National
കര്‍ണാടകയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു
കുഞ്ഞിനെ പുറത്തെടുക്കാനായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബെംഗളുരു| കര്‍ണാടകയില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ രണ്ടുവയസുകാരന്‍ കുഴല്‍ക്കിണറില്‍ വീണു. വിജയപുരി ജില്ലയിലെ ലച്യാന ഗ്രാമത്തില്‍ ബുധനാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. സ്വാതിക് എന്ന രണ്ടു വയസുകാരനാണ് മൂടിയിട്ടില്ലാത്ത കുഴല്‍ക്കിണറിലേക്ക് വീണത്. 15 അടി താഴ്ചയിലേക്കാണ് കുട്ടി വീണത്. കുഞ്ഞിനെ പുറത്തെടുക്കാനായി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. കൃഷി ആവശ്യത്തിനായി കുട്ടിയുടെ പിതാവ് സതീഷ് മുജഗോന്ദ് നിര്‍മിച്ചതാണ് ഈ കുഴല്‍ക്കിണര്‍.
ബുധനാഴ്ച വൈകീട്ട് ആറരയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പോലീസ്, അഗ്‌നിശമനസേന, താലൂക്ക്, പഞ്ചായത്ത് അംഗങ്ങള്‍, അത്യാഹിത വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കുഴല്‍ക്കിണറിന് അടുത്ത് സമാന്തരമായി കുഴി ഉണ്ടാക്കി കുട്ടിയെ പുറത്തെത്തിക്കാനാണ് പോലീസ് ശ്രമിക്കുന്നത്. കുട്ടിയ്ക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിനായുള്ള എല്ലാ സജ്ജീകരണങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും കുട്ടിയെ രക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ വിജയപുര ജില്ല ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയതായും കുട്ടി പെട്ടെന്നുതന്നെ മാതാപിതാക്കളുടെ അടുത്തെത്താന്‍ പ്രാര്‍ഥിക്കുന്നുവെന്നും കര്‍ണാടക മന്ത്രി എം.ബി. പാട്ടീല്‍ സാമൂഹിക മാധ്യമമായ എക്‌സ് പ്ലാറ്റ്‌ഫോമില്‍ വ്യക്തമാക്കി.