Connect with us

interview

കെട്ടുറപ്പുള്ള നാട്, ഐക്യമുള്ള മനുഷ്യര്‍

ഉത്തര്‍ പ്രദേശ് സര്‍ക്കാറിന്റെ ഭരണകൂട ഭീകരതയുടെ ഇര ഡോ. കഫീല്‍ ഖാനുമായി സിറാജ് ലൈവ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് സയ്യിദ് അലി ശിഹാബ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ മേഖലയില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഡോ. കഫീല്‍ ഖാൻ.

Published

|

Last Updated

? വയനാട്ടിലെ ദുരന്ത ഭൂമി സന്ദര്‍ശിച്ച ശേഷമാണ് താങ്കള്‍ ഇവിടെ എത്തുന്നത്. ഒരു പേടിസ്വപ്‌നം പോലെ ഞങ്ങള്‍ മറക്കാന്‍ ശ്രമിക്കുന്ന രാത്രിയാണത്. 400ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. നിരവധി പേരെ കാണാതായി. മൂന്ന് ഗ്രാമപ്രദേശങ്ങള്‍ പൂര്‍ണമായും ഒലിച്ചുപോയി. അവിടെ ചെന്നപ്പോള്‍ താങ്കളുടെ അനുഭവം എന്തായിരുന്നു.

ജീവിതത്തില്‍ ഇതുപോലൊരു ദുരന്തം ഞാന്‍ മുമ്പ് കണ്ടിട്ടില്ല. 2021 ഏപ്രിലില്‍, കൊവിഡ് രണ്ടാം തരംഗത്തിന് സാക്ഷ്യം വഹിച്ചതായിരുന്നു ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ദുരന്തം. എന്നാല്‍ വയനാട്ടില്‍ കണ്ടത് അതിലും മോശമായ സാഹചര്യമായിരുന്നു. പകര്‍ച്ചവ്യാധിയുടെ കാലത്ത് ആളുകള്‍ക്ക് പ്രിയപ്പെട്ടവരെയാണ് നഷ്ടപ്പെട്ടത്. എന്നാല്‍ വയനാട്ടില്‍ അവര്‍ക്ക് അവരുടെ വീടും വ്യാപാര സ്ഥാപനങ്ങളും ഭൂമിയും പ്രിയപ്പെട്ടവരെയും എല്ലാമെല്ലാം നഷ്ടപ്പെട്ടു. നൂറ്റാണ്ടിനിടെ കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണിത്. ദേശീയ ദുരന്തമെന്നേ ഞാന്‍ ഇതിനെ വിളിക്കൂ. പലരും ഇപ്പോഴും അഭയകേന്ദ്രങ്ങളിലാണ്. അവരുടെ കഷ്ടപ്പാടുകളും നഷ്ടങ്ങളും ഹൃദയഭേദകമാണ്. 2018ല്‍ കേരളത്തില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ തൃശൂരിലും കോഴിക്കോട്ടും വയനാട്ടിലുമെല്ലാം ഞാന്‍ പോയിട്ടുണ്ട്. പക്ഷേ ഇതുപോലുള്ള ഭയാനകമായ ഒന്നും ഞാന്‍ കണ്ടില്ല. ഇത് ശരിക്കും ഹൃദയം തകര്‍ക്കുന്ന അനുഭവമാണ്.

? ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന മനുഷ്യരുമായി അങ്ങ് സംസാരിച്ചിരിക്കുമല്ലോ. എന്ത് കഥയാണ് അവര്‍ക്ക് പറയാനുണ്ടായിരുന്നത്.

