Connect with us

memory

ഓസിയുടെ ഓര്‍മക്ക് ഒരാണ്ട്

പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും ഉമ്മന്‍ ചാണ്ടി ഭയപ്പെട്ടില്ല. പകരം ധൈര്യപൂര്‍വം അവയെ നേരിട്ടു.

Published

|

Last Updated

പ്രായഭേദമില്ലാതെ പ്രവര്‍ത്തകരെല്ലാം ഓസി എന്ന് സ്‌നേഹത്തോടെ വിളിച്ചിരുന്ന ഉമ്മന്‍ ചാണ്ടി ഇല്ലാതായിട്ട് ഒരു വര്‍ഷം തികയുന്നു. കേരളീയ പൊതുസമൂഹത്തിനിടയില്‍ ആഴത്തില്‍ പതിഞ്ഞ പേരാണ് അദ്ദേഹത്തിന്റേത്. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടി അതിവേഗം ബഹുദൂരം സഞ്ചരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അവരുമായി എപ്പോഴും ഇഴുകി ചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെല്ലാം.

ഇഴപിരിയാത്ത വലിയൊരു സൗഹൃദവും ആഴത്തിലുള്ള വ്യക്തിബന്ധവും ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. അന്നത്തെ ആ രസതന്ത്രമാണ് കേരളത്തിലെ കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തിയത്. അന്നത്തെ കൂട്ടായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ്സിനെ വിജയപടവുകളേറ്റിയത്. മൂന്ന് പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുകളിലും ഒരു നിയമസഭാ തിരഞ്ഞെടുപ്പിലും ഒരു തദ്ദേശ തിരഞ്ഞെടുപ്പിലും നിരവധി ഉപതിരഞ്ഞെടുപ്പുകളിലും പാര്‍ട്ടി വിജയക്കുതിപ്പ് നടത്തി.

പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും ഉമ്മന്‍ ചാണ്ടി ഭയപ്പെട്ടില്ല. പകരം ധൈര്യപൂര്‍വം അവയെ നേരിട്ടു. വലിയ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പിന്തിരിഞ്ഞു പോകുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ രീതി. എത്ര വലിയ പ്രശ്‌നമാണെങ്കിലും ഉമ്മന്‍ ചാണ്ടിക്ക് പരിഹാരമുണ്ടായിരുന്നു. വിമര്‍ശനങ്ങളെ വീറോടെ നേരിടാനുള്ള അനിതര സാധാരണമായൊരു കഴിവ് അദ്ദേഹം പുലര്‍ത്തിയിരുന്നു. വിഴിഞ്ഞം തുറമുഖം പോലുള്ള വന്‍കിട വികസന പദ്ധതികളെല്ലാം അദ്ദേഹത്തിന്റെ നിശ്ചയ ദാര്‍ഢ്യത്തിന്റെ സന്തതികളാണ്.

ആള്‍ക്കൂട്ടമായിരുന്നു അദ്ദേഹത്തിന്റെ ശക്തി. പാര്‍ട്ടിയിലെയും ഭരണത്തിലെയും രഹസ്യ സ്വഭാവമുള്ള പല സുപ്രധാന വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തതും തീരുമാനമെടുത്തതും ആള്‍ക്കൂട്ടത്തിനു നടുവിലായിരുന്നു. തന്നെ തേടി എത്തുന്ന ഒരു കത്ത് പോലും അദ്ദേഹം പഠിക്കുമായിരുന്നു. വ്യക്തികളെയും വസ്തുതകളെയും മനസ്സിലാക്കി പ്രവര്‍ത്തിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കെ എസ് യു, യൂത്ത് കോണ്‍ഗ്രസ്സ് സംഘടനകളിലൂടെ മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്കു കടന്നുവന്ന ആളാണ് ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ്സിന് എല്ലാ കാലത്തും

