editorial
ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന വിധി; പക്ഷേ...
ഭരണഘടനയനുസരിച്ച് ഗവര്‍ണര്‍ക്കുള്ള അധികാരം പരിമിതമാണെന്ന് അറിയാത്തതു കൊണ്ടല്ല ചില സംസ്ഥാനങ്ങളില്‍ അവര്‍ വഴിവിട്ടു കളിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെ തൃപ്തിപ്പെടുത്തിയെങ്കില്‍ മാത്രമേ പദവിയില്‍ സുരക്ഷിതമായി തുടരാനാകുകയുള്ളൂവെന്ന ചിന്തയാണ് ഇതിന് പിന്നില്‍.

ഗവര്‍ണര്‍മാരുടെ അധികാരം സംബന്ധിച്ച കൃത്യവും വ്യക്തവുമായ തീര്‍പ്പാണ് ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ നിന്നുണ്ടായത്. സംസ്ഥാന സര്‍ക്കാറിനു മേലെയാണ് തങ്ങളെന്ന മട്ടിലാണ് പല ഗവര്‍ണര്‍മാരുടെയും സമീപനം. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ ഉപദേശത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ് ഗവര്‍ണറെന്ന് സുപ്രീം കോടതി അര്‍ഥശങ്കക്കിടമില്ലാത്ത വിധം വ്യക്തമാക്കി. തമിഴ്‌നാട് പാസ്സാക്കിയ 10 ബില്ലുകളില്‍ തീരുമാനമെടുക്കാതെ അനന്തമായി വൈകിപ്പിച്ച തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും മനോജ് മിശ്രയും ഉള്‍പ്പെട്ട സുപ്രീം കോടതി ബഞ്ചിന്റെ വിധിപ്രസ്താവം.
2023 നവംബറില്‍ പഞ്ചാബ് സര്‍ക്കാറിന്റെ ഹരജിയിലും സമാനമായ നിരീക്ഷണം നടത്തിയിരുന്നു സുപ്രീം കോടതി. ഭരണഘടനാപരമായി ചില അധികാരങ്ങള്‍ ഗവര്‍ണര്‍ക്കുണ്ടെങ്കിലും നിയമനിര്‍മാണ കാര്യങ്ങളില്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കാണ് മേധാവിത്വം. നിയമസഭയുടെ നടപടികളെ തകിടം മറിക്കുന്ന പ്രവര്‍ത്തനം ഗവര്‍ണര്‍മാരില്‍ നിന്നുണ്ടാകരുത്. ജനാധിപത്യത്തിന്റെ മൗലിക തത്ത്വങ്ങള്‍ക്ക് വിരുദ്ധമാണ് ഗവര്‍ണര്‍മാരുടെ വഴിവിട്ട അധികാര പ്രകടനം. തിരഞ്ഞെടുക്കപ്പെട്ട അധികാരികളല്ല, രാഷ്ട്രപതി നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധികള്‍ മാത്രമാണ് തങ്ങളെന്ന വസ്തുത മറന്നുകൊണ്ട് പ്രവര്‍ത്തിക്കരുതെന്നും വിധിയില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഗവര്‍ണര്‍മാരെ ഓര്‍മിപ്പിച്ചിരുന്നു.
രാജ്യത്തിന് രാഷ്ട്രപതിയെന്ന പോലെ സംസ്ഥാനങ്ങള്‍ക്ക് ഭരണത്തലവനാണ് ഗവര്‍ണര്‍. എന്നാല്‍ എക്‌സിക്യൂട്ടീവ് പവര്‍ അഥവാ ഭരണനിര്‍വഹണാധികാരം ഇല്ലാത്തതിനാല്‍ ഭരണത്തലവന്‍ എന്ന വിശേഷണം ആലങ്കാരികവും നാമമാത്രവുമാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനാണ് ഇന്ത്യന്‍ ജനാധിപത്യ സംവിധാനത്തില്‍ ജനങ്ങളോട് നേരിട്ട് ഉത്തരവാദിത്വമുള്ളത്. സര്‍ക്കാറിന്റെ തീരുമാനങ്ങളോട് ഗവര്‍ണര്‍ക്ക് വിയോജിപ്പ് രേഖപ്പെടുത്തുകയും പുനഃപരിശോധിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യാമെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചു നിന്നാല്‍ അതംഗീകരിക്കാന്‍ ബാധ്യസ്ഥനാണ് ഗവര്‍ണര്‍. എന്നാല്‍ സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ അഭിപ്രായവ്യത്യാസം രൂക്ഷമാകുമ്പോള്‍, ഫയലുകളില്‍ ഒപ്പിടാതെ അനന്തമായി നീട്ടിക്കൊണ്ടുപോകുന്ന ജനാധിപത്യവിരുദ്ധമായ നിലപാടാണ് പല സംസ്ഥാനങ്ങളിലും വിശേഷിച്ചും കേന്ദ്ര ഭരണ കക്ഷികളല്ലാത്ത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഭരണം കൈയാളുന്ന ഇടങ്ങളില്‍ ഗവര്‍ണര്‍മാര്‍ അനുവര്‍ത്തിച്ചു വരുന്നത്. ഇതാണ് ഗവര്‍ണര്‍ പ്രശ്‌നം നിരന്തരം കോടതി കയറുന്നതിന്റെ പശ്ചാത്തലം.