പുലര്‍ച്ചെ ഒരു മണിക്ക് ഉറങ്ങിക്കിടക്കുന്നതിനിടെ പെട്ടെന്നുണ്ടായ ഒരു ദുരന്തം എങ്ങനെയാണ് സംഭവിച്ചതെന്ന് ഒരാള്‍ വിവരിച്ചു. വീട്ടില്‍ നിന്ന് 400 മീറ്റര്‍ അകലെയുള്ള ചൂരല്‍മലയിലേക്ക് അയാള്‍ ഒലിച്ചുപോയി. ഉറക്കമുണര്‍ന്നപ്പോള്‍ ശ്വാസകോശത്തില്‍ ചെളി നിറഞ്ഞ്, ശരീരം അതില്‍ പൊതിഞ്ഞിരുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന മൃതദേഹങ്ങള്‍ അദ്ദേഹം കണ്ടു. രണ്ട് വയസ്സുള്ള മകനെയും ഭാര്യയെയും അമ്മയെയും അദ്ദേഹത്തിന് നഷ്ടപ്പെട്ടു.
ഒരു അഭയകേന്ദ്രത്തില്‍, 13 കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട ഒരു യുവാവിനെ ഞാന്‍ കണ്ടുമുട്ടി. അവന്‍ തന്റെ സഹോദരിയെ കാണാന്‍ പോയതുകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. വയനാട് വിംസ് ആശുപത്രിയില്‍ എത്തിയ കുട്ടികളില്‍ 90 ശതമാനം പേരുടെയും ശ്വാസകോശത്തില്‍ ചെളിയും മണലും നിറഞ്ഞിരുന്നുവെന്നും അവരില്‍ ഭൂരിഭാഗവും മരിച്ചുവെന്നും അവിടുത്തെ ശിശുരോഗ വിദഗ്ധര്‍ പറഞ്ഞറിഞ്ഞു. ദുരന്തം കുട്ടികളെയും സ്ത്രീകളെയുമാണ് സാരമായി ബാധിച്ചത്.

? കേരള സര്‍ക്കാര്‍ ആ ദുരന്ത ഭൂമിയില്‍ അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട് എന്നാണ് ഞങ്ങള്‍ കരുതുന്നത്. കേരളത്തിലെ ആരോഗ്യ സംവിധാനങ്ങള്‍ അവിടെ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നാണ് താങ്കള്‍ വിലയിരുത്തുന്നത്.

ദുരന്ത ഭൂമിയില്‍ കേരള സര്‍ക്കാറിന്റെയും ജനങ്ങളുടെയും ഇടപെടല്‍ എന്നെ ആഴത്തില്‍ ആകര്‍ഷിച്ചു. ഉത്തരേന്ത്യയില്‍, ഇത്തരം ദുരന്തങ്ങളില്‍ നിന്ന് കരകയറാന്‍ പലപ്പോഴും മാസങ്ങളെടുക്കും. എന്നാല്‍ കേരളം രണ്ടാഴ്ചക്കുള്ളില്‍ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കി പുനരധിവാസം ആരംഭിച്ചു. ജൂലൈ 30ന് ദുരന്തം ഉണ്ടായ ഉടന്‍ പതിനായിരത്തിലധികം ആളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞ് ആഗസ്റ്റ് 11ന് ഞാന്‍ അവിടെ എത്തുമ്പോള്‍ ഈ എണ്ണം 500ല്‍ താഴെയായി കുറഞ്ഞിരുന്നു. സര്‍ക്കാര്‍ അതിവേഗം വാടകവീടുകള്‍ നല്‍കി. നൂറിലധികം വീടുകള്‍ നിര്‍മിക്കാന്‍ ആളുകള്‍ ഒത്തുചേര്‍ന്നു, വസ്ത്രങ്ങളും വീട്ടുപകരണങ്ങളും വാഗ്ദാനം ചെയ്തു.
സംഭവമുണ്ടായ അന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് തന്നെ അവിടെയെത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെ സംഘത്തെ കാണാന്‍ എനിക്ക് അവസരം ലഭിച്ചു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ലാത്ത സാധാരണ പൗരന്മാര്‍ പോലും സ്വമേധയാ സഹായിക്കാന്‍ മുന്നിട്ടിറങ്ങി. അത്തരം ഐക്യവും അനുകമ്പയും കണ്ടതില്‍ എനിക്ക് അഭിമാനം തോന്നുന്നു.

? താങ്കള്‍ ഒരു ശിശുരോഗ വിദ്ഗധനാണ്. കുട്ടികളാണ് ഈ ദുരന്തത്തിന് ഇരയായവരില്‍ വലിയ പങ്കും. അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകുന്നതിലും എത്രയോ വലിയ ദുരന്തത്തെയാണ് അവര്‍ നേരിട്ടത്. ഇത് കുട്ടികളില്‍ എന്ത് മാനസിക ആഘാതമാണ് ഉണ്ടാക്കുക. ഇതില്‍ നിന്ന് അവര്‍ കരകയറാന്‍ എത്ര സമയമെടുക്കും.

