Editors Pick
22,000 രൂപക്ക് ഓൺലൈനിൽ സാധനം ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് ഒഴിഞ്ഞ കവർ
ഇ കൊമേഴ്സ് പോർട്ടലായ ആമസോണിൽ കാറിന്റെ ഇ സി യു പ്രോഗ്രാമർ ഓർഡർ ചെയ്ത മെക്കാനിക്കൽ എൻജിനീയറായ യുവതിയാണ് പറ്റിക്കപ്പെട്ടത്
കോഴിക്കോട് | ഇ കൊമേഴ്സ് പോർട്ടലായ ആമസോണിൽ 22,000 രൂപയുടെ സാധനം ഓർഡർ ചെയ്ത യുവതിക്ക് ലഭിച്ചത് ഒഴിഞ്ഞ കവർ. മെക്കാനിക്കൽ എൻജിനിയറായ കോഴിക്കോട് എലത്തൂർ സ്വദേശി റെനിയാണ് പറ്റിക്കപ്പെട്ടത്.
ജോലി ആവശ്യങ്ങൾക്കായ് ആമസോണിൽനിന്ന് കാറിന്റെ ഇ സി യു പ്രോഗ്രാമറാണ് റെനി ഓർഡർ ചെയ്തത്. ഇതിന്റെ വിലായ 22,000 രൂപ മൊത്തമായി അടക്കുകയും ചെയ്തു. തുടർന്ന് റെനിക്ക് ബ്ലൂഡാർട്ട് എന്ന കൊറിയർ ഏജൻസിയുടെ വിതരണക്കാരനിൽ നിന്നും ലഭിച്ചതാവെട്ടെ കാലി കവർ.
സാധനം കിട്ടിയ ഉടനെതന്നെ കാലി കവറാണെന്ന് മനസ്സിലാക്കിയ റെനി സാധനം തിരിച്ചേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ ഡെലിവറി ബോയ് വാങ്ങാൻ തയ്യാറായില്ലത്രെ. സാധനം കവറിൽ ലഭ്യമല്ലാത്തതിനാൽ റിട്ടേൺ ചെയ്യാനും സാധിച്ചില്ല. ഇതേ തുടർന്ന് റെനി കസബ പോലീസിലും ആമസോണിന്റെ കസ്റ്റമർകെയർ വിഭാഗത്തിലും പരാതി നൽകി.
നവംബർ 17-നകം പരാതിയിൽ അന്വേഷണം നടത്തി വിവരം അറിയിക്കുമെന്ന് ആമസോണിൽ നിന്ന് പറഞ്ഞിരുന്നെങ്കിലും ഇത് സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നും റെനിക്ക് ലഭിച്ചിട്ടില്ല.