Connect with us

acs beeran musliyar

അതുല്യ കര്‍മയോഗി

മദ്‌റസകള്‍, ദര്‍സുകള്‍ എന്നിവക്ക് പുറമെ എസ് വൈ എസിന്റെ പ്രചാരണത്തിലും രൂപവത്കരണത്തിലും അദ്ദേഹത്തിന്റെ ത്യാഗ സേവനങ്ങള്‍ നിസ്തുലമാണ്.

Published

|

Last Updated

സി എസ് ബീരാന്‍ മുസ്‌ലിയാര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന ഒരു ചിത്രമുണ്ട്. തുര്‍ക്കിത്തൊപ്പിയും ഓവര്‍കോട്ടും കൈയില്‍ ഒരു തുകല്‍ ബാഗും നീളന്‍ കാലന്‍ ശീലക്കുടയും പിടിച്ച പൊക്കമില്ലാത്ത ശരീരം. മുഖകമലത്തിന് കാന്തികൂട്ടുന്ന വട്ടത്താടി. ഈ ആകാര രൂപങ്ങള്‍ക്ക് പുറമെ ഉള്ളില്‍ തെളിയുന്ന മറ്റൊരു ചിത്രവുമുണ്ട്. വിനയത്തിന്റെ, ത്യാഗത്തിന്റെ, സമര്‍പ്പണത്തിന്റെ ആള്‍രൂപം. അതെല്ലാമായിരുന്നു മര്‍ഹൂം എ സി എസ് ബീരാന്‍ മുസ്‌ലിയാര്‍. ഗതാഗത വാര്‍ത്താ വിനിമയ സൗകര്യം തീരെ കുറഞ്ഞ കാലത്തായിരുന്നു മഹാനവര്‍കളുടെ സേവനം. സമസ്ത മുബല്ലിഗായി ദീര്‍ഘകാലം സേവനം ചെയ്തു. കാല്‍നടയായിട്ടായിരുന്നു ഒരു കുഗ്രാമത്തില്‍ നിന്ന് അടുത്ത കുഗ്രാമത്തിലേക്കുള്ള യാത്ര. പള്ളികള്‍ കേന്ദ്രീകരിച്ചായിരുന്നു വിശ്രമം. മദ്‌റസകള്‍ സ്ഥാപിക്കുകയും സ്ഥാപിച്ചവ നിലനിര്‍ത്തുകയും ചെയ്യുന്നതിന് ഉലമാക്കളെയും ഉമറാക്കളെയും തിരഞ്ഞുപിടിച്ച് ഉത്സുകരാക്കി.

ആരോടും പരിഭവമില്ലായിരുന്നു മഹാനവര്‍കള്‍ക്ക്. സ്വീകരിക്കുന്നവരോടും തിരസ്‌കരിക്കുന്നവരോടും സൗമ്യമായ പെരുമാറ്റം. അദ്ദേഹത്തിന്റെ വേഷം വിസ്മയാവഹവും പെരുമാറ്റം മാതൃകാപരവുമായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ പ്രചാരണത്തില്‍ കാല്‍നട യാത്രയിലൂടെ എ സി എസ് ബീരാന്‍ മുസ്‌ലിയാര്‍ സ്ഥാപിച്ച റെക്കോര്‍ഡ് ആര്‍ക്കും തകര്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. മദ്‌റസകള്‍, ദര്‍സുകള്‍ എന്നിവക്ക് പുറമെ എസ് വൈ എസിന്റെ പ്രചാരണത്തിലും രൂപവത്കരണത്തിലും അദ്ദേഹത്തിന്റെ ത്യാഗ സേവനങ്ങള്‍ നിസ്തുലമാണ്.

എ സി എസ് ബീരാന്‍ മുസ്‌ലിയാര്‍ സ്വാതന്ത്ര്യ സമര പെന്‍ഷന് അര്‍ഹതയുള്ളവരായിരുന്നു. ക്വിറ്റ് ഇന്ത്യാ സമര കാലത്ത് വൈദേശികാധിപത്യത്തിനെതിരെ തന്റെ ജന്മദേശമായ പാങ്ങില്‍ നടന്നിരുന്ന ജാഥകളില്‍ അദ്ദേഹവും കുട്ടിക്കാലത്ത് പങ്കാളിയായിരുന്നു. പക്ഷേ, പെന്‍ഷന് വേണ്ടി മഹാനവര്‍കള്‍ ഒരു ശ്രമവും നടത്തിയിരുന്നില്ല. എസ് വൈ എസിന്റെ കീഴില്‍ നടത്തിയ വര്‍ഗീയവിരുദ്ധ ക്യാമ്പയിനിന്റെ സമാപനം തിരുവനന്തപുരത്തായിരുന്നു. അത് കഴിഞ്ഞുള്ള മടക്കയാത്രയില്‍ ഞങ്ങളോട് നേരില്‍ പങ്കുവെച്ചതാണ് സ്വാതന്ത്ര്യ സമരകാല അനുഭവങ്ങള്‍. സംഘത്തില്‍ വി പി എം ഫൈസി വില്യാപ്പള്ളി അടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു.
സുന്നി പ്രസ്ഥാനം വലിയ ബഹുമാനം നല്‍കിയ നേതാവായിരുന്നു മഹാനവര്‍കള്‍. പ്രസ്ഥാനത്തിന്റെ എല്ലാ മുന്നേറ്റ വഴിയിലും അദ്ദേഹമുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളാല്‍ വീട്ടില്‍ വിശ്രമിക്കുന്ന വേളയില്‍ മലപ്പുറത്ത് നടന്ന എസ് വൈ എസ് നാല്‍പ്പതാം വാര്‍ഷികത്തിന് കോട്ടപ്പടിയിലെ ഹസന്‍ മുസ്‌ലിയാര്‍ നഗരിയിലെ വേദിയിലേക്ക് കസേരയിലിരുത്തി മഹാനവര്‍കളെ കൊണ്ടുപോകുന്ന കാഴ്ച അദ്ദേഹത്തിന് പ്രസ്ഥാനം കല്‍പ്പിച്ച ആദരവിന്റെ മായാത്ത മുദ്രകളില്‍ ഒന്നാണ്. ഒപ്പം അദ്ദേഹത്തിന്റെ അടങ്ങാത്ത ആവേശത്തിന്റെ നേര്‍ചിത്രവും.

കാലമെത്ര കഴിഞ്ഞാലും മായാത്ത ഓര്‍മകള്‍ ഒരുപാട് സമ്മാനിച്ചാണ് മഹാനവര്‍കള്‍ കടന്നുപോയത്. നാട്ടില്‍ നിരവധി മദ്‌റസകളും ദീനീ സ്ഥാപനങ്ങളും അദ്ദേഹത്തിന്റെ സ്മാരകങ്ങളായി നിലകൊള്ളുന്നു. കര്‍മ മണ്ഡലത്തിലെ അതുല്യ കര്‍മയോഗിയായിരുന്നു അദ്ദേഹം. കര്‍മസാക്ഷ്യം കൊണ്ട് നിത്യസ്മരണീയരാണവിടുന്ന്. സമര്‍പ്പിത സംഘാടനത്തിന്റെയും ത്യാഗത്തിന്റെയും പാതയില്‍ മഹാനവര്‍കളെ പിന്തുടരാന്‍ നാഥന്‍ നമുക്കും ഭാഗ്യം നല്‍കട്ടെ. മഹാനവര്‍കളുടെ ദറജ അല്ലാഹു ഉയര്‍ത്തട്ടെ.