Connect with us

VRATHA VISHUDDHI

വെളുത്തിട്ട് പാറുന്ന മനസ്സ്

. മനസ്സിന്റെ ആരോഗ്യത്തിന് ഹാനികരമായതിനൊന്നും മനസ്സ് കൊടുക്കരുത്. അവ ചിന്തിക്കുകയും ആ ലോചിക്കുകയും ചെയ്യരുത്. ദേഷ്യം, പക, വിദ്വേഷം, വെറുപ്പ്, തുടങ്ങിയവ പുകഞ്ഞ് പുകഞ്ഞ് അകം കറുത്ത് പോകും

Published

|

Last Updated

ശുദ്ധമായ കാട്ടുതേൻ, പരിശുദ്ധമായ വെളിച്ചെണ്ണയിൽ നിർമിച്ചത്, കഴുകി ശുദ്ധീകരിച്ച് പൊടിച്ചെടുത്തത്, ഓരോ പണത്തൂക്കത്തിലും
പരിശുദ്ധിയുടെ പൊൻതിളക്കം…
എല്ലാവരും ഇഷ്ടപ്പെടുന്ന സ്വഭാവ ഗുണമാണ് പരിശുദ്ധി. നമ്മൾ വാങ്ങുന്ന സാധനങ്ങൾ, ഉപയോഗിക്കുന്ന വസ്തുക്കൾ, കഴിക്കുന്ന വിഭവങ്ങൾ തുടങ്ങി എല്ലാം പരിശുദ്ധമായിരിക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് വ്യവസായ സ്ഥാപനങ്ങൾ അവരുടെ ഉത്പന്നങ്ങൾ പരിചയപ്പെടുത്തുമ്പോൾ പരിശുദ്ധം, ശുദ്ധമായത്, കലർപ്പില്ലാത്ത, ശുദ്ധീകരിച്ചത് എന്നൊക്കെ എഴുതിച്ചേർക്കുന്നത്. ഇത്തരം വിശേഷണങ്ങൾ കാണുമ്പോൾ പരസ്യത്തിൽ ആകൃഷ്ടരായി നമ്മളത് വാങ്ങുകയും അതുവഴി ഉത്പന്നങ്ങൾ കൂടുതൽ വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു.
ഉപഭോഗ വസ്തുക്കളിൽ മാത്രമല്ല വ്യക്തിത്വത്തിന്റെ കാര്യത്തിലും പരിശുദ്ധി ആഗ്രഹിക്കുന്നവരാണ് മനുഷ്യർ. സ്വന്തം വ്യക്തിത്വം വിശേഷപ്പെട്ടതാകാൻ ഇഷ്ടപ്പെടുന്നത് പോലെതന്നെ നമ്മോട് ഇടപഴകുന്നവരും ഇടപാട് നടത്തുന്നവരും സംശുദ്ധരാകണമെന്നാണ് നമ്മുടെ താത്പര്യം. ഓഫീസ് ബോയ്, സെയിൽസ്മാൻ, അക്കൗണ്ടന്റ്‌തുടങ്ങി ജോലികൾക്ക് നിശ്ചയിക്കുന്നവർ വിശുദ്ധ മനസ്കരായിരിക്കണമെന്ന കണിശത നാം പുലർത്തുകയും ചെയ്യുന്നു. എന്നാൽ എന്താണ് മനസ്സിന്റെ പരിശുദ്ധി.
ഈ വിഷയത്തിൽ നബി(സ) പറഞ്ഞത് നോക്കൂ. ഒരാൾ നബിയോട് നല്ലവനാരാണെന്ന് ചോദിച്ചപ്പോൾ അവിടുന്ന് കൊടുത്ത മറുപടി കളങ്കം തീണ്ടാത്ത മനസ്സും സത്യസന്ധമായ നാവുമുള്ളവനാണ് നല്ലവനെന്നായിരുന്നു. ചോദ്യ കർത്താവ് വീണ്ടും ചോദിച്ചു. സത്യസന്ധതയുള്ള നാവ് എന്താണെന്ന് മനസ്സിലായി, എന്നാൽ കളങ്കമില്ലാത്ത മനസ്സ് പിടികിട്ടിയില്ല. അതിന് നബി കൊടുത്ത മറുപടി ഇങ്ങനെയായിരുന്നു: ദുഷിപ്പുകളിൽ നിന്ന് മുക്തമായ, തെറ്റുകളിൽ നിന്ന് അകന്ന് കഴിയുന്ന, അക്രമപ്രവർത്തനങ്ങൾ ചിന്തിക്കാത്ത, മറ്റുള്ളവരോട് പകയില്ലാത്ത, മറ്റുള്ളവരുടെ ഐശ്വര്യവും ക്ഷേമാവസ്ഥയും നീങ്ങിപ്പോകണമെന്നാഗ്രഹിക്കാത്ത മനസ്സുണ്ടല്ലോ, അതാണ് നല്ല മനസ്സ്.
മേൽ പറഞ്ഞവയെല്ലാം മനസ്സിനെ ബാധിക്കുന്ന കേടുകളാണ്. ഇതിൽ നിന്ന് മുക്തമാകുന്പോഴാണ് മനസ്സ് പരിശുദ്ധമായി തീരുന്നത്. കുട്ടികളുടെ മനസ്സിൽ കളങ്കമില്ലെന്ന് കേട്ടിട്ടില്ലേ. നിഷ്കളങ്കമായ മനസ്സുമായാണ് ഓരോരുത്തരും പിറന്ന് വീഴുന്നത്. പ്രായം കൂടുന്നതനുസരിച്ച് മനസ്സിന്റെ അവസ്ഥകൾ മാറും. ദോഷങ്ങൾ ചെയ്യാൻ തുടങ്ങും. ദുഷിപ്പുകളിലും മലീമസമായ പ്രവർത്തനങ്ങളിലും ഏർപ്പെടും. പതുക്കെ മനസ്സിൽ കളങ്കത്തിന്റെ കറകൾ പുരളാൻ തുടങ്ങും.
മനസ്സിന്റെ അറബി പദമാണ് ഖൽബ്. മാറി മറിഞ്ഞുകൊണ്ടിരിക്കുന്നത് എന്നാണ് ഖൽബ് എന്ന പദത്തിനർഥം. നല്ലതും ചീത്തയും ശരിയും തെറ്റും പറ്റുന്നതും പാടില്ലാത്തതുമെല്ലാം മനസ്സിലൂടെ മിന്നി മറിഞ്ഞുകൊണ്ടിരിക്കും. മനസ്സിന്റെ ആരോഗ്യത്തിന് ഹാനികരമായതിനൊന്നും മനസ്സ് കൊടുക്കരുത്. അവ ചിന്തിക്കുകയും ആ ലോചിക്കുകയും ചെയ്യരുത്.
ദേഷ്യം, പക, വിദ്വേഷം, വെറുപ്പ്, തുടങ്ങിയവ പുകഞ്ഞ് പുകഞ്ഞ് അകം കറുത്ത് പോകും. ഇവക്ക് പൊരിയാനും പുകയാനുമൊന്നും സമയം കൊടുക്കരുത്. നന്മകൾ മാത്രം ചിന്തിക്കുക. നല്ലത് മാത്രം ആലോചിക്കുക. മനസ്സിന്റെ ആരോഗ്യം സംരക്ഷിക്കുകയും നിലനിർത്തുകയും ചെയ്യുക.

Latest