Connect with us

Articles

ഒന്നര വർഷം വീണവായന; പിന്നെ മാപ്പു പറച്ചില്‍

മണിപ്പൂർ മുഖ്യമന്ത്രി ഇതുവരെയും ആരോപിച്ചിരുന്നത് കലാപത്തിനു പിന്നില്‍ മയക്കുമരുന്ന്, കള്ളക്കടത്ത് സംഘങ്ങളാണെന്നായിരുന്നു. സ്വന്തം പാര്‍ട്ടിയായ ബി ജെ പിയിലെ എം എല്‍ എമാരില്‍ ഒരു വിഭാഗം തന്റെ നിലപാടുകള്‍ക്കെതിരെ രംഗത്തുവന്നിട്ടും ഇളകാതിരുന്ന ബിരേന്‍ സിംഗിന് പുതുവര്‍ഷമായ 2025ന്റെ പിറവിയോടനുബന്ധിച്ച് തന്റെ പിഴ എന്ന് പറയാന്‍ തോന്നിയത് എന്തുകൊണ്ടായിരിക്കും.

Published

|

Last Updated

നഗരം കത്തിയെരിയുമ്പോള്‍ വീണവായിച്ച രാജാവിന്റെ കഥ കേട്ടവരാണ് നമ്മള്‍. റോമാ സാമ്രാജ്യ കാലത്തെ ആ കഥയെ അനുസ്മരിപ്പിക്കുന്ന സംഭവങ്ങള്‍ ഇങ്ങ് മണിപ്പൂരില്‍ ആവര്‍ത്തിക്കുകയുണ്ടായി. 250ലേറെ പേര്‍ കൊല്ലപ്പെടുകയും അര ലക്ഷത്തിലേറെ പേരെ ഭവനരഹിതരാക്കുകയും ചെയ്ത കലാപം നിയന്ത്രിക്കാതെ ഒന്നര വര്‍ഷത്തിലേറെ കാലം വീണവായിച്ച് സമയം കളഞ്ഞ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് ഇപ്പോഴിതാ മാപ്പ് പറഞ്ഞിരിക്കുകയാണ്. കഴിഞ്ഞകാല തെറ്റുകള്‍ ക്ഷമിക്കാനും മറക്കാനും തയ്യാറാകണമെന്ന് ജനങ്ങളോട് അഭ്യര്‍ഥിച്ച മുഖ്യമന്ത്രി, വംശീയ കലാപം കൈകാര്യം ചെയ്തതില്‍ സര്‍ക്കാറിന് തെറ്റ് പറ്റിയതായി ഏറ്റുപറയുകയുമുണ്ടായി. 2023 മെയ് മൂന്ന് മുതല്‍ സംസ്ഥാനത്ത് നടന്ന അക്രമങ്ങളില്‍ പലര്‍ക്കും സ്വന്തക്കാരെ നഷ്ടപ്പെട്ടു. വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. അതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി നാല് മാസമായി സംസ്ഥാനം സമാധാനത്തിന്റെ പാതയിലാണെന്ന് അവകാശപ്പെടുകയും ചെയ്തു.

