Connect with us

Kerala

വിവാഹം കൊഴുപ്പിക്കാന്‍ ഉഗ്രസ്‌ഫോടനം; അയല്‍വീട്ടിലെ ചോരക്കുഞ്ഞ് ഗുരുതരാവസ്ഥയിലായി

നടപടിയാവശ്യപ്പെട്ട് കൊളവല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയതായി കുഞ്ഞിന്റെ പിതാവ് അഷ്‌റഫ് പറഞ്ഞു.

Published

|

Last Updated

കണ്ണൂര്‍ | വിവാഹാഘോഷത്തിനിടെ വരന്റെ കൂട്ടുകാര്‍ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചതിനാല്‍ 22 ദിവസം മാത്രം പ്രായമുളള കുഞ്ഞ് ഗുരുതരാവസ്ഥയിലായി. തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്ന് തീവ്ര രിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് കൊളവല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയതായി കുഞ്ഞിന്റെ പിതാവ് അഷ്‌റഫ് പറഞ്ഞു.

പടക്കം പൊട്ടിക്കരുതെന്നു കുടുംബം വിലക്കിയിട്ടും വകവയ്ക്കാതെ സംഘം ഉഗ്രശേഷിയുള്ള പടക്കങ്ങള്‍ തുടര്‍ച്ചയായി പൊട്ടിക്കുകയായിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങളും ബാന്റ് സെറ്റും ഉപയോഗിച്ചത്.

അതിരൂക്ഷമായ സ്‌ഫോടന ശബ്ദം കേട്ട് ഒരു തവണ നിശ്ചലനായിപ്പോയ കുഞ്ഞിന്റെ ജീവന്‍ പോയെന്ന് കരുതിയെന്ന് കുഞ്ഞിനെ പരിചരിക്കുന്ന സ്ത്രീ പറഞ്ഞു. ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. പെട്ടന്നുണ്ടായ ഉഗ്രസ്‌ഫോടനത്തെ തുടര്‍ന്ന് കുഞ്ഞിന്റെ വായയും കണ്ണും തുറന്ന നിലയിലായിപ്പോയി. അല്‍പ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് കുഞ്ഞ് എത്തിയത്. പിറ്റേദിവസമായിരുന്നു കല്യാണം. അന്ന് വൈകിട്ട് വരന്‍ ഇറങ്ങുന്ന സമയത്തും സമാനമായ രീതിയില്‍ വലിയ പടക്കങ്ങള്‍ പൊട്ടിച്ചു. ശബ്ദം കേട്ടതിന് പിന്നാലെ കുഞ്ഞിന്റെ വായയും കണ്ണും തുറന്ന് പോയി. 10 മിനിറ്റോളം ആ രീതിയില്‍ തുടര്‍ന്നു.

ശേഷം അനക്കമില്ലാതായി. കാലിന് അടിയില്‍ കുറേ നേരം തട്ടിയ ശേഷമാണ് കുഞ്ഞ് കരഞ്ഞതും അനക്കം വന്നതും. അതിന് ശേഷം വരന്‍ തിരികെ വീട്ടിലെത്തിയ ശേഷം രാത്രിയിലും സമാനമായ രീതിയില്‍ ഉഗ്ര ശബ്ദത്തില്‍ പടക്കം പൊട്ടിച്ചു. ഈ സമയത്താണ് കുഞ്ഞിന് കൂടുതല്‍ പ്രശ്‌നങ്ങളുണ്ടായത്. ഇതിനിടയിലെല്ലാം പടക്കം പൊട്ടിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായും അവര്‍ പറഞ്ഞു. എന്നാല്‍ ആ അഭ്യര്‍ഥന ആരും വകവെച്ചില്ലെന്നും കുടുംബം പറഞ്ഞു.

Latest