rape case
യു പിയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി തെരുവില്‍ ഉപേക്ഷിച്ചു
കീറിയ വസ്ത്രം ധരിച്ച നിലയില്‍ തെരുവില്‍ ഇരിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്
ലഖ്നൗ | ഉത്തര്‍പ്രദേശില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയശേഷം അര്‍ധനഗ്നയാക്കി തെരുവില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഗാസിയാബാദ് കമ്മീഷണറേറ്റിലെ വേവ്സിറ്റി പോലീസ് സ്റ്റേഷന് പരിധിയിലെ ലാല്‍കുവാന്‍ ചോക്കിക്ക് സമീപം റോഡരികിലാണ് യുവതിയെ കണ്ടെത്തിയത്. കൊല്‍ക്കത്തയിലെ ആര് ജി കാര്‍ മെഡിക്കല്‍ കോളജില്‍ 31കാരിയായ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയതില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് ഗാസിയാബാദിലെ ഞെട്ടിക്കുന്ന സംഭവം.
കീറിയ വസ്ത്രം ധരിച്ച നിലയില്‍ തെരുവില്‍ ഇരിക്കുന്ന യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വഴിയാത്രക്കാരന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ചോദിച്ചപ്പോഴാണ് യുവതി കാര്യങ്ങള്‍ പറഞ്ഞത്.
ഒരു സംഘം തന്നെ തട്ടിക്കൊണ്ടുപോയി കുറ്റിക്കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് വഴിയരികില്‍ ഉപേക്ഷിക്കുകയും ചെയ്തതായി യുവതി പറഞ്ഞു. ബലാത്സംഗത്തിനിരയാക്കി അര്‍ധരാത്രിയോടെ ലാല്‍കുവാന്‍ പ്രദേശത്താണ് യുവതിയെ ഉപേക്ഷിച്ചത്.
യുവതിയെ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സര്‍ക്കിള്‍ എ സി പി പൂനം മിശ്ര മാധ്യമങ്ങളോട് പറഞ്ഞു. മാനസിക നിലതെറ്റിയ നിലയിലാണ് യുവതിയെ തെരുവില്‍ കണ്ടത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായും എ സി പി അറിയിച്ചു.