപ്പോഴൊന്ന് വായിക്കുന്നത് കൗതുകം ജനിപ്പിക്കും: “കേരളത്തിലെ സുന്നി വിദ്യാര്‍ഥികള്‍ക്ക് ഒരു സംഘടന രൂപവത്കരിക്കുന്നതിനായി ജാമിഅ നൂരിയ്യയുടെ വാര്‍ഷിക യോഗദിനം ഏപ്രില്‍ 29ന് 11 മണിക്ക് (പകല്‍) ഒരു വിദ്യാര്‍ഥി കണ്‍വെന്‍ഷന്‍ തീരുമാനിച്ച വിവരം അറിയിക്കുന്നതോടൊപ്പം പരിപാടിയില്‍ ആദ്യന്തം പങ്കെടുത്ത് വിജയിപ്പിച്ചു തരുവാന്‍ താങ്കളെ ക്ഷണിക്കുന്നു. നിങ്ങളുടെ അറിവിലും പരിചയത്തിലും പെട്ട എല്ലാ വിദ്യാര്‍ഥി സുഹൃത്തുക്കളെയും കണ്‍വെന്‍ഷനില്‍ പങ്കെടുപ്പിക്കാന്‍ ശ്രമിക്കുമല്ലോ? എം എ അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കുന്നതും എ വി എ ഫൈസി (വടകര) ചര്‍ച്ചാവതാരകനുമായിരിക്കും’.

ഒടുവില്‍ വൈകുന്നരം അഞ്ച് മണിയോടെ വിദ്യാര്‍ഥി കണ്‍വെന്‍ഷന്‍ ആരംഭിച്ചു. ജാമിഅ വിദ്യാര്‍ഥിയായ പി എം എസ് ഹൈദരലി ശിഹാബ് തങ്ങള്‍ പാണക്കാട് ആയിരുന്നു അധ്യക്ഷന്‍. തങ്ങള്‍ പതിഞ്ഞ ശബ്ദത്തില്‍ എന്നാല്‍ ഗൗരവം ഒട്ടുംചോരാതെ സംഘടനയുടെ അനിവാര്യതയെയും ലക്ഷ്യങ്ങളെയും പ്രവര്‍ത്തന രീതികളെയും സംബന്ധിച്ച് ഹ്രസ്വമായ ആമുഖ ഭാഷണം നടത്തി. സുന്നി വിദ്യാര്‍ഥി സംഘടന ഇതര സംഘടനകളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെടുന്നുവെന്ന് വരച്ചുകാണിക്കുന്നതായിരുന്നു ആ വാക്കുകള്‍. തുടര്‍ന്ന് കണ്‍വെന്‍ഷനില്‍ പങ്കെടുത്തവര്‍ക്ക് അഭിപ്രായവും നിലപാടും നിര്‍ദേശവും പങ്കുവെക്കാനുള്ള അവസരമായിരുന്നു. നിരവധി പ്രതിനിധികള്‍ കനപ്പെട്ട അഭിപ്രായങ്ങള്‍ മുന്നോട്ടുവെച്ചു. തുടര്‍ന്ന് പ്രഥമ സംസ്ഥാന കമ്മിറ്റി നിലവില്‍ വന്നു. ഭാരവാഹികളായി പി എം എസ് ഹൈദരലി ശിഹാബ് തങ്ങള്‍ (പ്രസിഡന്റ് ), കെ പി അസ്ഹര്‍ കില്‍താന്‍ ദ്വീപ്, യു അബ്ദുര്‍റഹ്‌മാന്‍ ഫറോഖ് കോളജ് (വൈ.പ്രസി.), ബഹാഉദ്ദീന്‍ കൂരിയാട് (ജന. സെക്രട്ടറി), എ കെ ഇസ്മാഈല്‍ വഫ, വി കെ മുഹമ്മദ്കുട്ടി, പി അബ്ദുല്‍ ഖാദിര്‍ മുഴപ്പാല (ജോ. സെക്ര.), പി അബ്ദുര്‍റഹ്‌മാന്‍ കടവത്തൂര്‍ (ട്രഷറര്‍) എന്നിവരെയും കെ അഹമ്മദ് കടലൂര്‍, എം മുഹ്‌യുദ്ദീന്‍കുട്ടി, കെ അബ്ദുര്‍റഹ്‌മാന്‍ കാവനൂര്‍, കെ കുഞ്ഞബ്ദുല്ല കടമേരി, കെ അലവിക്കുട്ടി, ടി കെ മുഹ്‌യുദ്ദീന്‍ കല്‍ത്തറ, ഇ മൊയ്തീന്‍ ഇരിങ്ങാട്ടിരി, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, എ എം അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു. നോക്കൂ, ലക്ഷദ്വീപിന് വരെ സംസ്ഥാന സമിതിയില്‍ പ്രാതിനിധ്യമുണ്ടായിരുന്നു. ഇന്ന് ദ്വീപിലെ ജനവാസമുള്ള തുരുത്തുകളിലെല്ലാം പ്രസ്ഥാനം സജീവമാണല്ലോ. ജൂണ്‍ 15നകം ഭരണഘടനാ കരട് അവതരിപ്പിക്കുന്നതിനായി കോണ്‍സ്റ്റിറ്റ്യുന്റ് അസംബ്ലി രൂപവത്കരിച്ചു. ഒരു രൂപക്ക് അംഗീകൃത ഫോറത്തില്‍ അപേക്ഷ നല്‍കുന്ന ശാഖകള്‍ക്ക് അംഗീകാരം നല്‍കാനും തീരുമാനമെടുത്തു.

