A Vijaya Raghavan
ബി ജെ പിയുടെ ആക്രമോത്സുക ശൈലിയിലേക്ക് കോണ്‍ഗ്രസും മാറുന്നെന്ന് എ വിജയരാഘവന്‍
പ്രതിപക്ഷ എം എല്‍ എമാര്‍ സ്ഥിരം സൈക്കിളിലാണോ യാത്ര ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു
തിരുവനന്തപുരം | കോണ്‍ഗ്രസിനും പ്രതിപക്ഷത്തിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി ഐ എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ബി ജെ പിയുടെ അക്രമോത്സുക ശൈലിയിലേക്ക് കോണ്‍ഗ്രസും മാറുന്നെന്നാണ് വിജയരാഘവന്റെ വിമര്‍ശനം. നടന്‍ ജോജു ജോര്‍ജ്ജിനെ ആക്രമിച്ച ശേഷം ജോജു മാപ്പ് പറയണം എന്ന് ആവശ്യപ്പെടുന്നത് എം എഫ് ഹുസൈനെതിരെ ബി ജെ പി സ്വീകരിച്ച ശൈലിക്ക് സമാനമാണെന്ന് അദ്ദേഹം വിമര്‍ശിച്ചു.
ബി ജെ പിക്ക് കേരളത്തിലെ കോണ്‍ഗ്രസ് ശിഷ്യപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താനും തടയാനും പ്രതിപക്ഷം ശ്രമിക്കുന്നു. കേരളത്തിലെ ജനങ്ങള്‍ നല്ല ഹിത പരിശോധന നടത്തിയാണ് എല്‍ ഡി എഫിനെ അധികാരത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന വില കുറക്കാത്തതില്‍ പ്രതിഷേധിക്കാന്‍ സൈക്കിളില്‍ എത്തിയ പ്രതിപക്ഷ എം എല്‍ എമാരെ അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷ എം എല്‍ എമാര്‍ സ്ഥിരം സൈക്കിളിലാണോ യാത്ര ചെയ്യുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. പിണറായി സര്‍ക്കാര്‍ ജനത്തിന് മുകളില്‍ ഒരു നികുതിയും വര്‍ധിപ്പിച്ചിട്ടില്ല. കേരളത്തിലെ സര്‍ക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സര്‍ക്കാര്‍ ആണെന്നും അദ്ദേഹം പറഞ്ഞു.