കൊവിഡ്-19 മഹാമാരി സമയത്ത് പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ്സ് ഡിസോര്‍ഡര്‍ (PTSD) ഒരു പ്രധാന പ്രശ്‌നമായി മാറിയിരുന്നു. ഇത് മാതാപിതാക്കളെയും കുട്ടികളെയും ബാധിക്കുന്ന ഒന്നാണ്. മാതാപിതാക്കളെ നഷ്ടപ്പെട്ട അല്ലെങ്കില്‍ വീടുകളും കളിപ്പാട്ടങ്ങളും പുസ്തകങ്ങളും സ്‌കൂളുകളും നഷ്ടപ്പെട്ട അനേകം കുട്ടികള്‍ ഉയര്‍ന്ന ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങളെ അഭിമുഖീകരിക്കും. വാക്കാലുള്ള പ്രകടനങ്ങളെക്കാള്‍ ഭക്ഷണത്തിലോ ഉറങ്ങുന്ന രീതിയിലോ ഉള്ള മാറ്റങ്ങള്‍, കിടക്കയില്‍ മൂത്രമൊഴിക്കല്‍, അല്ലെങ്കില്‍ അമിതമായി മാതാപിതാക്കളോട് പറ്റിച്ചേര്‍ന്നു നില്‍ക്കല്‍ എന്നിവയാകും കുട്ടികളില്‍ ഇതിന്റെ ഫലമായി കാണുക. ഈ കുട്ടികളെ സഹായിക്കുന്നതിന് ലക്ഷണങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും അഭിസംബോധന ചെയ്യുകയും ചെയ്യേണ്ടത് പ്രധാനമാണ്. മരുന്നിനെ ആശ്രയിക്കുന്നതിനുപകരം കുട്ടിയുടെ പരിസ്ഥിതിയില്‍ മാറ്റം വരുത്തുന്നതാകും ഫലപ്രദമായ ഇടപെടല്‍. ഔട്ട്ഡോര്‍ കളികള്‍ പ്രോത്സാഹിപ്പിക്കുക, കളിപ്പാട്ടങ്ങളും മറ്റും നല്‍കി അവരെ സന്തോഷിപ്പിക്കുക, കുട്ടികളെ ആസ്വാദ്യകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ ഇതിനെ മറികടക്കാന്‍ അവരെ സഹായിക്കും. കുട്ടികള്‍ ട്രോമയില്‍ നിന്ന് പൂര്‍ണമായും മോചിതരാകാന്‍ ചിലപ്പോള്‍ ആഴ്ചകളോ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തെന്നുവരും. ഒരു കുട്ടിയെ നിരീക്ഷിക്കാന്‍ ഒരു സന്നദ്ധ പ്രവര്‍ത്തകനെ നിയോഗിക്കണം. ട്രോമയുടെ എന്തെങ്കിലും സൂചനകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, ഉടനടി നടപടിയെടുക്കാനും ശ്രദ്ധിക്കണം.

? ഭരണകൂട ഭീകരതയുടെ ഇരയാണ് താങ്കള്‍. ഗോരഖ്പൂരിലെ 2017 ആഗസ്റ്റ് പത്തിലെ ആ രാത്രി താങ്കള്‍ ഒരിക്കലും മറക്കാനിടയില്ല. പിഞ്ചുകുട്ടികളെ രക്ഷിക്കാനാണ് താങ്കള്‍ അന്ന് ശ്രമിച്ചത്. എന്നാല്‍ ഭരണകൂടം നിങ്ങള്‍ക്ക് തിരിച്ചു നല്‍കിയത് ക്രൂരതയാണ്. എങ്ങനെ ഓര്‍ക്കുന്നു ആ സംഭവങ്ങള്‍.

