Kerala
പൂവച്ചലില്‍ പത്ത് വയസുകാരന്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ വഴിത്തിരിവ്; നരഹത്യാ സാധ്യതയെന്ന് പോലീസ്
മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നരഹത്യാ സാധ്യത പോലീസിന് മനസിലായത്
തിരുവനന്തപുരം | പൂവച്ചലില്‍ 10 വയസുകാരന്‍ വാഹനാപകടത്തില്‍ മരിച്ചെന്ന് കരുതുതിയ സംഭവത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ നരഹത്യാ സാധ്യത കണ്ടെത്തിയപോലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി. പൂവച്ചല്‍ സ്വദേശിയായ ആദിശേഖരന്‍ മരിച്ച സംഭവത്തിലാണ്
അകന്ന ബന്ധുവായ പ്രിയരഞ്ജന്‍ എന്ന യുവാവിനായി പോലീസ് തെരച്ചില്‍ തുടരുകയാണ്.
ഓഗസ്റ്റ് 31-ന് പുളിങ്കോട് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ആദിശേഖരന്‍ വാഹനമിടിച്ച് മരിച്ചത്. സാധാരണ വാഹനാപകടം എന്ന നിഗമനത്തിലായിരുന്നു പോലീസും ആദിശേഖരന്റെ കുടുംബാംഗങ്ങളും എന്നതിനാല്‍ വിശദമായ അന്വേഷണം നടന്നിരുന്നില്ല.
അപകടത്തിന് പിന്നാലെ പ്രിയരഞ്ജന്റെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പ്രിയരഞ്ജന്‍ ഒളിവില്‍ പോയതിനാല്‍ ഇയാളുടെ ഭാര്യയാണ് കാറിന്റെ താക്കോല്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
സംഭവത്തെപ്പറ്റി വിശദമായി അന്വേഷിക്കുന്നതിനായി മേഖലയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് നരഹത്യാ സാധ്യത പോലീസിന് മനസിലായത്. സൈക്കിളില്‍ സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന കുട്ടിയെ, സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ മനഃപൂര്‍വം ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കളെ വിശദമായി ചോദ്യംചെയ്തപ്പോള്‍, ക്ഷേത്ര മതിലിന് സമീപം പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചത് കുട്ടി ചോദ്യംചെയ്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടായിരുന്നുവെന്നും അറിഞ്ഞു.
ഇതിന് പിന്നാലെ നടന്ന അന്വേഷണത്തില്‍, അപകടം നടന്ന ദിവസവും ക്ഷേത്ര മതിലിന് സമീപം മൂത്രമൊഴിച്ച ശേഷമാണ് ഇയാള്‍ വാഹനത്തില്‍ കുട്ടിയുടെ അടുത്തേക്ക് എത്തിയതെന്ന് തെളിഞ്ഞു.
പ്രതിക്കായി തിരച്ചില്‍ തുടരുകയാണെന്നും ഇയാളെ ചോദ്യംചെയ്തിന് ശേഷമെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുവെന്നും പോലീസ് പറഞ്ഞു