മുഖാമുഖം
യാത്ര പോലൊരു എഴുത്തും എഴുത്തിനൊപ്പം യാത്രയുമായി ഒരാള്‍...
ഷിനിലാലിന്റെ എഴുത്തിന് ഒരു ദൗത്യമുണ്ടെന്ന് അദ്ദേഹത്തിന്റെ വായനക്കാര്‍ക്കറിയാം.'നരോദ്യപാട്യയിലേക്കുള്ള ബസ്' എന്ന പുസ്തകത്തിന്റെ പേരില്‍ തന്നെയുണ്ടത്.അതൊരു അടയാളപ്പെടുത്തലാണ്.പല പതിപ്പുകളിറങ്ങിയ ഒമ്പത് പുസ്തകങ്ങള്‍.നോവലും കഥാസമാഹാരങ്ങളും.കേരള സാഹിത്യ അക്കാദമി പുരസ്‌കാരമുള്‍പ്പെടെ അംഗീകാരങ്ങളും.ഈ എഴുത്തുകാരനും ഇന്ത്യന്‍ റെയില്‍വേയിലെ ടിക്കറ്റ് എക്സാമിനറും നിരന്തരം യാത്രയില്‍ തന്നെയാണ്.ഈ എഴുത്തുകളുമായി 2025ലേക്ക് കടക്കുന്ന ഷിനിലാലുമായി കോയ കെ ആസാദ് സംസാരിക്കുന്നു.
യാത്രയും എഴുത്തുമാണ് ഷിനിലാലിന്റെ ജീവിതം. യാത്ര ചെയ്യുന്നത് എഴുതാന്‍ വേണ്ടിയല്ലെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഷിനിലാലിന്റെ എഴുത്തിന് ഒരു ദൗത്യമുണ്ടെന്ന് അദ്ദേഹത്തിന്റെ വായനക്കാര്‍ക്കറിയാം. “നരോദ്യപാട്യയിലേക്കുള്ള ബസ് ‘ എന്ന പുസ്തകത്തിന്റെ പേരില്‍ തന്നെയുണ്ടത്. അതൊരു അടയാളപ്പെടുത്തലാണ്. ഈ വര്‍ഷം പത്താമത്തെ പതിപ്പിറങ്ങിയ, സമ്പര്‍ക്കക്രാന്തി തന്നെ നോക്കുക, കേരള സാഹിത്യ അക്കാദമി അവാര്‍ഡടക്കം ഏറെ അംഗീകാരങ്ങൾ നേടിയ ഈ കൃതിയിലെ സമ്പര്‍ക്കക്രാന്തിയെന്ന ദീർഘദൂര തീവണ്ടി നമ്മുടെ ഇന്ത്യയുടെ ഒരു പരിച്ഛേദം തന്നെയാകുന്നിടത്താണ് എഴുത്തുകാരന്‍ വായനക്കാരനുമായി പങ്കുവെക്കാനുദ്ദേശിക്കുന്നതെന്തെന്ന് മനസ്സിലാകുന്നത്.
സമ്പര്‍ക്കക്രാന്തിക്കും 124 നും ഇടയില്‍ ബുദ്ധപഥവും ഗരിസപ്പയും സ്പര്‍ശവുമുണ്ട്. ഈ കഥകളിലുള്ള പോരാളിയല്ല മറ്റു കഥകളിലെ ബുദ്ധമാനസന്‍, ഷിനിലാലെന്ന എഴുത്തുകാരന്റെ റെയിഞ്ചും എഴുത്തുകളിലെ വ്യത്യസ്തതയുമാണ് ഇവിടെ അടയാളപ്പെടുത്തുന്നത്. “അടി’, “സ്പര്‍ശം’, ഇരു എന്നീ നോവലുകളില്‍ ചരിത്രം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് വേറെയൊരു ശൈലിയിലാണ്. അതിനാൽ തന്നെ ഈ എഴുത്തുകാരനെ ഒരു ഴോണറിന്റെ തൊഴുത്തിലും തളച്ചിടാനാകില്ല. പല പതിപ്പുകളിറങ്ങിയ ഒമ്പത് പുസ്തകങ്ങൾ. നോവലും കഥാസമാഹാരങ്ങളും. നൂറനാട് ഹനീഫ് സ്മാരക പുരസ്കാരം, ചാത്തന്നൂർ മോഹൻ പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം തുടങ്ങി അംഗീകാരങ്ങളും ഷിനിലാല്‍ എന്ന എഴുത്തുകാരനും ഇന്ത്യൻ റെയിൽവേയിലെ ടിക്കറ്റ് എക്സാമിനറും നിരന്തരം യാത്രയിൽ തന്നെയാണ്.
