Kerala
അടൂര്‍ എം സി റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു
കുന്നിക്കോട് ശ്രീശൈലം വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ഗോപിക (27) ആണ് മരിച്ചത്.
അടൂര്‍ | പത്തനംതിട്ട അടൂര്‍ എം സി റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു. പത്ത് ദിവസം പ്രായമായ കുഞ്ഞ് ഉള്‍പ്പെടെ നാലുപേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ഏനാത്ത് എം ജി ജങ്ഷന് സമീപം ഹുണ്ടായ് ഷോറുമിനടുത്താണ് അപകടമുണ്ടായത്.
കുന്നിക്കോട് ശ്രീശൈലം വീട്ടില്‍ രഞ്ജിത്തിന്റെ ഭാര്യ ഗോപിക (27) ആണ് മരിച്ചത്. ഭര്‍ത്താവ് രഞ്ജിത്ത് (38), രഞ്ജിത്തിന്റെ പിതാവ് രാധാകൃഷ്ണന്‍ (57), ഗോപികയുടെ അമ്മ രാധാമണി (54), ഗോപികയുടെ 10 ദിവസം പ്രായമായ കുഞ്ഞ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ചെങ്ങന്നൂരിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അസുഖ ബാധിതനായ കുഞ്ഞിനെ അടൂരിലെ ലൈഫ് ലൈന്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോയ ശേഷം മടങ്ങി വരികയായിരുന്ന ഗോപികയും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി റിക്‌സ് കാര്‍ എതിരെ വന്ന ഹോണ്ട സിറ്റി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഹോണ്ട സിറ്റിയിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് നിസ്സാര പരുക്കേറ്റു. നാട്ടുകാരും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.