Editors Pick
മലമുകളിലൂടെ കൂകി വിളിച്ചൊരു യാത്ര; ഇന്ത്യയിലെ ഏറ്റവും മനോഹരമായ റെയിൽവേ റൂട്ടുകൾ പരിചയപ്പെടാം...
വനങ്ങളിലൂടെയും പർവതങ്ങളിലൂടെയും നദികളിലൂടെയും താഴ്‌വരകളിലൂടെയും കടന്നുപോകുന്ന അവിശ്വസനീയമാംവിധം സൗന്ദര്യവും ഹരിതാഭവുമായ ചില റെയിൽവേ റൂട്ടുകൾ ഇന്ത്യയിലുണ്ട്.
ഇന്ത്യയുടെ ഭൂപ്രകൃതി മനോഹരമാണ്. കാടും കടലും കായലും പവർവതങ്ങളും നമ്മുടെ രാജ്യത്തെ സുന്ദരിയാക്കുന്നു. ഇതെല്ലാം യാത്രകളിലൂടെ നാം ആസ്വദിക്കാറുണ്ട്. വനങ്ങളിലൂടെയും പർവതങ്ങളിലൂടെയും നദികളിലൂടെയും താഴ്‌വരകളിലൂടെയും കടന്നുപോകുന്ന അവിശ്വസനീയമാംവിധം സൗന്ദര്യവും ഹരിതാഭവുമായ ചില റെയിൽവേ റൂട്ടുകൾ ഇന്ത്യയിലുണ്ട്. ഇവ യാത്രാസൗകര്യം മാത്രമല്ല, രാജ്യത്തിൻ്റെ പ്രകൃതിസൗന്ദര്യത്തിൻ്റെ സമാനതകളില്ലാത്ത അനുഭവവും നൽകുന്നു. ഇന്ത്യയിലെ ഏറ്റവും ഹരിതാഭമായ ചില റെയിൽവേ റൂട്ടുകൾ ഇതാ…
സക്ലേഷ്പൂർ-സുബ്രഹ്മണ്യ റെയിൽ റൂട്ട്
കർണാടകയിലാണ് ഈ 52 കിലോമീറ്റർ പാത. നിബിഡ വനങ്ങളിലൂടെയും വെള്ളച്ചാട്ടങ്ങളിലൂടെയും കടന്നുപോകുന്ന പാതയിൽ 57 തുരങ്കങ്ങളും 109 പാലങ്ങളുമുണ്ട്. അതിമനോഹരമായ പ്രകൃതിദൃശ്യങ്ങൾക്ക് പേരുകേട്ട പാത വർഷവും നിരവധി സഞ്ചാരികൾ എത്തുന്ന റെയിൽവേ റൂട്ടാണ്.
നെരൽ-മാതേരൻ ടോയ് ട്രെയിൻ
മഹാരാഷ്ട്രയിലെ പശ്ചിമഘട്ടത്തിൻ്റെ സൗന്ദര്യം പങ്കുവയ്‌ക്കുന്നതാണ് ഈ പാത. ചെറിയ ഗേജ് റെയിൽവേ പാത കുന്നുകൾ, താഴ്വരകൾ, മനോഹരമായ ഗ്രാമങ്ങൾ എന്നിവയിലൂടെയാണ് കടന്നുപോകുന്നത്.
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ ലോകപ്രശസ്‌തമാണ്. പശ്ചിമ ബംഗാളിലെ തേയിലത്തോട്ടങ്ങൾ, മരതക പച്ച താഴ്‌വരകൾ, മഞ്ഞുമൂടിയ കൊടുമുടികൾ എന്നിവയിലൂടെയാണ് പാത കടന്നുപോകുന്നത്.
കൽക്ക-ഷിംല റെയിൽവേ
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽപെട്ട മറ്റൊരു പാതയാണിത്. പ്രകൃതിരമണീയമായ ഹിമാലയത്തിൻ്റെ ഭംഗി ആസ്വദിച്ച് ഇതിലൂടെ പോകാം. പൈൻ മരങ്ങളാൽ മൂടപ്പെട്ട കുന്നുകളുടെയും ആകർഷകമായ ഗ്രാമങ്ങളുടെയും വിചിത്രമായ ഹിൽ സ്റ്റേഷനുകളുടെയും മനോഹരമായ കാഴ്ചകൾ പാത നൽകുന്നു.