ചൊവ്വാഴ്ചത്തെ വിധിപ്രസ്താവം തമിഴ്‌നാടിന്റെ ഹരജിയിലാണെങ്കിലും കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കു കൂടി ആശ്വാസമേകുന്നതാണ്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍ണായകമായ പല ബില്ലുകളിലും തീര്‍പ്പ് കല്‍പ്പിക്കാതെ കേരളത്തെ കടുത്ത പ്രതിസന്ധിയിലാക്കുകയും ഭരണസ്തംഭനത്തിലേക്ക് വരെ കാര്യങ്ങളെത്തിക്കുകയും ചെയ്തിരുന്നു. രണ്ട് വര്‍ഷത്തോളമാണ് തീരുമാനമെടുക്കാതെ അദ്ദേഹം ബില്ലുകള്‍ തടഞ്ഞു വെച്ചത്. ഇതിനെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചതോടെ ഏഴ് ബില്ലുകള്‍ അദ്ദേഹം രാഷ്ട്രപതിക്കയച്ചു. ഇതില്‍ ലോകായുക്ത ബില്ല് അടക്കം ആറ് ബില്ലുകള്‍ക്ക് രാഷ്ട്രപതി അനുമതി നിഷേധിച്ചു. ഇതിനു പിന്നാലെ ബില്ലുകള്‍ രാഷ്ട്രപതിക്കയച്ച ഗവര്‍ണറുടെ നടപടിയും തീരുമാനമെടുക്കാതെ തടഞ്ഞുവെച്ച രാഷ്ട്രപതിയുടെ നടപടിയും ചോദ്യം ചെയ്ത് കേരളം സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. ഇതിന്റെ തീര്‍പ്പ് വരാനിരിക്കുന്നേയുള്ളൂ. പഞ്ചാബിന്റെയും തമിഴ്‌നാടിന്റെയും ഹരജികളിലെ വിധികള്‍ കേരളത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്.
ഭരണഘടനയനുസരിച്ച് ഗവര്‍ണര്‍ക്കുള്ള അധികാരം പരിമിതമാണെന്ന് അറിയാത്തതു കൊണ്ടല്ല ചില സംസ്ഥാനങ്ങളില്‍ അവര്‍ വഴിവിട്ടു കളിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെ തൃപ്തിപ്പെടുത്തിയെങ്കില്‍ മാത്രമേ പദവിയില്‍ സുരക്ഷിതമായി തുടരാനാകുകയുള്ളൂവെന്ന ചിന്തയാണ് ഇതിന് പിന്നില്‍. ഒരു സിവില്‍ സര്‍വീസ് ജീവനക്കാരനുള്ള ജോലി സുരക്ഷിതത്വം പോലുമില്ല സംസ്ഥാനത്തിന്റെ തലവനെന്നു വിശേഷിപ്പിക്കുന്ന ഗവര്‍ണര്‍ക്ക്. സിവില്‍ സര്‍വീസ് ജീവനക്കാരെ നീക്കണമെങ്കില്‍ ഭരണഘടനാ അനുഛേദം 311 പ്രകാരമുള്ള അന്വേഷണ നടപടികള്‍ വേണം. അതേസമയം, കേന്ദ്ര സര്‍ക്കാറിന് അനഭിമതനായാല്‍/ വേണ്ടെന്നു തോന്നിയാല്‍ ഏത് സമയത്തും ഗവര്‍ണറെ നീക്കം ചെയ്യാം. രാഷ്ട്രപതിക്കാണ് അതിനുള്ള അധികാരമെന്നു മാത്രം. രാഷ്ട്രപതി കേന്ദ്ര സര്‍ക്കാറിന്റെ റബ്ബര്‍ സ്റ്റാമ്പാണല്ലോ പലപ്പോഴും. ഇതാണ് ഭരണകക്ഷിയുടെ ചട്ടുകമായി മാറാനും ഫെഡറല്‍ തത്ത്വങ്ങള്‍ക്കും ഭരണഘടനയുടെ അന്തസ്സത്തക്കും നിരക്കാത്ത വിധം പ്രവര്‍ത്തിക്കാനും ഗവര്‍ണര്‍മാര്‍ ഒരുന്പെട്ടിറങ്ങുന്നത്.
ഗവര്‍ണര്‍മാരുടെ അധികാര പരിമിതിയെക്കുറിച്ച് കോടതി അടിക്കടി ഓര്‍മിപ്പിച്ചതു കൊണ്ട് പക്ഷേ, നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ക്ക് മാറ്റം വരുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. കേന്ദ്രത്തിലെ ബി ജെ പി സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി തങ്ങള്‍ക്ക് കീഴ്‌പ്പെടാത്ത സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച്, വെടക്കാക്കി തനിക്കാക്കുന്നതിനുള്ള ഉപകരണങ്ങളാണ് ഗവര്‍ണമാര്‍. കേന്ദ്രത്തിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കും അജന്‍ഡക്കും നിരക്കാത്തതെങ്കില്‍ പരമോന്നത കോടതി ഉത്തരവുകളും അവര്‍ക്ക് പുല്ലുവില. ബുള്‍ഡോസര്‍ രാജിനെതിരെ സുപ്രീം കോടതി പലതവണ രൂക്ഷമായി പ്രതികരിച്ചിട്ടും യു പിയിലും മറ്റും അത് തുടര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ. നിയമസഭ പാസ്സാക്കുന്ന ബില്ലുകള്‍ വൈകിപ്പിക്കരുതെന്ന്, ഒന്നര വര്‍ഷം മുമ്പ് പഞ്ചാബ് സര്‍ക്കാര്‍ കേസില്‍ ഗവര്‍ണര്‍മാര്‍ക്ക് സുപ്രീം കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടും കേരളത്തില്‍ ആരിഫ് മുഹമ്മദ് ഖാനോ തമിഴ്‌നാട്ടില്‍ ആര്‍ എന്‍ രവിയോ ബംഗാളില്‍ സി വി ആനന്ദബോസോ നിലപാട് മാറ്റാന്‍ തയ്യാറായില്ലെന്നതും ഓര്‍ക്കേണ്ടതുണ്ട്.