Connect with us

global hunger index

പട്ടിണിയില്ലാത്ത ലോകം ഇന്നും വിദൂരസ്വപ്നം

വിഭവങ്ങളുടെ കുറവല്ല, നമ്മുടെ വ്യവസ്ഥിതികളുടെയും ഭരണക്രമത്തിന്റെയും താളപ്പിഴയാണ് ദാരിദ്ര്യത്തിനും വിശപ്പിനും കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആഗോള ജനതക്ക് മതിയായ തോതിൽ ഭക്ഷ്യധാന്യങ്ങൾ ലോകത്ത് ഉത്പാദിപ്പിക്കുന്നുണ്ട്.

Published

|

Last Updated

ലോക ഭക്ഷ്യ ദിനമാണിന്ന്. വിശപ്പും ദാരിദ്ര്യവും തുടച്ചു നീക്കണമെന്ന് ഭരണകൂടങ്ങളെയും ആഗോള സമൂഹത്തെയും ഓർമപ്പെടുത്താനായി, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ച് 1979 മുതൽ എല്ലാ വർഷവും ഒക്ടോബർ 16, ലോക ഭക്ഷ്യദിനമായി ആചരിക്കുന്നു ലോകരാഷ്ട്രങ്ങൾ. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെയുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ഭക്ഷ്യദിനാചരണം 43 വർഷം കടന്നു പോയിട്ടും ലോകത്ത് 100 കോടിയിലധികം പേർ വിശപ്പും ദാരിദ്ര്യവും അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്നാണ് യുനൈറ്റഡ് നാഷൻസ് ഡെവലപ്‌മെന്റ് പ്രോഗ്രാമും (യു എൻ ഡി പി), ഓക്സ്ഫോഡ് പോവർട്ടി ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവും (ഒ പി എച്ച് ഐ) ചേർന്നു 2018ൽ പുറത്ത് വിട്ട റിപോർട്ട് വ്യക്തമാക്കുന്നത്. ലോകബേങ്ക് പുറത്തു വിട്ട ഏറ്റവും ഒടുവിലത്തെ കണക്കു പ്രകാരം ലോകത്തെ 790 കോടി ജനങ്ങളിൽ 130 കോടിയോളം പേർക്ക് രണ്ട് നേരത്തെ ഭക്ഷണം പോലും കൃത്യമായി ലഭിക്കുന്നില്ല. 300 കോടി പേർക്ക് ആവശ്യമായ അളവിൽ പോഷകസമൃദ്ധമായ ആഹാരം ലഭ്യമല്ല. ആഫ്രിക്കയിലും മറ്റു അവികസിത രാജ്യങ്ങളിലും മാത്രമല്ല, വികസിത നാടുകളിലുൾപ്പെടെ പാർശ്വവത്കൃത വിഭാഗങ്ങൾ മതിയായ ആഹാരം കിട്ടാതെ വിഷമിക്കുന്നുണ്ട്. സമ്പന്ന രാജ്യങ്ങളിൽപ്പോലും ദരിദ്രർ പെരുകുകയും ഭക്ഷ്യദൗർലഭ്യം അനുഭവപ്പെടുകയും ചെയ്യുന്നു. വിശപ്പും ദാരിദ്ര്യവുമില്ലാത്ത ലോകം ഇന്നും ഒരു വിദൂര സ്വപ്നമായി അവശേഷിക്കുന്നു.

ലോകത്ത് പട്ടിണി മൂലം ഓരോ നാല് സെക്കൻഡിലും ഒരാൾ മരിക്കുന്നുവെന്നാണ് ഓക്സ്ഫാം, സേവ് ദി ചിൽഡ്രൻ, പ്ലാൻ ഇന്റർനാഷനൽ തുടങ്ങി 75 രാജ്യങ്ങളിൽ നിന്നുള്ള 238 സംഘടനകൾ അടുത്തിടെ ഐക്യരാഷ്ട്ര സഭക്കയച്ച തുറന്ന കത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഓരോ ദിവസവും 19,700 പേർ പട്ടിണി മൂലം മരിക്കുന്നു. കാർഷിക രംഗത്ത് സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പട്ടിണിയെക്കുറിച്ച് സംസാരക്കേണ്ടി വരുന്നുവെന്നത് ദയനീയമാണെന്നു കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇരുപത്തൊന്നാം നൂറ്റാണ്ട് പട്ടിണിമുക്തമായിരിക്കുമെന്നാണ് ലോകനേതാക്കൾ അവകാശപ്പെട്ടിരുന്നത്.എന്നാൽ അതൊരു അകന്ന പ്രതീക്ഷ മാത്രമാണ്. പട്ടിണി മറികടക്കാൻ അന്താരാഷ്ട്രതലത്തിൽ ശക്തമായ നടപടികൾ ആവശ്യമാണെന്നും സംഘടനകൾ ഉണർത്തി.

ഇന്ത്യയിൽ ദാരിദ്ര്യം കൂടിവരുന്നതായാണ് ഏറ്റവുമൊടുവിലത്തെ നിതി ആയോഗ് റിപോർട്ട് വ്യക്തമാക്കുന്നത്. ജനസംഖ്യയുടെ 25 ശതമാനവും ദാരിദ്ര്യത്തിലാണ്. പത്ത് കോടിയോളം പേർ കൃത്യമായി ഭക്ഷണംപോലും കിട്ടാതെ നരകയാതനയനുഭവിക്കുന്ന അതിദരിദ്രരാണെന്നും നിതി ആയോഗ് റിപോർട്ടിൽ പറയുന്നു. ആഗോള പട്ടിണി സൂചികയിൽ അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്കക്കുമെല്ലാം പിന്നിലായി 107ാംസ്ഥാനത്താണ് ഇന്ത്യ. ഐറിഷ് ജീവകാരുണ്യ സംഘടനയായ കൺസേൺ വേൾഡ്‌വൈഡും ജർമൻ സംഘടനയായ വെൽറ്റ് ഹംഗർ ഹിൽഫെയും ചേർന്നു തയ്യാറാക്കിയ റിപോർട്ടിൽ ഗുരുതര പട്ടിണി സാഹചര്യങ്ങളുള്ള മുപ്പത് രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉൾപ്പെടുത്തിയിരിക്കുന്നത്. രാജ്യത്ത് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികളിൽ 15.3 ശതമാനം പോഷകാഹാരക്കുറവും 17.3 ശതമാനം തൂക്കക്കുറവും 34.7 ശതമാനം വളർച്ചാ മുരടിപ്പും അനുഭവിക്കുന്നു.

