Kerala
തിരുവനന്തപുരത്ത് യുവ ഡോക്ടർ ജീവനൊടുക്കിയത് സുഹൃത്ത് വിവാഹത്തിൽ നിന്നും പിന്മാറിയതിനാൽ
യുവാവിന്റെ വീട്ടുകാർ സ്ത്രീധനമായി 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബിഎംഡബ്ല്യു കാറും ആവശ്യപ്പെട്ടത് ഷഹനയുടെ വീട്ടുകാർക്ക് താങ്ങാൻ കഴിഞ്ഞില്ല.
തിരുവനന്തപുരം | വിവാഹത്തിനായി ഭീമമായ സ്ത്രീധനം ആവശ്യപ്പെട്ട് സുഹൃത്ത് വിവാഹാലോചനയിൽ നിന്നും പിന്മാറിയതാണ് തിരുവനന്തപുരത്ത് യുവ ഡോക്ടർ ജീവനൊടുക്കാൻ കാരണമായതെന്ന് ബന്ധുക്കളുടെ ആരോപണം. കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പിജി വിദ്യാർത്ഥിനിയായ ഡോക്ടർ ഷഹനയെ ഫ്ലാറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയും തുടർന്ന് മരണം സ്ഥിരീകരിക്കുകയുമായിരുന്നു.
ഏറെക്കാലമായി ഒപ്പം പഠിച്ച സുഹൃത്തുമായി പ്രണയത്തിലായിരുന്ന ഷഹനയുടെ വിവാഹം ഇയാളുമായി വീട്ടുകാർ തീരുമാനിച്ചിരുന്നു. യുവാവിന്റെ വീട്ടുകാർ സ്ത്രീധനമായി 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബിഎംഡബ്ല്യു കാറും ആവശ്യപ്പെട്ടത് ഷഹനയുടെ വീട്ടുകാർക്ക് താങ്ങാൻ കഴിഞ്ഞില്ല. 50 പവൻ സ്വർണ്ണവും 50 ലക്ഷം രൂപയും സ്വത്തും കാറും നൽകാം എന്ന് പറഞ്ഞ ഷഹനയുടെ കുടുംബത്തിന്റെ നിർദ്ദേശം യുവാവിന്റെ വീട്ടുകാർ തള്ളിക്കളയുകയും, പിന്നീട് യുവാവ് വിവാഹത്തിൽ നിന്നും പിന്മാറുകയും ചെയ്തുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇതേത്തുടർന്ന് മാനസിക സംഘർഷം ഷഹനയെ അലട്ടിയിരുന്നെന്ന് വീട്ടുകാർ പറയുന്നു.
ഷഹനയുടേതായി പറയപ്പെടുന്ന ഒരു ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ‘എല്ലാവർക്കും വേണ്ടത് പണമാണ് എല്ലാറ്റിനും വലുത് പണമാണ് ആരെയും ബുദ്ധിമുട്ടിക്കാൻ ഇല്ലെ’ന്നും ഷഹന കുറിപ്പിൽ എഴുതിയിരുന്നു.
നിലവിൽ ഷഹനയുടെ കുടുംബം സ്ത്രീധനവുമായി ബന്ധപ്പെട്ട് ഇരുകുടുംബങ്ങൾക്കിടയിലും നടന്ന വാക്ക് തർക്കങ്ങളെല്ലാം പരാതിയായി രേഖപ്പെടുത്തി മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.