മുഖ്യമന്ത്രി ബിരേന്‍ സിംഗ് സംസ്ഥാന തലസ്ഥാനമായ ഇംഫാലില്‍ വെച്ച് മാധ്യമങ്ങളോട് ഇത് പറയുമ്പോള്‍ ഇംഫാലിന്റെ പടിഞ്ഞാറന്‍ ജില്ലയായ കാംഗ്‌പോകില്‍ വെടിയൊച്ച മുഴങ്ങുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ കുകി വിഭാഗത്തിലെ സ്ത്രീകള്‍ക്ക് പരുക്കേറ്റു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ ഭീതിയിലാണ്. സ്ത്രീകള്‍ അപമാനിക്കപ്പെടുന്ന സംഭവങ്ങള്‍ തുടരുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടുപോകുകയും അവരില്‍ ചിലരുടെ മൃതദേഹങ്ങള്‍ പുഴയില്‍ കണ്ടെത്തുകയും ചെയ്തത് അടുത്തിടെയാണ്. കുകി വിഭാഗത്തിന്റെ അധീനതയിലുള്ള കുന്നുകള്‍ക്കും മെയ്‌തെയ് വിഭാഗം ഭൂരിപക്ഷമുള്ള ഇംഫാല്‍ താഴ്വരക്കും ഇടയിലുള്ള “ബഫര്‍ സോണില്‍’ സ്ഥിതി ചെയ്യുന്ന ട്വിച്ചിംഗിലെ സൈബോള്‍ ഗ്രാമത്തില്‍ സുരക്ഷാ സേന നടത്തിയ ഓപറേഷനില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതും മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്കു മുമ്പില്‍ ഖേദപ്രകടനം നടത്തുന്നതിന്റെ തലേദിവസമായിരുന്നു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് കേന്ദ്ര സേനയെ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത-2ല്‍ ധര്‍ണ നടത്തിയവര്‍ക്കു നേരെ സൈന്യം ലാത്തിവീശുകയുണ്ടായി. സംഭവത്തില്‍ നിരവധി സ്ത്രീകള്‍ക്ക് പരുക്കേറ്റതായി “ഇന്‍ഡിജീനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം’ വനിതാ വിഭാഗം പരാതിപ്പെട്ടു. എന്നാല്‍ സര്‍ക്കാര്‍ സംഭവം മൂടിവെക്കുകയാണ്. വീടും കുടുംബവും നഷ്ടപ്പെട്ട് അഭയം തേടി ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും സുരക്ഷിതരല്ല.

2023 മെയ് മൂന്ന് മുതല്‍ മണിപ്പൂര്‍ ഇംഫാല്‍ താഴ്വരയില്‍ ഭൂരിപക്ഷമുള്ള മെയ്‌തെയ് സമുദായവും മലയോര ജില്ലകളില്‍ പ്രബലരായ ഗോത്രവര്‍ഗ കുകികളും തമ്മിലുള്ള വംശീയ സംഘര്‍ഷം അതായത് ഹിന്ദുക്കളും ക്രൈസ്തവരും തമ്മിലുള്ള സംഘട്ടനം സംസ്ഥാനത്തെ രണ്ട് ഭാഗങ്ങളായി മാറ്റിയിരിക്കുകയാണ്. ശത്രുരാജ്യങ്ങളോടെന്ന പോലെ റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് പരസ്പരം പൊരുതുകയായിരുന്നു. കലാപത്തില്‍ 260ഓളം പേര്‍ കൊല്ലപ്പെടുകയും അര ലക്ഷത്തിലേറെ പേര്‍ ഭവനരഹിതരാകുകയും ചെയ്തിട്ടുണ്ട്. മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ഭവനങ്ങള്‍ ആക്രമിക്കപ്പെട്ടു. പതിനായിരങ്ങള്‍ അയല്‍ സംസ്ഥാനമായ മേഘാലയയില്‍ അഭയം തേടിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരിലും വീടുകള്‍ നഷ്ടപ്പെട്ടവരിലും ഏറെയും കുകികളാണ്. അക്രമത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി ബിരേന്‍ സിംഗ് സ്ഥാനം ഒഴിയണമെന്ന് കുകി സംഘടനകള്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് പുതുവര്‍ഷ സന്ദേശമെന്ന നിലയില്‍ മുഖ്യമന്ത്രി ക്ഷമാപണം നടത്തിയിരിക്കുന്നത്. സംഭവിച്ചതെല്ലാം സംഭവിച്ചു. സമാധാനവും സമൃദ്ധിയും നിറഞ്ഞ പുതിയ ജീവിതം ആരംഭിക്കണമെന്നും സംസ്ഥാനത്തെ 35 ഗോത്രങ്ങളും ഒരുമിച്ചു കഴിയണമെന്നും പുതുവര്‍ഷത്തലേന്ന് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഈ മാപ്പുപറച്ചിലിനെ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും കുകി സംഘടനകളും പരിഹാസത്തോടെയാണ് നോക്കിക്കാണുന്നത്. മുഖ്യമന്ത്രിയുടെ മാപ്പുപറച്ചിലിനെ കുകി സംഘടനകള്‍ വശേഷിപ്പിക്കുന്നത് സ്വയം കുഴിച്ച കുഴിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ബിരേന്‍ സിംഗിന്റെ തന്ത്രമെന്നാണ്. മുഖ്യമന്ത്രി ഇതുവരെയും ആരോപിച്ചിരുന്നത് കലാപത്തിനു പിന്നില്‍ മയക്കു മരുന്ന്, കള്ളക്കടത്ത് സംഘങ്ങളാണെന്നായിരുന്നു. സ്വന്തം പാര്‍ട്ടിയായ ബി ജെ പിയിലെ എം എല്‍ എമാരില്‍ ഒരു വിഭാഗം മുഖ്യമന്ത്രി തന്റെ നിലപാടുകള്‍ക്കെതിരെ രംഗത്തുവന്നിട്ടും ഇളകാതിരുന്ന ബിരേന്‍ സിംഗിന് പുതുവര്‍ഷമായ 2025ന്റെ പിറവിയോടനുബന്ധിച്ച് തന്റെ പിഴ എന്ന് പറയാന്‍ തോന്നിയത് എന്തുകൊണ്ടായിരിക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് 2027ലാണ്. 2024ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി ജെ പിയെ ജനങ്ങള്‍ കലാപത്തിന്റെ രുചി അറിയിച്ചിരുന്നു. പക്ഷേ ബിരേന്‍ സിംഗ് അപ്പോഴും കുലുങ്ങിയില്ല. മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ മനം മാറ്റത്തിനു പിന്നില്‍ ഗവര്‍ണര്‍ നിയമനവുമായി ബന്ധമുള്ളതായി കരുതേണ്ടിയിരിക്കുന്നു. പുതുതായി നിയമിതനായ ഗവര്‍ണര്‍ ഭീഷണിയുടെ സ്വരത്തില്‍ സംസാരിച്ചിരിക്കാം.

