cover story
എല്ലാ ഫന്നുകളും വഴങ്ങുന്നൊരാള്‍
രാത്രി സബ്ഖില്‍ (ക്ലാസ്സ്) പാറ്റകള്‍ കാരണം ലൈറ്റണച്ചപ്പോള്‍, പാറ്റകളുടെ ജൈവിക ചരിത്രം അന്വേഷിക്കുന്ന അഗത്തി ഉസ്താദിനെയും ശിഷ്യന്മാര്‍ അനുസ്മരിക്കുന്നുണ്ട്. തന്റെ ചുറ്റുമുള്ള ചേതന അചേതന വസ്തുക്കളുടെ സൃഷ്ടിപ്പിന്റെ പിന്നിലെ അത്ഭുതത്തെ തേടി പഠിക്കുകയും ആ പഠന ത്വര തന്റെ പ്രിയപ്പെട്ടവരിലേക്ക് പകരുകയും ചെയ്യുക എന്നത് അഗത്തി ഉസ്താദിന്റെ പ്രകൃതമായിരുന്നു. കല്ലുകള്‍ക്കും കഥ പറയാനുണ്ട് എന്ന ഗ്രന്ഥം വ്യത്യസ്ത കല്ലുകളെ കുറിച്ചുള്ള പഠനമാണ്. ഉസ്താദും കുട്ടികളുമാണ് തയ്യാറാക്കിയത്. വിശുദ്ധ ഖുര്‍ആനിലെ കല്ലുകളെ കുറിച്ചുള്ള പരാമര്‍ശങ്ങളില്‍ നിന്നാണ് ആ പഠനത്തെ കുറിച്ച് ഉസ്താദ് ആലോചിക്കുന്നത്.
ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധയൂന്നുകയും മറ്റുള്ളവയെ വേണ്ടത്ര പരിഗണിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്യുന്നവരാണ് നമ്മില്‍ ഭൂരിപക്ഷം പേരും. എന്നാല്‍ അഗത്തി ഉസ്താദ് അങ്ങനെയായിരുന്നില്ല. എല്ലാ ഫന്നുകളും (വിഷയങ്ങളും) അതിന്റെ പൂർണതയോടെ തന്നെ അവര്‍ക്ക് വഴങ്ങുമായിരുന്നു. അത് മതകീയ വിഷയങ്ങള്‍ മാത്രമായിരുന്നില്ല. തനിക്ക് വേണ്ടതെല്ലാം അവര്‍ സ്വായത്തമാക്കിയിരുന്നു. അവര്‍ വിദ്യാർഥികളോട് പറയുമായിരുന്നുവത്രെ: പ്രയാസപ്പെടുത്തുന്നത് എന്ന ഒരു വിഷയവുമില്ല. പരിശ്രമിച്ചാല്‍ എല്ലാം വരുതിയിലാകും.
അതുകൊണ്ട് തന്നെ കര്‍മശാസ്ത്രം, വിശ്വാസ ശാസ്ത്രം, ആത്മ സംസ്കരണ ശാസ്ത്രം (ഇല്‍മുത്തസവ്വുഫ്), വ്യാകരണ ശാസ്ത്രം, അലങ്കാര ശാസ്ത്രം, ഗോള ശാസ്ത്രം, ഭാഷാ ശാസ്ത്രം, ചരിത്ര പഠനം, ഗവേഷണം തുടങ്ങി എല്ലാ വിഷയങ്ങളിലും അവര്‍ക്ക് അഗാധ ജ്ഞാനമുണ്ടായിരുന്നു. കാലഹരണപ്പെട്ടുപോയ കൈയെഴുത്ത് പ്രതികൾ തേടിപ്പിടിച്ച് കണ്ടെത്തുകയും അത് ഫയല്‍ ചെയ്ത് പുനരാഖ്യാനം ചെയ്യുകയും ചെയ്യുന്ന ഉസ്താദിന്റെ ജീവിത ചര്യക്ക് വൈജ്ഞാനിക ലോകത്തിന് മൂല്യം നിശ്ചയിക്കാന്‍ സാധിക്കില്ല.
