Connect with us

maharashtra crisis

ഏക്‌നാഥ് ഷിന്‍ഡെക്ക് പിന്തുണ അറിയിച്ച് 34 എം എല്‍ എമാര്‍ ഗവര്‍ണര്‍ക്ക് കത്തയച്ചു; ശിവസേന പിളർപ്പിലേക്ക്

മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് വൈകിട്ട് അഞ്ചിന് വിളിച്ച എം എല്‍ എമാരുടെ യോഗം അസാധുവാണെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തു.

Published

|

Last Updated

മുംബൈ/ ഗുവാഹത്തി | ശിവസേന വിമത നേതാവ് ഏക്‌നാഥ് ഷിന്‍ഡെക്ക് പിന്തുണ പ്രഖ്യാപിച്ച് 34 എം എല്‍ എമാര്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കി. അതിനിടെ, മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഇന്ന് വൈകിട്ട് അഞ്ചിന് വിളിച്ച എം എല്‍ എമാരുടെ യോഗം അസാധുവാണെന്ന് ഷിന്‍ഡെ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെയാണ് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്. ഇതോടെ ശിവസേനയിൽ പിളർപ്പ് ആസന്നമായി.

മഹാരാഷ്ട്ര ഭരിക്കുന്ന സഖ്യത്തിലെ പ്രധാനിയായ എന്‍ സി പി, എത്രയും വേഗം മുംബൈയിലെത്താന്‍ എം എല്‍ എമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2019ല്‍ ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തതാണെന്നും അത് തുടരുമെന്നും വിമത എം എല്‍ എമാരുടെ കത്തില്‍ പറയുന്നു. ഭരത് ഗോഗാവ്‌ലെയെയാണ് ചീഫ് വിപ്പായി തങ്ങള്‍ തിരഞ്ഞെടുത്തതെന്നും ശിവസേനക്കാര്‍ തന്നെയാണ് തങ്ങളെന്നും കത്തില്‍ പറയുന്നു.

മഹാരാഷ്ട്ര ബി ജെ പി മേധാവി ചന്ദ്രകാന്ത് പാട്ടീല്‍ നാല് എം എല്‍ എമാരുമായി ചാര്‍ട്ടേഡ് വിമാനത്തില്‍ ഗുവാഹത്തിയിലേക്ക് പുറപ്പെട്ടു. സൂറത്തില്‍ നിന്നാണ് പുറപ്പെട്ടത്. ഇന്ന് അഞ്ച് മണിക്ക് മുംബൈയിലെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാനാണ് എം എല്‍ എമാര്‍ക്ക് ശിവസേന അന്ത്യശാസനം നല്‍കിയത്. മന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ ചില എം എല്‍ എമാര്‍ വിമത നീക്കം നടത്തി അസമില്‍ തങ്ങുന്നതിനിടെയാണ് അന്ത്യശാസനം.

Latest