ഗോരഖ്പൂരിലെ ബി ആര്‍ ഡി മെഡിക്കല്‍ കോളജിലെ ആ രാത്രി ഏറെ വിനാശകരമായിരുന്നു. ആശുപത്രിയില്‍ ഉണ്ടായിരുന്ന 400 കുട്ടികളെയും രക്ഷിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചുവെങ്കിലും 63 പേരെ ഞങ്ങള്‍ക്ക് നഷ്ടമായി. കൂടാതെ, 18 മുതിര്‍ന്നവരും അന്ന് രാത്രി മരിച്ചു. സംഭവം നടന്ന് എട്ട് വര്‍ഷത്തിന് ശേഷവും ഡോ. കഫീല്‍ ഖാനെയും ആ ആശുപത്രിയും ഇപ്പോഴും ജനങ്ങള്‍ ഓര്‍ക്കുന്നു. പക്ഷേ ഇപ്പോഴും നീതി തേടുന്ന ആ കുട്ടികളുടെ മാതാപിതാക്കളെ എല്ലാവരും ഏറെക്കുറെ മറന്നിരിക്കുന്നു. യു പി മുഖ്യമന്ത്രിയെയും ബി ആര്‍ ഡി ഓക്സിജന്‍ പ്രതിസന്ധിയുടെ പിന്നിലെ യഥാര്‍ഥ പ്രതികളെയും സംരക്ഷിക്കാന്‍ എന്നെ ബലിയാടായി ഉപയോഗിച്ചു. പ്രതിസന്ധിക്ക് പിന്നിലെ യഥാര്‍ഥ കാരണം അശ്രദ്ധയല്ല, അത്യാഗ്രഹമായിരുന്നു. ഓക്‌സിജന്‍ വിതരണത്തിനായി 68 ലക്ഷം രൂപ നല്‍കിയതുമായി ബന്ധപ്പെട്ട കൈക്കൂലി സംബന്ധിച്ച തര്‍ക്കം. സംഭവത്തെ കുഴിച്ചുമൂടാന്‍ ലക്ഷ്യമിട്ടുള്ള ആഭ്യന്തര രാഷ്ട്രീയവും ഉണ്ടായിരുന്നു.

അന്ന് രാത്രി ഞാന്‍ വീട്ടില്‍ ഉറങ്ങാന്‍ കിടക്കുകയായിരുന്നു. അപ്പോഴാണ് ഓക്സിജന്‍ വിതരണം തീര്‍ന്നെന്നും കുട്ടികള്‍ മരിക്കുന്നുവെന്നും സങ്കടകരമായ സന്ദേശം ലഭിച്ചത്. ഇത് എന്റെ നേരിട്ടുള്ള ഉത്തരവാദിത്വമല്ലെങ്കിലും, 54 മണിക്കൂറിനുള്ളില്‍ 500 സിലിന്‍ഡറുകള്‍ ക്രമീകരിക്കാന്‍ ഞാന്‍ ഉടനടി പ്രവര്‍ത്തിച്ചു. നിര്‍ഭാഗ്യവശാല്‍, പ്രതിസന്ധിയെ പൂര്‍ണമായി നേരിടാന്‍ ഈ ശ്രമം അപ്പോഴും അപര്യാപ്തമായിരുന്നു.

? ആ സംഭവമുണ്ടായ ആദ്യ നിമിഷം താങ്കള്‍ ഹീറോയായിരന്നു. യഥാര്‍ഥത്തില്‍ ഇപ്പോഴും താങ്കള്‍ തന്നെയാണ് ഹീറോ. എന്നാല്‍ താങ്കള്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിന്റെ കണ്ണില്‍ കുറ്റക്കാരനായിരന്നു. ഇത് എങ്ങനെ സംഭവിച്ചുവെന്നാണ് താങ്കള്‍ കരുതുന്നത്.