സംഘടനയുടെ രീതിശാസ്ത്രം വ്യക്തമാക്കുന്ന രണ്ട് പ്രമേയങ്ങള്‍ യോഗം പാസ്സാക്കി. വിദ്യാര്‍ഥികളില്‍ ധാര്‍മിക ചിന്തയും പഠനോത്സുകതയും വളര്‍ത്തണമെന്നും, വഖ്ഫ് സ്വത്തുക്കളെ ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടുന്നതുമായിരുന്നു ആ പ്രമേയങ്ങള്‍. സ്വന്തമായി ആസ്ഥാനമില്ലാതിരുന്നതിനാല്‍ ഓഫീസ് ഫൈസാബാദില്‍ തന്നെ തുടരാന്‍ യോഗം തീരുമാനമെടുത്തു. അന്ന് അവിടെ വിദ്യാര്‍ഥിയായിരുന്ന വണ്ടൂര്‍ അബ്ദുര്‍റഹ്‌മാന്‍ (ഫൈസി) സംഘടനയുടെ ആദ്യ സംസ്ഥാന അസ്സിസ്റ്റന്റ് സെക്രട്ടറിയായി നോമിനേറ്റ് ചെയ്യപ്പെട്ടു. ഇസ്മാഈല്‍ വഫ തയ്യാറാക്കി ജാമിഅയിലേക്ക് അയക്കുന്ന സര്‍ക്കുലര്‍ എല്ലാ ജില്ലാ സെക്രട്ടറിമാര്‍ക്കും അയക്കേണ്ടത് വണ്ടൂരിന്റെ ചുമതലയായിരുന്നു. ജാമിഅയിലെ ഒരു മൂലയില്‍ സ്ഥാപിച്ച തക്കാളിപ്പെട്ടി സംസ്ഥാന ഓഫീസും നൂറ് പേജുള്ള ഒരു നോട്ട് ബുക്ക് മിനുട്സുമായാണ് പ്രസ്ഥാനം ആരംഭിച്ചത്. ഇന്നത്തെ ഭൂഖണ്ഡങ്ങള്‍ പിന്നിട്ട പ്രസ്ഥാന സാന്നിധ്യവും വൈപുല്യവും സൗകര്യങ്ങളുമായി തട്ടിച്ചുനോക്കുമ്പോള്‍ അതില്‍ അത്ഭുതം കൂറാതെ തരമില്ല.

Latest