National
കര്‍ണാടകയില്‍ തീര്‍ഥാടനത്തിനു പോയ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു
ഉഡുപ്പിയിലെ കുന്ദാപുരയില്‍ ഇന്നോവ കാറില്‍ ലോറി ഇടിച്ച് കയറി ഏഴ് മലയാളികള്‍ക്കാണു പരിക്കേറ്റത്.
ഉഡുപ്പി | കര്‍ണാടകയില്‍ തീര്‍ഥാടനത്തിനു പോയ മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. ഉഡുപ്പിയിലെ കുന്ദാപുരയില്‍ ഉണ്ടായ അപകടത്തില്‍ ഇന്നോവ കാറില്‍ ലോറി ഇടിച്ച് കയറി ഏഴ് മലയാളികള്‍ക്കാണു പരിക്കേറ്റത്.
കണ്ണൂര്‍ പയ്യന്നൂരില്‍ നിന്നുള്ള അന്നൂര്‍ സ്വദേശി ഭാര്‍ഗവന്‍, ഭാര്യ ചിത്രലേഖ, ഭാര്‍ഗവന്റെ സഹോദരന്‍ മധു, ഭാര്യ അനിത, മധുവിന്റെ അയല്‍വാസി നാരായണന്‍, ഭാര്യ വത്സല, കാര്‍ ഡ്രൈവര്‍ വെള്ളൂര്‍ കൊട്ടനച്ചേരി സ്വദേശി ഫസില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കുന്ദാപുര കുംഭാഷിയില്‍ ചന്ദ്രികാ ദുര്‍ഗാ പരമേശ്വരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് ഇന്നോവ കാറില്‍ ലോറി വന്നിടിച്ചത്. ഇന്നോവ റിവേഴ്സ് എടുത്ത് അമ്പലത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ അമിത വേഗതയില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഇന്നോവ കാറിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ മൂന്ന് സ്ത്രീകളെ മണിപ്പാലിലെ കസ്തൂര്‍ബ മെഡിക്കല്‍ കോളജില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ കുന്ദാപുരയിലെ സ്വകാര്യ ആശുപത്രിയില്‍ ആണ്. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.
ഗോവയില്‍ നിന്ന് മീന്‍ കയറ്റി പോകുകയായിരുന്ന ട്രക്ക് ആണ് കാറില്‍ ഇടിച്ച് കയറിയത്. ഏറെ ദൂരം കാറുമായി മുന്നോട്ട് പാഞ്ഞ ലോറി ഒടുവില്‍ മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ഇന്നോവ പൂര്‍ണമായും തകര്‍ന്നു.