കാലാവസ്ഥാ വ്യതിയാനം, കാർഷിക മേഖലയിൽ നിന്നുളള ജനങ്ങളുടെ പിന്നോട്ടടി തുടങ്ങിയവയാണ് പട്ടിണി നിർമാർജത്തിനു വിലങ്ങുതടിയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. യു എൻ കണക്കുകൾ പ്രകാരം ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങൾക്കും അവരുടെ ജനസംഖ്യയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഭക്ഷണം ഉത്പാദിപ്പിക്കാനുള്ള കഴിവുണ്ട്. എന്നാൽ പല രാഷ്ട്രങ്ങളും കൃഷിക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. അതേസമയം ആയുധങ്ങൾ വാങ്ങിക്കൂട്ടുന്നത് ഉൾപ്പെടെ പ്രതിരോധ രംഗത്ത് ആവശ്യത്തിൽ കവിഞ്ഞ ജാഗ്രത പുലർത്തുകയും ചെയ്യുന്നു. ജനസംഖ്യ വൻതോതിൽ വർധിക്കുകയും കൃഷിയോഗ്യമായ ഭൂമിയുടെ അളവ് കുറഞ്ഞു വരികയും ചെയ്യുന്ന സാഹചര്യത്തിൽ നിലവിലുള്ള ഭൂമിയുടെ ജൈവ ഉത്പാദനക്ഷമത വർധിപ്പിക്കുകയാണ് ഭക്ഷ്യധാന്യങ്ങൾ വർധിപ്പിക്കാൻ കാർഷിക വിദഗ്ധർ നിർദേശിക്കുന്ന മാർഗം. ബയോടെക്നോളജി, പുതിയതും ഉയർന്ന വിളവ് നൽകുന്നതുമായ ഇനങ്ങളുടെ ഉപയോഗം, പുതിയ കൃഷിരീതികൾ എന്നിവ ഇക്കാര്യത്തിൽ നിർണായക പ്രാധാന്യമുള്ളവയാണ്.

അതേസമയം വിഭവങ്ങളുടെ കുറവല്ല, നമ്മുടെ വ്യവസ്ഥിതികളുടെയും ഭരണക്രമത്തിന്റെയും താളപ്പിഴയാണ് ദാരിദ്ര്യത്തിനും വിശപ്പിനും കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ആഗോള ജനതക്ക് മതിയായ തോതിൽ ഭക്ഷ്യധാന്യങ്ങൾ ലോകത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. പക്ഷേ എല്ലാവരുടെയും കൈകളിൽ എത്തിപ്പെടുന്നില്ല. ഒരു ഭാഗത്ത് ഭക്ഷ്യധാനങ്ങൾ കുന്നുകൂടുന്നു. മറ്റൊരു ഭാഗത്ത് ഭക്ഷണം ലഭിക്കാതെ ജനങ്ങൾ ദൂരിതമനുഭവിക്കുന്നു. അതിനിടെ ഭക്ഷണം വൻതോതിൽ പാഴാക്കുകയും ചെയ്യുന്നു. ലോകത്ത് പ്രതിവർഷം 100 കോടി ടൺ ഭക്ഷണം പാഴാകുന്നുവെന്നാണ് ഐക്യരാഷ്ട്ര സഭയുടെ രണ്ട് വർഷം മുമ്പത്തെ കണക്ക്. 91.6 ദശലക്ഷം ടൺ ഭക്ഷണം പ്രതിവർഷം പാഴാക്കുന്ന ചൈനയാണ് മുന്നിൽ. തൊട്ടു പിന്നിൽ 68.8 ദശലക്ഷം ടൺ പാഴാക്കുന്ന ഇന്ത്യയാണ്. അമേരിക്കയിൽ 19.4 ദശലക്ഷം ടണ്ണും ഫ്രാൻസിലും ജർമനിയിലും ഏകദേശം അഞ്ച് മുതൽ ആറ് ദശലക്ഷവും ഭക്ഷ്യധാന്യങ്ങൾ മാലിന്യത്തിലേക്ക് പോകുന്നുണ്ട്. ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യധാന്യങ്ങൾ കേടുകൂടാതെ സൂക്ഷിക്കുകയെന്നതും പ്രധാനമാണ്. ധാന്യങ്ങൾ കേടായി വൻതോതിൽ നശിപ്പിക്കപ്പെടുന്ന സ്ഥിതി വിശേഷം മിക്ക രാജ്യങ്ങളിലുമുണ്ട്. ഫുഡ് കോർപറേഷൻ ഇന്ത്യയുടെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ഉപയോഗ ശൂന്യമായ ധാന്യങ്ങൾ നശിപ്പിക്കുന്നത് പതിവു സംഭവമാണല്ലോ. രാജ്യത്ത് നല്ലൊരു വിഭാഗം കടുത്ത പട്ടിണി മൂലം ദുരിതമനുഭവിക്കുമ്പോഴാണ് ഇതെന്നോർക്കണം.