അനസൂയക്ക് പകരം കേന്ദ്ര സര്‍ക്കാര്‍ അജയ കുമാര്‍ ഭല്ലയെ മണിപ്പൂര്‍ ഗവര്‍ണറായി കഴിഞ്ഞ ദിവസം നിയമിക്കുകയുണ്ടായി. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരുന്ന അജയ കുമാര്‍ ഭല്ല പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും ഇഷ്ടക്കാരനാണ്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി എന്ന നിലക്ക് അജയകുമാര്‍ ഭല്ല മണിപ്പൂര്‍ വിഷയത്തില്‍ നേരത്തേ ഇടപെട്ടിരുന്നു. സര്‍ക്കാറിനെയും ബി ജെ പിയെയും രക്ഷിച്ചെടുക്കേണ്ട ചുമതല പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സ്വാഭാവികമായും അജയകുമാര്‍ ഭല്ലയെ ഏല്‍പ്പിച്ചു കാണും. വീണവായന നിര്‍ത്തി ബിരേന്‍ സിംഗ് മാപ്പ് പറഞ്ഞത് ആ തീരുമാനത്തിന്റെ ഭാഗമാകാം. കലാപത്തിന് നേതൃത്വം നല്‍കിയ മെയ്‌തെയ് വിഭാഗത്തിന് മുഖ്യമന്ത്രി സഹായം നല്‍കിയതായി പരാതിയുണ്ടായിരുന്നു. സ്വന്തം സമുദായമായ മെയ്‌തെയ്കളെ കലാപത്തിന് പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രി ബിരേന്‍ സിംഗിന്റെ ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നു.
ഏറ്റുമുട്ടലിന്റെയും കൊലകളുടെയും വാര്‍ത്തകള്‍ മണിപ്പൂരില്‍ നിന്ന് കേള്‍ക്കുന്നത് ആദ്യമല്ല. ഏറ്റവും കൂടുതല്‍ കാലം അഫ്‌സ്പ നിയമം നിലനിന്ന സംസ്ഥാനമാണ് മണിപ്പൂര്‍. പ്രസ്തുത നിയമം സംസ്ഥാനത്ത് തുടരുകയാണ്. ഏതാണ്ട് 30 ലക്ഷം ജനസംഖ്യയുള്ള മണിപ്പൂരില്‍ സംസ്ഥാന പോലീസിനെ കൂടാതെ നാല്‍പ്പതിനായിരം കേന്ദ്ര സേനയും നിലവിലുണ്ട്. 1992-1993 കാലത്ത് നടന്ന നാഗ-കുകി കലാപത്തില്‍ 1,300ഓളം പേര്‍ സംസ്ഥാനത്ത് കൊല്ലപ്പെടുകയുണ്ടായി. പ്രസ്തുത കലാപം അഞ്ച് വര്‍ഷത്തോളം നീണ്ടുനിന്നു. 2023 ജനുവരി ഒന്നിനും 2024 മാര്‍ച്ച് 31നും ഇടയില്‍ ഏഴ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യം നടന്നത് മണിപ്പൂരിലാണെന്ന് എം എച്ച് എ(മിനിസ്റ്റര്‍ ഓഫ് ഹോം അഫയേഴ്‌സ്)യുടെ 2023-2024 വാര്‍ഷിക റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, നാഗാലാന്‍ഡ്, മേഘാലയ, മിസോറാം, ത്രിപുര എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഈ കാലയളവില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ 77 ശതമാനവും മണിപ്പൂരിലായിരുന്നു. അത്തരം