ശക്തിസ്രോതസ്സാകാന്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞു. മന്ത്രിയായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും അദ്ദേഹം പാവപ്പെട്ട ജനങ്ങള്‍ക്കു വേണ്ടി അക്ഷീണം പ്രയത്‌നിച്ചു. അദ്ദേഹം സ്വീകരിച്ച പല നടപടികളും നടപ്പാക്കിയ വന്‍കിട പദ്ധതികളും മാത്രം മതി, കേരളത്തിന്റെ വികസന ചരിത്രത്തില്‍ അദ്ദേഹത്തിന്റെ പേര് എഴുതിച്ചേര്‍ക്കാന്‍. മറ്റൊരു സ്മാരകവും അദ്ദേഹത്തിന് ആവശ്യമില്ല. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നിവയെല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവ് തെളിയിക്കുന്ന പദ്ധതികളാണ്. വിവാദവും വിമര്‍ശനങ്ങളും ഉയരുമ്പോള്‍ ഉപേക്ഷിച്ചു പോകുന്നതായിരുന്നില്ല അദ്ദേഹത്തിന്റെ ശൈലി. അതിന്റെ തെളിവാണ് വിഴിഞ്ഞം തുറമുഖം.

വേഗത്തില്‍ തീരുമാനമെടുക്കാനും എടുത്ത തീരുമാനം നടപ്പാക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. സാധാരണക്കാരുടെ പ്രശ്‌നങ്ങളോടായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ആഭിമുഖ്യം. അവര്‍ക്ക് സഹായം കിട്ടുന്നതിനു തടസ്സം നില്‍ക്കുന്ന നിയമങ്ങളെയും ചട്ടങ്ങളെയും അദ്ദേഹം പൊളിച്ചെഴുതി. സാധാരണക്കാര്‍ക്കിടയിലേക്ക് ഭരണയന്ത്രത്തെ വഴിതിരിച്ചു വിട്ട ജനസമ്പര്‍ക്ക പരിപാടി അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. 20 ലക്ഷത്തോളം പേരെ അദ്ദേഹം നേരിട്ടു കണ്ടു. അഞ്ചര ലക്ഷത്തോളം പേരുടെ പരാതികള്‍ വാങ്ങി. മൂന്ന് ലക്ഷത്തിലധികം പേര്‍ക്ക് വിവിധ സഹായങ്ങള്‍ നല്‍കാന്‍ കഴിഞ്ഞ അദ്ദേഹത്തെ തേടി പൊതുസേവനത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരം വരെയെത്തി. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും ജനപ്രിയമായൊരു പരിപാടി അതിനു മുമ്പോ ശേഷമോ നടന്നിട്ടില്ല.

ലീഡര്‍ കെ കരുണാകരന്റെ പ്രായോഗിക ശൈലിയാണ് ഉമ്മന്‍ ചാണ്ടി പുലര്‍ത്തിയതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. മുഖ്യമന്ത്രി എന്ന നിലയില്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം വളരെ വലുതായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി ആയിരുന്ന അവസരത്തിലാണ് അത് കൂടുതല്‍ ബോധ്യമായത്. സാധാരണ ജനങ്ങളോടും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരോടും ലീഡര്‍ കാണിച്ച സ്‌നേഹ വാത്സല്യങ്ങള്‍ എന്നും ഉമ്മന്‍ ചാണ്ടിയും കാണിച്ചിരുന്നു. വ്യക്തിബന്ധത്തിലും പാര്‍ട്ടി പ്രവര്‍ത്തനങ്ങളിലും ഞങ്ങള്‍ തമ്മില്‍ വല്ലാത്തൊരു രസതന്ത്രമാണുണ്ടായിരുന്നത്. അത് നഷ്ടപ്പെട്ടിട്ട് ഒരാണ്ട് തികയുന്നു. ഉമ്മന്‍ ചാണ്ടി കാണിച്ച മാതൃകകള്‍ പിന്തുടര്‍ന്ന് നമുക്ക് അദ്ദേഹത്തെ ഓര്‍മിക്കാം.