Kerala
അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു യുവതി.
പാലക്കാട് | പാലക്കാട് അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ ആദിവാസി യുവതി മരിച്ചു. കൊല്ലംകടവ് ഊരിലെ വള്ളി എന്ന ഇരുപത്തിയാറുകാരിയാണ് മരിച്ചത്. അരിവാള്‍ രോഗത്തെത്തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു വള്ളി.
വ്യാഴാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ യുവതിക്ക് കടുത്ത കാലുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോട്ടത്തറ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചതോടെ വെള്ളിയാഴ്ച രാവിലെ വള്ളി മരണത്തിന് കീഴടങ്ങി.
വളഞ്ചേരിയിലെ ഒരു ആശുപത്രിയില്‍ ലാബ് ടെക്നിഷ്യനായി ജോലി ചെയ്തുവരികയായിരുന്നു വള്ളി.
ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താല്‍ സംഭവിക്കുന്ന രോഗമാണ് അരിവാള്‍ രോഗം.ഗുരുതരമായ ഈ രോഗാവസ്ഥ നാല് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ കണ്ടുവരുന്നുണ്ടെന്നാണ് യുഎന്നിന്റെ കണക്കുകള്‍. കേരളത്തില്‍ പ്രധാനമായും വയനാട്ടിലും അട്ടപ്പാടിയിലുമാണ് ഈ രോഗം കണ്ടുവരുന്നത്.