Kerala
ഹൊസ്ദുര്‍ഗ് സ്റ്റേഷനിലൊരുക്കി ഇന്‍സ്പെക്ടര്‍ക്കൊരു വെറൈറ്റി യാത്രയയപ്പ്
എസ് എച്ച് ഒ എം പി ആസാദിനെ നടുവിലിരുത്തി ഒപ്പന കളിച്ചാണ് സഹപ്രവര്‍ത്തകരായ പോലീസുകാര്‍ യാത്രയയപ്പ് നല്‍കിയത്
കാസര്‍കോട് | യാത്രയയപ്പ് ചടങ്ങുകള്‍ എന്നും വേദനിപ്പിക്കുന്നതും, നൊമ്പരപ്പെടുത്തുന്നതുമാണ്. എന്നാല്‍ ഹൊസ്ദുര്‍ഗ് സ്റ്റേഷനിലെ പോലീസുകാര്‍ ഇന്‍സ്പെക്ടര്‍ക്ക് സന്തോഷത്തില്‍ പൊതിഞ്ഞൊരു യാത്രയയപ്പ് ഒരുക്കി. കാസര്‍കോട് ഹോസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ എം പി ആസാദിനെ നടുവിലിരുത്തി ഒപ്പന കളിച്ചാണ് സഹപ്രവര്‍ത്തകരായ പോലീസുകാര്‍ യാത്രയയപ്പ് നല്‍കിയത്.
തിരഞ്ഞെടുപ്പ് ട്രാന്‍സ്ഫറില്‍ ഹൊസ്ദുര്‍ഗ് എസ് എച്ച്ഒ ആയി എത്തിയ ഉദ്യോഗസ്ഥനാണ് എം പി ആസാദ്. പൊലീസ് സേനയില്‍ ഉദ്യോഗസ്ഥരും, സഹപ്രവര്‍ത്തകരും തമ്മിലുള്ള പ്രശ്നങ്ങളും, പോലീസുകാരുടെ ജോലി ഭാരത്തെക്കുറിച്ചും സ്ഥിരം പരാതി ഉയരുന്നതിനിടയിലായിരുന്നു ഈ സ്നേഹ യാത്രയയപ്പ്.എസ് എച്ച് ഒയും, സഹപ്രവര്‍ത്തകരും തമ്മിലുള്ള സൗഹൃദത്തിന്റെയും, സ്നേഹത്തിന്റെയും മാതൃകകൂടിയായിരുന്നു ഈ വെറൈറ്റി യാത്രയയപ്പ്. കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറിയത്.
ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ ഏറെ മികവുള്ള ഉദ്യോഗസ്ഥനാണ് ആസാദെന്നും, വിശ്രമരഹിതമായി കഠിനാധ്വാനം ചെയ്യുമെന്ന് മാത്രമല്ല, ഒപ്പമുള്ളവരെക്കൊണ്ടും മികവോടെ ജോലിക്ക് പ്രേരിപ്പിക്കുമെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.എന്നും സമ്മര്‍ദമേറ്റുന്ന പോലീസ് ജോലി എങ്ങനെ ആസ്വാദ്യകരമായി മുന്നോട്ട് കൊണ്ടുപോകാമെന്നും, അതിന് തന്നോടൊപ്പമുള്ളവരെ എങ്ങനെ കൂടെ നിര്‍ത്താമെന്ന് ഇദ്ദഹത്തിന് നന്നായി അറിയാമെന്നും സഹ പോലീസുകാര്‍ പറഞ്ഞു.
സര്‍വീസ് തുടക്കത്തില്‍ എസ് ഐ ആയി ജോലി ചെയ്ത കണ്ണൂര്‍ ജില്ലയിലെ ആലക്കോട് പൊലീസ് സ്റ്റേഷനില്‍ നിന്ന് ട്രാന്‍സ്ഫറായപ്പോള്‍ ആ സ്റ്റേഷന്‍ അതിര്‍ത്തിയിലെ ഒരു റോഡിന് ആസാദ് റോഡെന്ന് പേര് നല്‍കി നാട്ടുകാര്‍ അദ്ദേഹത്തിന് ആദരവ് നല്‍കിയിരുന്നു.
കാഞ്ഞങ്ങാട് ഉറക്കത്തിനിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ അന്വേഷണ സംഘത്തില്‍ ആസാദുമുണ്ടായിരുന്നു. പ്രതിയെ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിടികൂടിയിരുന്നു.
പൊലീസ് സേന അനുഭവിക്കുന്ന ആന്തരിക സമ്മര്‍ദങ്ങള്‍ കുറക്കാന്‍ അധികാരശ്രേണിയിലെ ഉദ്യോഗസ്ഥന്മാരുടെ സമീപനവും, പെരുമാറ്റവും ഒരു ഘടകം തന്നെയാണെന്ന് പൊലീസുകാര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അവിടെയാണ് ഇദ്ദേഹവും മികച്ചു നില്‍ക്കുന്നത്. അതിന്റെ മധുര സമ്മാനമാണ് സഹപ്രവര്‍ത്തകര്‍ കാണിച്ചതും.