നീലഗിരി മൗണ്ടൻ റെയിൽവേ
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച മറ്റൊരു പാത. തമിഴ്‌നാട്ടിലെ ഏറ്റവും ഉയരംകൂടിയ പ്രദേശത്തെ പാത ബ്രിട്ടീഷുകാർ നിർമിച്ചതാണ്. തേയിലത്തോട്ടങ്ങൾ, കോടമഞ്ഞ് മൂടിയ കുന്നുകൾ, ഊട്ടി, കൂനൂർ തുടങ്ങിയ ആകർഷകമായ ഹിൽ സ്റ്റേഷനുകളിലൂടെയണ് പാത കടന്നുപോകുന്നത്.
കൊങ്കൺ റെയിൽവേ
പശ്ചിമഘട്ടം മുറിച്ചുകടന്ന് അറബിക്കടൽ തീരത്തെ പുൽകിക്കൊണ്ട് കടന്നുപോകുന്ന ഇന്ത്യയിലെ ഏറ്റവും മനോഹരമായ റൂട്ടുകളിലൊന്നാണ് കൊങ്കൺ റെയിൽവേ. നിരവധി തുരങ്കങ്ങളും പാലങ്ങളും കടന്നുപോകുന്ന പാത ഒരു എൻജിനിയറിങ് വിസ്‌മയം കൂടിയാണ്. മഴക്കാടുകൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ, തുരങ്കങ്ങൾ എന്നിവ പാതയിൽ ഉടനീളമുണ്ട്.
കാൻഗ്ര വാലി റെയിൽവേ
പഞ്ചാബിലെ പത്താൻകോട്ടിൽ നിന്ന് ഹിമാചൽ പ്രദേശിലെ ജോഗീന്ദർ നഗറിലേക്ക് പോകുന്ന നാരോ ഗേജ് റെയിൽപ്പാതയാണ് കാൻഗ്ര വാലി റെയിൽവേ. സമൃദ്ധമായ താഴ്വരകൾ, പൈൻ വനങ്ങൾ, മനോഹരമായ വയലുകൾ എന്നിവയിലൂടെയാണ് പാത കടന്നുപോകുന്നത്. മഞ്ഞുമൂടിയ ദൗലാധർ മലനിരകൾ യാത്രയുടെ ഭംഗി കൂട്ടുന്നു.
മേട്ടുപ്പാളയം-ഊട്ടി റെയിൽവേ
നീലഗിരി റെയിൽപ്പാതയുടെ ഭാഗമാണിത്. പഴയ എൻജിൻ ഇപ്പോഴും ഉപയോഗിച്ച ചുരുക്കം സ്ഥലങ്ങളിൽ ഒന്ന്. ബ്രിട്ടീഷുകാരാണ് ഇത് നിർമിച്ചത്. തേയിലത്തോട്ടങ്ങൾ, ഇടതൂർന്ന വനങ്ങൾ, മനോഹരമായ താഴ്‌വരകൾ എന്നിവയുള്ള നീലഗിരി പർവതനിരകളുടെ മനോഹരമായ കാഴ്ച ഈ പാത സമ്മാനിക്കുന്നു.
ഡോർസ് റെയിൽവേ
കിഴക്കൻ ഹിമാലയത്തിൻ്റെ താഴ്‌വരയിലുള്ള ഈ പാത ഡോർസ് മേഖലയിലെ ഇടതൂർന്ന വനങ്ങളിലൂടെ കടന്നുപോകുന്നു. തേയിലത്തോട്ടങ്ങളിലൂടെയും നദികളിലൂടെയും ട്രെയിൻ നീങ്ങുമ്പോൾ ആന, കാണ്ടാമൃഗങ്ങൾ തുടങ്ങിയ വന്യമൃഗങ്ങൾ നിത്യകാഴ്‌ചയാണ്.