ഹീറോ എന്ന ആ ലേബല്‍ തന്നെയാണ് എന്നെ പെട്ടെന്ന് വില്ലനായി മാറ്റിയതും. ദുരന്തത്തെ തുടര്‍ന്നുള്ള ആദ്യ ദിവസങ്ങളില്‍, നിര്‍ണായകമായ നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നു. ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചത് എന്തുകൊണ്ട്? എന്തുകൊണ്ട് പണം നല്‍കിയില്ല? എന്തുകൊണ്ടാണ് വിതരണക്കാരന്‍ ഓക്‌സിജന്‍ വിതരണം ചെയ്യാത്തത്? ആരാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്? 63 കുട്ടികളുടെ മരണത്തിന് യഥാര്‍ഥ ഉത്തരവാദി ആരാണ്? എന്റെ ശ്രമങ്ങളെ കുറിച്ച് കഥകള്‍ പ്രചരിക്കുമ്പോള്‍, ആശുപത്രിയുടെ പോരായ്മകള്‍ കൂടി പുറത്തറിഞ്ഞത് ചിലര്‍ക്ക് ഇഷ്ടപ്പെട്ടില്ല. 2017 ആഗസ്റ്റ് 13ന് മുഖ്യമന്ത്രി ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍, എന്റെ പ്രവര്‍ത്തനത്തെ പ്രശംസിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. പകരം, നിശബ്ദതയും പ്രത്യക്ഷമായ രോഷവുമാണ് എനിക്കു നേരിടേണ്ടി വന്നത്. ആരെയാണ് കുറ്റപ്പെടുത്തേണ്ടതെന്ന് നേരത്തേ തന്നെ തീരുമാനിച്ച മുഖ്യമന്ത്രി രോഷാകുലനായി. എന്റെ അഭിവാദ്യം അവഗണിച്ചു. അംഗീകാരം പ്രതീക്ഷിച്ചിരുന്നെങ്കിലും, അദ്ദേഹം എന്നെ രൂക്ഷമായി കുറ്റപ്പെടുത്തി. താനാണോ കഫീല്‍ ഖാന്‍ എന്ന് ചോദിച്ച അദ്ദേഹം, താന്‍ ഹീറോ ആകാന്‍ ശ്രമിക്കുക ആണോ എന്നും ചോദിച്ചു. താങ്കളെ കാണിച്ചുതരാം എന്നും അദ്ദേഹം പറഞ്ഞു. ഈ ഭാഗം ഞാന്‍ എന്റെ പുസ്തകത്തില്‍ “ഹീറോ ടു വില്ലന്‍’ എന്ന അധ്യായത്തില്‍ വിശദമായി വിവരിക്കുന്നുണ്ട്. ഈ സംഭവത്തോടെ ചിത്രം മാറി. എന്നെ ഹീറോ ആയി വാഴ്ത്തിയ മാധ്യമങ്ങള്‍ വില്ലനായി ചിത്രീകരിച്ചു. കൊലപാതകിയായി ചിത്രീകരിച്ച് അവര്‍ കവറേജ് നല്‍കി.

? ഇതിന് ശേഷം താങ്കളെ യോഗി ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഒമ്പത് മാസം താങ്കള്‍ ജയില്‍വാസമനുഭവിച്ചു. അവിടെയും കിരാതമായ അനുഭവങ്ങള്‍ തന്നെയാണ് താങ്കള്‍ക്ക് നേരിടേണ്ടി വന്നത്.

കഷ്ടപ്പാട് അനുഭവിച്ചത് ഞാന്‍ മാത്രമല്ല; എന്റെ കുടുംബം മുഴുവനുമാണ്. എന്നെ ആദ്യമായി ജയിലിലടക്കുമ്പോള്‍ മകള്‍ക്ക് 11 മാസമായിരുന്നു പ്രായം. ഞാന്‍ തിരിച്ചെത്തിയപ്പോള്‍ അവള്‍ക്ക് ഏകദേശം രണ്ട് വയസ്സായിരുന്നു. അതുപോലെ, എന്‍ ആര്‍ സി പ്രതിഷേധത്തിനിടെയും എനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നു. അന്ന് ഞാന്‍ ജയിലില്‍ പോകുമ്പോള്‍ എന്റെ മകന് ഒമ്പത് മാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. ഈ കഴിഞ്ഞ എട്ട് വര്‍ഷങ്ങളില്‍ ഏറ്റവും വേദനാജനകമായ ഭാഗം ഏതെന്ന് ചോദിച്ചാല്‍ എനിക്ക് എന്റെ കുട്ടികളുടെ കുട്ടിക്കാലം നഷ്ടപ്പെട്ടതാണ് എന്ന് ഞാന്‍ പറയും.