ചോദ്യം : യാത്രയാണ് ഷിനിലാലിന്റെ പല രചനകളുടെയും പശ്ചാത്തലം. പലവിധ സംസ്കൃതികള്‍ കടന്ന് സമ്പര്‍ക്കക്രാന്തിയും നരോദപാട്യയിലേക്കുള്ള ബസ്സും പോലെ.ചരിത്രവും വര്‍ത്തമാനവും അധികാരവും ഹിംസയും നടമാടിയ വഴികളിലൂടെ കടന്നുപോകുന്ന എഴുത്തുകള്‍, ഈ യാത്രകളിലെ ഒരു കഥാപാത്രം പോലെ എഴുത്തുകാരനും. ഈ ചലിക്കുന്ന ലോകത്തിലിരുന്നുകൊണ്ടുള്ള എഴുത്തിനുള്ള സവിശേഷത എന്താണ്. യാത്ര എഴുത്തിനുള്ള ശക്തിയായിട്ടുണ്ടോ ?
- ഉ : യാത്ര മനുഷ്യനെ പുതുക്കുന്നു. ഒരു കല്ല് ജലംകൊണ്ട് പരുവപ്പെടുന്നതു പോലെയാണത്. ചലിച്ച് അതിന്റെ മുള്ളുമുനകൾ മിനുങ്ങുന്നു. യാത്ര ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. കഥയെഴുതണം എന്നോ കഥാപാത്രങ്ങളെ കണ്ടു കിട്ടും എന്നോ കരുതിയല്ല യാത്ര ചെയ്യുന്നത്. യാത്ര യാത്രക്ക് വേണ്ടി മാത്രമാണ്. ആ വഴിയിൽ മനുഷ്യരും കഥകളും അനുഭവങ്ങളും സംഭവങ്ങളുമൊക്കെ ഉള്ളിൽ കടക്കും. കാലാന്തരത്തിൽ അവ കഥകളായി മാറിയേക്കാം. രാക്ഷസകാണ്ഡത്തിലെ രാവണനും സലപിലയിലെ സബൂർ അലിയും സമ്പർക്ക ക്രാന്തിയിലെ അനവധി കഥാപാത്രങ്ങളും ബുദ്ധപഥം എന്ന കഥ തന്നെയും യാത്രകളുടെ ബാക്കിയാണ്. തീർച്ചയായും യാത്ര എന്റെ എഴുത്തിന് പ്രേരണയായിട്ടുണ്ട്. മനുഷ്യ സ്വഭാവങ്ങളെ നിരീക്ഷിക്കാൻ അങ്ങനെ സാധിച്ചിട്ടുണ്ട്. മനുഷ്യജീവിതങ്ങൾ, ദുരന്തങ്ങൾ, പ്രതിരോധങ്ങൾ ഒക്കെ നേരിട്ട് കണ്ടറിഞ്ഞിട്ടുണ്ട്.
ചോദ്യം: “അടി’യിലെ കഥാപാത്രങ്ങൾ സംസാരിക്കുന്നത് തിരുവിതാംകൂറിന്റെ ഒരു പരമ്പരാഗത ഭാഷാശൈലിയിലാണ്. ആ നോവലിന്റെ കാലവും അതിലെ കഥാപാത്രങ്ങളുമായി ഇഴുകിച്ചേര്‍ന്ന ആ “പൊളപ്പന്‍’ ശൈലി കണ്ടെത്തിയതെങ്ങനെ ?. ചന്തയില്‍ നിന്ന് നല്ല കനമുള്ള “പള്ള്’ പെറുക്കിയെടുത്തിട്ടുണ്ട് അല്ലേ. അടിയിലെ ലോകം ഇത്രയും അടുത്തുകണ്ടത് , കണ്ടെത്തിയത് എങ്ങനെ ?
