Connect with us

smrthi

അധ്യാപന കലയിലെ അത്ഭുത വ്യക്തിത്വം

ഹദീസ് പണ്ഡിതൻ, കർമശാസ്ത്ര വിശാരദൻ, ഗോളശാസ്ത്ര വിദഗ്ധൻ, മാതൃകാ അധ്യാപകൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ... ശൈഖുനാ നെല്ലിക്കുത്ത് ഉസ്താദിന്റെ ബഹുമുഖ വ്യക്തിത്വം അവാച്യമായിരുന്നു.

Published

|

Last Updated

ഹദീസ് പണ്ഡിതൻ, കർമശാസ്ത്ര വിശാരദൻ, ഗോളശാസ്ത്ര വിദഗ്ധൻ, മാതൃകാ അധ്യാപകൻ, പ്രഭാഷകൻ, ഗ്രന്ഥകാരൻ… ശൈഖുനാ നെല്ലിക്കുത്ത് ഉസ്താദിന്റെ ബഹുമുഖ വ്യക്തിത്വം അവാച്യമായിരുന്നു. ജനാബ് അഹ്മദ് മുസ്‌ലിയാരുടെയും കോടക്കുത്ത് മറിയം എന്നവരുടെയും മകനായി 1939ലാണ് ജനനം. ഏഴാം വയസ്സിൽ പിതാവും പന്ത്രണ്ട് വയസ്സുള്ളപ്പോൾ മാതാവും മരണപ്പെട്ടു. അനാഥത്വത്തിന്റെ നോവുകൾ പേറിയുള്ള കുട്ടിക്കാലം. അറിവിന്റെ അക്ഷരമുറ്റത്തെത്തിയതോടെ ഇല്ലായ്മയും സങ്കടങ്ങളും മറന്നു.

ദയൂബന്ധിലെ പഠനമുൾപ്പെടെ നീണ്ട 14 വർഷമാണ് ദർസ് പഠനത്തിനായി ചെലവഴിച്ചത്. ഓരോ വിജ്ഞാന ശാഖയിലും ഏറ്റവും മികച്ച ഗുരുനാഥന്മാരെ തന്നെ കണ്ടെത്തി ആഴത്തിലുള്ള പഠനം തന്നെ നടത്തി. അപൂർണമെന്നു തോന്നിയ ചില വിഷയങ്ങൾ വീണ്ടും പഠിച്ചു. പഠന കാലത്തു തന്നെ പ്രഭാഷണ കലയിലും ആദർശ സംവാദങ്ങളിലും കഴിവ് തെളിയിച്ചു.
1964ൽ കൊണ്ടോട്ടിക്കടുത്ത അരിമ്പ്രയിലെ പഴങ്ങരത്തൊടി ജുമുഅത്തു പള്ളിയിലാണ് ആദ്യമായി ദർസ് ആരംഭിക്കുന്നത്. ഗൃഹസന്ദർശനത്തിലൂടെയും വയോജന ദർസ് സംഘടിപ്പിച്ചും നാട്ടിൽ മാറ്റത്തിന്റെ സുഗന്ധം പരത്തി. നാട്ടുകാർ തങ്ങളുടെ ഇഷ്ടപ്പെട്ട ഗുരുവിനെ അവിടുത്തെ 27-ാം വയസ്സിൽ തന്നെ സ്ഥലം ഖാസിയായി നിശ്ചയിച്ചു. മരണം വരെ ആ സ്ഥാനത്ത് തുടർന്നു.

ദർസ് നടത്തുന്ന നാട്ടിലെ എല്ലാ സാമൂഹിക പ്രശ്‌നങ്ങളിലും ഉസ്താദിന്റെ ഇടപെടലുണ്ടാകും.
കാവനൂരിലും പൊടിയാട്ടും ദർസ് നടത്തിയതിനുശേഷം ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്‌ലിയാരുടെ ക്ഷണപ്രകാരം 1980ൽ നന്തി ദാറുസ്സലാം അറബിക് കോളജിൽ വൈ. പ്രിൻസിപ്പലായി ചുമതലയേറ്റു. ഈ കാലത്താണ് തൗഹീദ് ഒരു സമഗ്ര പഠനം എന്ന അനുഗൃഹീത ഗ്രന്ഥരചന നടത്തിയത്. മതപരിഷ്‌കരണ വാദികളെ പിടിച്ചുലച്ച ഈ ഗ്രന്ഥത്തിന് മൗലവിമാരുടെ ഒരു സംഘം ഒന്നിച്ചാണ് മറുപടി എഴുതാൻ ശ്രമിച്ചു പരാജയപ്പെട്ടത്. 1983ലെ കൊട്ടപ്പുറം സംവാദത്തിൽ സുൽത്വാനുൽ ഉലമക്കൊപ്പം പങ്കെടുക്കുകയുണ്ടായി. 15 വർഷക്കാലം സുന്നിവോയ്സിന്റെ ചീഫ് എഡിറ്ററായിട്ടുണ്ട്.

1985 മുതൽ 2011 വരെ മർകസിൽ ശൈഖുൽ ഹദീസ്, വൈസ് പ്രിൻസിപ്പൽ തുടങ്ങിയ പദവിയിൽ പ്രവർത്തിച്ചതാണ് ഉസ്താദിന്റെ അധ്യാപന ജീവിതത്തിലെ ഏറ്റവും പുഷ്‌കലമായ കാലം. 1994- 95 കാലത്ത് ആ അധ്യാപന രീതി അനുഭവിച്ചറിയാൻ സാധിച്ചത് വിദ്യാർഥി ജീവിതത്തിലെ മറക്കാനാകാത്ത ഓർമകളാണ്.

സരളവും സരസവുമായ അവതരണം, അഞ്ഞൂറോളം വിദ്യാർഥികൾ മുന്നിലുണ്ടെങ്കിലും എല്ലാവരെയും ശ്രദ്ധിക്കുന്നതായി അനുഭവപ്പെടും. പ്രമാണവും ബുദ്ധിപരവുമായ സമർഥനവും ചേർന്ന സർഗാത്മകമായ ആ ക്ലാസ്സ് മണിക്കൂറുകൾ കഴിഞ്ഞാലും മടുപ്പ് വരില്ല. ഏത് വിജ്ഞാന ശാഖയും അനായാസം കൈകാര്യം ചെയ്യുന്ന ഉസ്താദ് അധ്യാപന രംഗത്തെ അത്ഭുതമായിരുന്നു. എട്ട് വാല്യങ്ങളുള്ള മിർആതുൽ മിഷ്‌കാത്തടക്കം അറബിയിലും മലയാളത്തിലുമായി കനപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ സമ്മാനിച്ചുകൊണ്ടും പതിനായിരത്തോളം ബിരുദ ധാരികളായ പണ്ഡിതന്മാരെ വാർത്തെടുത്തുകൊണ്ടും തന്റെ ജീവിതം സാർഥകമാക്കിയ ഉസ്താദ് 2011 ഏപ്രിൽ മൂന്നിന് (റബീഉൽ ആഖിർ 29) ഈ ലോകത്തോട് വിടപറഞ്ഞു.