ജയിലില്‍ സാഹചര്യങ്ങള്‍ കഠിനമായിരുന്നു. ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും, 160 പേര്‍ താമസിക്കുന്ന ഒരു വലിയ ബാരക്ക് ആയിരുന്നു അത്. പ്രാഥമിക ആവശ്യങ്ങള്‍ക്കായി ഒരു വാഷ്‌റൂം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അതുകൊണ്ട് ഒന്ന് ടോയിലറ്റില്‍ പോകാന്‍ ദീര്‍ഘനേരം നീണ്ട വരികളില്‍ നില്‍ക്കണമായിരുന്നു. ആ സെല്ലില്‍ കഠിന തടവനുഭവിക്കുന്നവരില്‍ പലരും മയക്കുമരുന്നിന് അടിമകളായിരുന്നു. വന്‍ ക്രിമിനലുകളായിരുന്ന അവരില്‍ പലര്‍ക്കും ടോയിലറ്റ് ഉപയോഗിച്ചുകഴിഞ്ഞാല്‍ വെള്ളം ഒഴിക്കണമെന്ന് പോലും അറിയില്ലായിരുന്നു. അവര്‍ കാര്യം സാധിച്ച് എണീറ്റ് പോകും. അത് ഞാന്‍ കഴുകി വൃത്തിയാക്കേണ്ടി വരുമായിരുന്നു.

? ഒടുവില്‍ താങ്കളെ കോടതി പൂര്‍ണമായും കുറ്റവിമുക്തനാക്കി. എന്നിട്ടും താങ്കൾക്കെതിരായ വേട്ടയാടല്‍ തുടര്‍ന്നു അല്ലേ.

ഒരു മെഡിക്കല്‍ അശ്രദ്ധക്കും ഞാന്‍ ഉത്തരവാദിയല്ലെന്നും എനിക്കെതിരെ അഴിമതി ആരോപണങ്ങളൊന്നും ഇല്ലെന്നും വ്യക്തമായി പ്രസ്താവിച്ചുകൊണ്ടാണ് കോടതി എന്നെ എല്ലാ കുറ്റങ്ങളില്‍ നിന്നും വിമുക്തനാക്കിയത്. ഇതൊക്കെയാണെങ്കിലും, എന്റെ ജോലി എനിക്ക് നഷ്ടമായി. എന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും നിരന്തരമായ ക്രൂരതകള്‍ അഭിമുഖീകരിക്കുകയും ചെയ്തു. എന്റെ ബിരുദത്തിന്റെ ആധികാരികതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. എന്റെ ബിരുദം വ്യാജമാണെങ്കില്‍ എന്നെ എന്തിനാണ് നിയമിച്ചതെന്ന് കോടതി ചോദ്യം ചെയ്തു.

എന്റെ കുടുംബത്തെയും കഷ്ടപ്പെടുത്തി. എന്റെ സഹോദരന് ഒരു രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുക്കവേ നാല് വെടിയുണ്ടകളേറ്റു.

? ഉത്തര്‍ പ്രദേശിലെ പൊതുജനാരോഗ്യ രംഗത്തിന്റെ അവസ്ഥ ഇന്നും പരിതാപകരമാണ്. നിതി ആയോഗിന്റെ ഹെല്‍ത്ത് ഇന്‍ഡക്‌സില്‍ 20ാം സ്ഥാനത്താണ് ഇന്നും ഉത്തര്‍ പ്രദേശ്. അപ്പോള്‍ എട്ട് വര്‍ഷം മുമ്പുള്ള കാര്യം നമുക്ക് ഊഹിക്കാന്‍ പോലും സാധിക്കില്ല. എന്താണ് അവിടുത്തെ യഥാര്‍ഥ പ്രശ്‌നം.

ദക്ഷിണേന്ത്യയിലെയും ഉത്തരേന്ത്യയിലെയും ആരോഗ്യപരിപാലനം തമ്മില്‍ തികച്ചും വൈരുധ്യമുണ്ട്. ഉദാഹരണത്തിന്, കേരളത്തിലെ ശിശുമരണ നിരക്ക് ഇപ്പോള്‍ 1,000 പേരിൽ അഞ്ചില്‍ താഴെയാണ്. അതേസമയം ഉത്തര്‍ പ്രദേശില്‍ ഇത് 40 ആണ്. ഈ വ്യത്യാസം താലൂക്ക് തലത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പ്രാഥമിക ആരോഗ്യ പരിരക്ഷാ സംവിധാനത്തിന്റെ ഫലപ്രാപ്തിയെ എടുത്തുകാണിക്കുന്നു. ഇതിനു വിപരീതമായി, ഉത്തരേന്ത്യയിലെ പ്രാഥമിക ആരോഗ്യ പരിപാലന സംവിധാനം അങ്ങേയറ്റം ശോകമാണ്.
ഉത്തര്‍ പ്രദേശിലെ 50 ശതമാനം കുട്ടികളും പോഷകാഹാരക്കുറവുള്ളവരാണെന്ന് സമീപകാല റിപോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. കൊവിഡ് 19 മഹാമാരി കാലത്ത് ആരോഗ്യ സംവിധാനത്തിന്റെ അപര്യാപ്തത ക്രൂരമായി പ്രകടമായി. മെട്രോപൊളിറ്റന്‍ പ്രദേശങ്ങള്‍ പോലും കിടക്കകള്‍, ഓക്‌സിജന്‍, മരുന്ന് എന്നിവയുടെ ദൗര്‍ലഭ്യത്താല്‍ പൊറുതിമുട്ടി.