- ഉ : എന്റെ ചുറ്റുവട്ടത്തുള്ള മനുഷ്യരാണ് അടിയിലെ കഥാപാത്രങ്ങൾ. ഭാഷ അവർ ഉപയോഗിക്കുന്നത് തന്നെ. അവരുടെ ഭാഷയിൽ തെറിവിളിയൊക്കെ സ്വാഭാവികമാണ്. ഒരുകാലത്ത് മനുഷ്യർ കണ്ടുമുട്ടിയിരുന്ന പ്രധാന ഇടങ്ങളാണ് ചന്തകൾ. എന്റെ നാട്ടിൽ നെടുമങ്ങാട്, പോത്തൻകോട്, കന്യാകുളങ്ങര, പിന്നെ സിറ്റിയിൽ ചാലക്കമ്പോളം ഇങ്ങനെ പ്രധാന ചന്തകളുണ്ട്. അവിടെ മനുഷ്യർ പച്ചയാണ്. അവിടെ കസവുടുത്ത് മിനുക്കിയ ഭാഷയല്ല ഉള്ളത്. അവിടം മനുഷ്യ ബന്ധങ്ങളുടെയും ഭാഷയുടേയും ഒക്കെ മ്യൂസിയമാണ്. അവിടെ പുതിയ വാക്കുകൾ രൂപം കൊള്ളുന്നു. ആളുകൾ തമ്മിലുള്ള ഗാഢസൗഹൃദത്തിന് നെടുമങ്ങാട്ടുകാർ ഉപയോഗിച്ചിരുന്ന പദമാണ് യൂഡീസി . പതിറ്റാണ്ടുകൾക്ക് മുമ്പ് എം എം മൈതീൻ എന്ന മുസ്്ലിമും ജി കൃഷ്ണൻ നായർ എന്ന നായരും ചേർന്ന് നെടുമങ്ങാട്ട് യൂഡീസി എന്ന പേരിൽ 1958ൽ മലഞ്ചരക്ക് വ്യാപാരം ആരംഭിച്ചു. മരിക്കുന്നത് വരെ രണ്ടു പേരും തമ്മിൽ ഒരു തർക്കമോ തെറ്റിപ്പിരിയലോ ഉണ്ടായില്ല. അതിന്റെ ഓർമയാണ് യൂഡീസി എന്ന വാക്ക്. “അവമ്മാര് ഭയങ്കര യൂ ഡീ സിയാണ്.’ എന്നു പറഞ്ഞാൽ അഗാഥ സുഹൃത്തുക്കളാണ് എന്നാണർഥം. ഒരു സൗഹൃദം അങ്ങനെ നാട്ടുഭാഷയുടെ ഭാഗമായി മാറി.
ചോദ്യം : ഷിനിലാലിനെ വായിക്കുന്നൊരാള്‍ക്ക് ഒരേസമയം ആത്മീയമായ ശാന്തത അന്വേഷിക്കുന്ന, എന്നാല്‍ , അനീതിക്കെതിരെ ശബ്ദിക്കുന്ന നീതിബോധവും ഒരേ എഴുത്തുകാരനില്‍ കാണാനാകും. ശ്രീനാരായണ ഗുരു മുതല്‍ കുമാരനാശാനും ശ്രീബുദ്ധനുമൊക്കെ ഷിനിലാലിന്റെ ചിന്തകളെ സ്വാധീനിച്ചതായി കാണുന്നു. ആ തോന്നല്‍ യാഥാർഥ്യമാണോ ?. അത്തരമൊരു ദാര്‍ശനിക സ്വാധീനം ഷിനിലാലെന്ന വ്യക്തിക്ക് ഉണ്ടോ ?
- ഉ : ഞാൻ ഒരേ സമയം ബുദ്ധനും വ്യാഘ്രവും ആണ്. ചലനം, മൃത്യു, കാലം, മനുഷ്യാവസ്ഥ എന്നിങ്ങനെ ചില വിഷയങ്ങൾ എന്റെ അന്വഷണ പരിധിയിലുണ്ട്. അതേസമയം ഒരു രാഷ്ട്രത്തിൽ ജീവിക്കുന്ന വ്യക്തി എന്ന നിലയിൽ എനിക്ക് രാഷ്ട്രീയ ജീവിതമുണ്ട്. ഭരണകൂടങ്ങൾക്ക് താഴെ ജീവിക്കുന്നതിനാൽ അസ്വാതന്ത്ര്യം എന്ന ഭീതിയുണ്ട്. അതിൽ പ്രതിഷേധമുണ്ട്.
