Kerala
മാങ്കുളത്ത് ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ യുവാവ് വെട്ടിക്കൊന്നു; കേസെടുക്കില്ലെന്ന് വനംമന്ത്രി
ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഗോപാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇടുക്കി | മാങ്കുളത്ത് വീടിന് സമീപം വെച്ച് ആക്രമിക്കാന്‍ ശ്രമിച്ച പുലിയെ യുവാവ് വെട്ടിക്കൊന്നു. പ്രദേശവാസിയായ ഗോപാലന്‍ എന്നയാളാണ് ദേഹത്തേക്ക് ചാടിവീണ പുലിയെ കത്തികൊണ്ട് വെട്ടിക്കൊന്നത്. സംഭവത്തിനിടെ പരുക്കേറ്റ ഗോപാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാവിലെ ഗോപാലന്‍ വീടിന് സമീപത്തെ പറമ്പിലേക്ക് പോവുന്നതിനിടെയാണ് പുലിയുടെ അപ്രതീക്ഷിത ആക്രമണമുണ്ടായത്.
വഴിയില്‍ കിടക്കുകയായിരുന്ന പുലി തന്റെ ദേഹത്തേക്ക് ചാടി വീണ് കടിക്കുകയായിരുന്നെന്ന് ഗോപാലന്‍ പറഞ്ഞു. ഇതോടെ സ്വയ രക്ഷക്കായി കൈയിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് പുലിയെ വെട്ടുകയായിരുന്നു. പുലി തല്‍ക്ഷണം ചത്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഗോപാലനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നേരത്തെ മറ്റ് ചിലരേയും പുലി ആക്രമിച്ചിരുന്നു. തുടര്‍ന്ന് വനംവകുപ്പ് പുലിയെ പിടികൂടാന്‍ കൂട് സ്ഥാപിച്ചിരുന്നുവെങ്കിലും പുലിയെ പിടികൂടാനായിരുന്നില്ല
അതേ സമയം പുലി ചത്ത സംഭവത്തില്‍ കേസെടുക്കില്ലെന്നും ആത്മരക്ഷാര്‍ഥമാണ് യുവാവ് പുലിയെ വെട്ടിയതെന്നും വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ സംഭവത്തോട് പ്രതികരിച്ചു