? കൊല്‍ക്കത്തയില്‍ ഒരു ജൂനിയര്‍ ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ ഡോക്ടര്‍മാര്‍ ഇപ്പാള്‍ ഒരു സമര മുഖത്താണ്. ഈ സമരത്തെ താങ്കള്‍ എങ്ങനെ കാണുന്നു? ഡോക്ടര്‍മാരുടെ സംരക്ഷണത്തിന് അടിയന്തര നിയമനിര്‍മാണം ആവശ്യമാണ് എന്ന് കരുതുന്നുണ്ടോ.

മെഡിക്കല്‍ കമ്മ്യൂണിറ്റിയിലെ ഒരു അംഗമെന്ന നിലയില്‍, ഡോക്ടര്‍മാരുടെ ആവശ്യങ്ങളെ ഞാന്‍ പിന്തുണക്കുന്നു. എന്നാല്‍ ഇന്ത്യയിലെ ഉയര്‍ന്ന നിരക്കിലുള്ള ബലാത്സംഗത്തെ കുറിച്ച് ഞാന്‍ അഗാധമായ ആശങ്കയിലാണ്. നാഷനല്‍ ക്രൈം ബ്യൂറോയുടെ കണക്കനുസരിച്ച്, പ്രതിദിനം 90 ബലാത്സംഗങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നു. എന്റെ അന്വേഷണത്തില്‍ മനസ്സിലാക്കാനായത് ഇവയില്‍ 70-90 ശതമാനം കേസുകളിലും പീഡിപ്പിക്കുന്നത് പരിചയക്കാരോ വീട്ടുകാരോ ആണ്. ഇതില്‍ പലതും പലപ്പോഴും റിപോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു.

? താങ്കളുടെ ഭാവി പദ്ധതികള്‍.

ഞാന്‍ നിരവധി മെഡിക്കല്‍ ക്യാമ്പുകളും ഔട്ട്‌റീച്ച് പ്രോഗ്രാമുകളും സംഘടിപ്പിക്കുന്നുണ്ട്. കേരളത്തില്‍ ഞാന്‍ കണ്ടിട്ടുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്ക് സമാനമായി ആവശ്യമുള്ളവര്‍ക്ക് സൗജന്യ ചികിത്സ ലഭിക്കുന്ന ഒരു ആശുപത്രി സ്ഥാപിക്കുകയാണ് എന്റെ ലക്ഷ്യം.

? കേരളത്തിലേക്ക് ക്ഷണിച്ചാല്‍ നിങ്ങള്‍ വരുമോ.

കേരളത്തിലേക്ക് വരാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. ഞാന്‍ ഇതിനകം ഏഴോ എട്ടോ തവണ കേരളത്തില്‍ വന്നിട്ടുണ്ട്. എങ്കിലും, ഇന്ത്യയുടെ വലിപ്പവും എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും എനിക്ക് ലഭിക്കുന്ന ഊഷ്മളതയും കണക്കിലെടുക്കുമ്പോള്‍, എന്റെ സാന്നിധ്യം ഇപ്പോള്‍ ഉത്തരേന്ത്യയിലാണ് കൂടുതല്‍ ആവശ്യമായിരിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. കേരളത്തില്‍ ഇതിനകം തന്നെ ശക്തമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങളുണ്ടല്ലോ. കേരളത്തിലേക്ക് എന്നെ ക്ഷണിച്ചതിന് നന്ദി.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.