ചോദ്യം : “അന്നു ലോകം കൂടുതൽ സ്വതന്ത്രമായിരിക്കും. മനുഷ്യൻ മനുഷ്യനെ കുടുക്കാനായി പണിത നിയമങ്ങളുടെ ഓർമകൾ പോലും ഇല്ലാതാകും ‘ എന്ന് 124 ല്‍ വായിച്ചതോര്‍ക്കുന്നു. നമ്മുടെ ജനാധിപത്യത്തിന് സമത്വസുന്ദരമായ ഒരു ഭാവിയുണ്ടാകുമെന്ന് താങ്കളിലെ എഴുത്തുകാരന്‍ വിശ്വസിക്കുന്നുണ്ടോ ?
- ഉ : അതൊരു പ്രതീക്ഷയാണ്. ജനാധിപത്യം കുറഞ്ഞ പക്ഷം അങ്ങനെ ഒരു സ്വപ്നം കാണാനുള്ള സാധ്യതയെങ്കിലും ബാക്കി വക്കുന്നുണ്ട്. സർവാധികാരികളില്ലാത്ത ഒരു ലോകം. കാലം. സുന്ദരം. മനുഷ്യർക്ക് പറവകളുടെ പദവി.
ചോദ്യം : തിരുവിതാംകൂറിലെ മുന്നൂറ് വര്‍ഷത്തെ മനുഷ്യരുടെ കഥയാണല്ലോ ഇരു. ഇതേ ഭൂമികയിലാണ് സി വി രാമന്‍പിള്ളയുടെ മാര്‍ത്താണ്ഡ വര്‍മ്മയുടേയും ധര്‍മ്മരാജയുടേയുമൊക്കെ വേര്. സി വി രാമന്‍പിള്ളയെന്ന എഴുത്തുകാരനും അദ്ദേഹത്തിന്റെ കൃതികളും അതേ ദേശക്കാരനായ ഷിനിലാലെന്ന എഴുത്തുകാരനില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ട്.
- ഉ : സി വിയെ ഞാൻ കാണുന്നത് സഹ്യപർവത സമനായിട്ടാണ്. ഭാഷാരാവണൻ. തുല്യം വെക്കാൻ മറ്റൊരാളില്ല. അതുകൊണ്ടാണ് ഒന്നര നൂറ്റാണ്ടായിട്ടും സി വി നിലനിൽക്കുന്നത്. ആ സി വി കൈ തൊടാത്ത സാമാന്യ ജനതയുടെ കഥയും ജീവിതവും സംസ്കാരവുമാണ് ഇരുവിൽ ആവിഷ്കരിച്ചിട്ടുള്ളത്. സി വി ഉപയോഗിക്കാത്ത ഭാഷയും. മാർത്താണ്ഡ വർമ്മ നോവലിന്റെ ഒരു വിടവിലാണ് ഇരുവിന്റെ ചില പ്രധാന കഥാസന്ദർഭങ്ങൾ കൊളുത്തിയിട്ടിട്ടുള്ളത്.
ചോദ്യം : ജോലിയുടെ ഭാഗമായി മാത്രമല്ല , അതല്ലാതെയും ധാരാളം യാത്ര ചെയ്യുന്നൊരാളാണ് താങ്കൾ. അസ്സാമിലും ഹിമാചലിലുമൊക്കെ യാത്ര ചെയ്തതിന്റെ വിവരണവും ഒപ്പം ബുദ്ധപഥം എന്ന കഥക്ക് പ്രചോദനമായതും വായിച്ചിരുന്നു. യാത്രയില്‍ കൂടെക്കൊണ്ടുവരുന്ന കഥാപാത്രങ്ങളെക്കുറിച്ചും അനുഭവങ്ങളെക്കുറിച്ചും പറയാമോ ?.
- ഉ : എൻ ടി രാമറാവു മരിച്ച ദിവസം ആന്ധ്രയിൽ ആയിരുന്നു ഞാനും കൂട്ടുകാരനും. അന്നു കണ്ടുമുട്ടിയ മെല്ലിച്ച യുവാവാണ് രാമുലു. അയാൾ സമ്പർക്ക ക്രാന്തിയിൽ കടന്നുവന്നു. അജന്ത ഗുഹകളിൽ വെച്ചാണ് സന്ദീപ് പാട്ടീലിനെ പരിചയപ്പെട്ടത്. അയാൾ ബുദ്ധപഥത്തിൽ കയറി വന്നു. സമീറ ഫാത്തിമ എന്ന പേരിൽ സമ്പർക്ക ക്രാന്തിയിലുള്ളത് ട്രെയിനിൽ പരിചയപ്പെട്ട സ്ത്രീയാണ്. തിരുവനന്തപുരത്തേക്ക് വരുന്ന മാവേലി എക്സ്പ്രസ്സിൽ സൈഡ് ലോവർ ബർത്തിൽ കൈയിൽ കരുതിയിരുന്ന എമർജൻസി ലാംപ് കത്തിച്ച് പുസ്തകം വായിക്കുന്ന എം എൻ കാരശ്ശേരി മാഷിനെ ഒരിക്കൽ കണ്ടിരുന്നു. ധബോൽക്കർ എന്ന ജ്ഞാനവൃദ്ധൻ നോവലിൽ വരുമ്പോൾ എനിക്ക് ആ കാരശ്ശേരിയെ ഓർമ വന്നു.