ഒരു സംസ്ഥാനത്ത് വംശീയ കലാപം രൂക്ഷമാകുകയും അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ വരെ ആശങ്കപ്പെടുകയും ചെയ്തിട്ടും ഒന്നര വര്‍ഷത്തിനിടയില്‍ ഒരുതവണ പോലും രാജ്യത്തെ പ്രധാനമന്ത്രി മണിപ്പൂര്‍ സന്ദര്‍ശിച്ചില്ല എന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇതിനിടയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് തവണ മണിപ്പൂര്‍ സന്ദര്‍ശിക്കുകയുണ്ടായി. ഇംഫാലിലെ ഗസ്റ്റ് ഹൗസില്‍ വെച്ച് മുഖ്യമന്ത്രിയുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ചര്‍ച്ച നടത്തി അദ്ദേഹം ഡല്‍ഹിയിലേക്ക് മടങ്ങുകയായിരുന്നു. ആക്രമിക്കപ്പെട്ടവരെയോ അക്രമം നടന്ന സ്ഥലമോ കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദര്‍ശിക്കുകയുണ്ടായില്ല. മാത്രമല്ല മണിപ്പൂരിലെ വംശീയ കലാപത്തിന്റെ കാരണങ്ങളെക്കുറിച്ച് ഡല്‍ഹിയില്‍ ഇരിക്കുന്നവര്‍ക്ക് ബോധ്യമില്ലെന്നു വേണം കരുതാന്‍. അക്രമം പൊട്ടിപ്പുറപ്പെടാനുള്ള കാരണമായി അമിത് ഷാ ചൂണ്ടിക്കാട്ടുന്നത് മണിപ്പൂര്‍ ഹൈക്കോടതിയുടെ വിധിയെയാണ്. സംസ്ഥാനത്തെ 53 ശതമാനം വരുന്ന മെയ്‌തെയ്കളെ പട്ടിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെ പരാമര്‍ശിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി. എന്നാല്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അമേരിക്കയില്‍ വെച്ച് പറഞ്ഞത് മണിപ്പൂരിലെ അക്രമത്തിനു കാരണം അനധികൃത കുടിയേറ്റമാണെന്നായിരുന്നു. മുഖ്യമന്ത്രി ബിരേന്‍ സിംഗ് ഇതുവരെയും പറഞ്ഞു കൊണ്ടിരുന്നത് അതിര്‍ത്തിക്കപ്പുറത്ത് നിന്നുള്ള ലഹരി വസ്തു വിതരണക്കാരാണ് കലാപത്തിനു പിന്നില്‍ എന്നായിരുന്നു. യഥാര്‍ഥ സംഭവം കേന്ദ്രത്തെ അറിയിക്കുന്നതില്‍ സംസ്ഥാനവും വിഷയം പഠിക്കുന്നതില്‍ കേന്ദ്രവും താത്പര്യം കാണിച്ചിരുന്നില്ല എന്നതാണ് സത്യം. ഇത് കലാപം നീളാന്‍ കാരണമായി. മാപ്പ് പറഞ്ഞതു കൊണ്ട് മാത്രം ബിരേന്‍ സിംഗിന് രക്ഷപ്പെടാന്‍ സാധിക്കുമോ എന്ന് കണ്ടറിയണം. മുഖ്യമന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് സ്വന്തം സമുദായമായ മെയ്‌തെയ്കളെ സഹായിച്ചതും കുകികളെ ഒറ്റുകാരായി വിശേഷിപ്പിച്ചതും മണിപ്പൂര്‍ ജനത അത്രവേഗം മറക്കാനിടയില്ല.

Latest