പിന്നെ, ഗോളശാസ്ത്രത്തിലും അനന്തരാവകാശ ശാസ്ത്രത്തിലും (ഇല്‍മുല്‍ ഫറാഇള്) മഹാനവര്‍കളെ എല്ലാവരും എടുത്തു പറയാറുണ്ട്. അവരതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനുള്ള പ്രധാനപ്പെട്ട രണ്ട് കാരണങ്ങള്‍ എല്ലാവര്‍ക്കും പ്രയാസമുള്ളത് എന്ന് വിശ്വസിക്കുന്ന ഈ രണ്ട് വിഷയങ്ങളും മത്സരബുദ്ധിയോടെ എടുത്ത് പഠിക്കുകയും അത് അനായാസം വരുതിയിലാവുന്നത് കാണിച്ചു കൊടുക്കുകയും ചെയ്യുക. അതോടൊപ്പം അത് സരളമാക്കാനാവശ്യമായ രീതിശാസ്ത്രം രൂപപ്പെടുത്തുക എന്നതുമായിരുന്നു. ഗോളശാസ്ത്രത്തില്‍ കൂടുതല്‍ ശ്രദ്ധയുന്നാനുള്ള മറ്റൊരു പ്രധാന കാരണം അവരുടെ നിരവധിയായ കുറിപ്പടി പുസ്തകങ്ങളിലൊന്നിന്റെ പേര് “പ്രപഞ്ച പഠനം അല്ലാഹുവിലേക്ക്’ എന്നാണ്.
അഥവാ, പ്രപഞ്ചത്തെ കൂടുതല്‍ അറിയും തോറും അല്ലാഹുവിലേക്കും അവന്റെ മഅ്‌രിഫത്തിലേക്കും അടുക്കും എന്നർഥം വരുന്ന വിശുദ്ധ ഖുര്‍ആനിന്റെ സൂക്തത്തില്‍ നിന്നും ആശയമുള്‍ക്കൊണ്ടാണ് ആ മേഖലയെ മഹാനവര്‍കള്‍ പ്രഫുല്ലമാക്കിയത്. റബീഉല്‍ അവ്വലിലാണ് അഗത്തിയിലെ തന്റെ വീട്ടില്‍, അഗത്തി ഉസ്താദ് കയറിക്കൂടിയത്. തിരിച്ചുവന്ന അന്നാണ് മരണത്തിന് മുമ്പ് അവസാനമായി സ്വലാത്ത് നഗറിലെ തന്റെ വീട്ടിലേക്ക് പോയത്. ഒരു മാസവും മൂന്ന് ദിവസവും കഴിഞ്ഞ് വീണ്ടും ആ വീട്ടിലേക്ക് അവരുടെ മയ്യിത്താണ് കയറുന്നത്. ഭാര്യയോട് ചില അനിവാര്യ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട് എന്നു പറഞ്ഞാണ് മഅ്ദിനിലെ തന്റെ റൂമിലേക്ക് പോന്നത്.
തൊട്ട് മുമ്പ് ചെവിക്ക് നടത്തിയ സര്‍ജറിയുടെ അസഹ്യമായ വേദന സഹിച്ചിട്ടാണ് ഈ ദിവസങ്ങളത്രയും മഅ്ദിനില്‍ ചെലവഴിച്ചത്. ഈ സര്‍ജറി പോലെ ജീവിതത്തില്‍ മറ്റനേകം സര്‍ജറികളായും മറ്റും ഒരുപാട് പരീക്ഷണങ്ങളെ നേരിട്ടിട്ടുണ്ട് അവര്‍.
ഇഷ്ടപ്പെട്ട സ്ഥലങ്ങളിലൊന്ന് മഅ്ദിനിലെ തന്റെ റൂമാണെന്ന് അവര്‍ പലരോടും പങ്കുവെക്കാറുണ്ടായിരുന്നു. കാരണം തന്റെ ജീവിത ദൗത്യത്തിനാവശ്യമായ മുഴുവന്‍ സജ്ജീകരണങ്ങൾ കൊണ്ടും സംവിധാനങ്ങൾ കൊണ്ടും ആ കൊച്ചു മുറിയെ അവര്‍ ലോകത്തോളം വിശാലമാക്കിയിരുന്നു. അവസാനത്തെ ഈ ദിവസങ്ങളത്രയും മഹാനവര്‍കള്‍ ചെലവഴിച്ചത് കിതാബുകള്‍ക്ക് ടിപ്പണി ചെയ്തും, മുത്വാലഅ ചെയ്തും, അധ്യാപനം നടത്തിയും വൈജ്ഞാനിക പ്രസരണം നടത്തിയും തന്നെയാണ്.
മഅ്ദിന്‍ അകാദമിയില്‍ മാത്രമാണ് അവര്‍ തന്റെ പ്രവര്‍ത്തന കാലം ചെലവിട്ടത്. എന്നാല്‍ അവര്‍ എത്തിപ്പെടാത്ത ഒരു വൈജ്ഞാനിക ഇടനാഴിയുമില്ല തന്നെ. അഗത്തി ഉസ്താദ് ബാക്കി വെച്ച വൈജ്ഞാനിക പാരമ്പര്യം അതിന്റെ മുഴുവന്‍ ഔന്നിത്യത്തോടെയും കാത്തു സൂക്ഷിക്കാനും വൈജ്ഞാനിക പ്രസരണത്തിന് ഉപയോഗിക്കാനും മഅ്ദിന്‍ പ്രതിജ്ഞാബദ്ധമാണ്.