ചോദ്യം : ചെറുകഥയായി , നീണ്ടകഥയായി , ചെറുനോവലായി വളര്‍ന്ന 124 വായിച്ചപ്പോള്‍ ഒരു നടുക്കമാണുണ്ടായത്. കുട്ടിക്കാലത്ത് ദേശീയഗാനവുമായി ബന്ധപ്പെട്ട നിസ്സാരമായ ഒരു പ്രശ്നം ഭീകരമായ ഒരു കുറ്റകൃത്യമാക്കി അവതരിപ്പിച്ച് സഹപാഠികള്‍ വിലപേശുന്നതും കഥയെഴുതുന്നയാള്‍ തന്നെ അത്യന്തം ഭീഷണമായ സാഹചര്യത്തില്‍ ജീവിക്കേണ്ടി വരുന്നതുമാണല്ലോ അതിന്റെ പ്രമേയം. ദബോല്‍ക്കറും ഗൗരിലങ്കേഷും തുടങ്ങിയ ഉദാഹരണങ്ങൾ ഈ കഥയെഴുതുന്ന കാലത്ത് ലൈവായി നില്‍ക്കുന്നുമുണ്ടായിരുന്നു.ചരിത്രത്തില്‍ എല്ലാ കാലത്തുമുള്ള ഒരു ന്യൂനപക്ഷമായ മനുഷ്യരുടെ ഭീതിയായി മാത്രം ഇതിനെ കാണാനാകുമോ ?
- ഉ : സമ്പൂർണാധികാരമുള്ള രാഷ്ട്രകൂടങ്ങളിലാണ് എല്ലാ ആധുനിക മനുഷ്യരും പിറന്ന് ജീവിച്ചു മരിക്കുന്നത്. രാഷ്ട്രങ്ങൾക്ക് തങ്ങൾക്ക് അഭികാമ്യരല്ലാത്തവരെ നിസ്സാരമായി ഇല്ലാതാക്കിക്കളയാൻ സാധിക്കും. തങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ട് എന്ന് അവക്ക് ആരെയോ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിന് വേണ്ടി മാത്രം മുൻ നിശ്ചയിക്കപ്പെട്ട ഒരു പ്രൊസീജിയറിലൂടെ നിങ്ങൾക്ക് കടന്നുപോകേണ്ടി വരുന്നു. ഈ പ്രൊസീജിയറിന്റെ കാര്യത്തിൽ മാത്രമാണ് രാജ / ഏകാധിപത്യ ഭരണവും ആധുനിക ഭരണകൂടവും വ്യത്യാസപ്പെട്ടിരിക്കുന്നത്. തിരിച്ചറിവുള്ള എല്ലാ മനുഷ്യർക്കും ആ ഭീതി ബാധകമാണ്.
ചോദ്യം : സ്വാഭാവികമായും ഈ ചോദ്യം ഭാവി എഴുത്തുകളെക്കുറിച്ചായിരിക്കുമല്ലോ , എന്താണ് പുതിയ എഴുത്തുകള്‍ ?
- ഉ : ഒരു ബാലനോവൽ എഴുതാൻ ശ്രമിക്കുന്നുണ്ട്. വളരെ വലിയ ഒരു പിരീഡിൽ സമാന്തരമായി മാത്രം സഞ്ചരിച്ചിരുന്ന ചില ചിന്താധാരകളെ ഒരു നോവലിനുള്ളിൽ അടുത്ത് പിടിച്ചിരുത്താനുള്ള ശ്രമമുണ്ട്. പിന്നെ സമ്പർക്ക ക്രാന്തിയുടെ ഇംഗ്ലീഷ് വിവർത്തനം വരുന്നുണ്ട്. പിന്നെ ഒരു ലൈറ്റ് നോവലും എഴുതുന്നുണ്ട്.