Connect with us

National

ഭാവി വധുവിനൊപ്പം വിനോദയാത്ര പോകാന്‍ യുവാവ് കൂട്ടുകാരനെ കൊന്ന് മാല കവര്‍ന്നു

ഗുജറാത്തിലെ 21 കാരനാണ് 15 കാരനായ ഉറ്റ സുഹൃത്തിനെ കൊന്ന് മൃതദേഹം വീട്ടിലെ കക്കൂസ് കുഴിയില്‍ തള്ളിയത്

Published

|

Last Updated

രാജ്‌കോട് | ഗുജറാത്തില്‍ ഭാവി വധുവിനൊപ്പം വിനോദയാത്ര പോകാന്‍ യുവാവ് കൂട്ടുകാരനെ കൊലപ്പെടുത്തി സ്വര്‍ണമാല കവര്‍ന്നു. ഗുജറാത്തിലെ കംബാലിയ മുന്‍സിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളി 21 കാരനായ ഹര്‍ഷ് നരേദയാണ് 15 കാരനായ ഉറ്റ സുഹൃത്ത് 15കാരനായ കേതന്‍ വഗേലയെ കൊന്ന് മൃതദേഹം വീട്ടിലെ കക്കൂസ് കുഴിയില്‍ തള്ളിയത്.

സ്വര്‍ണമാല വിറ്റ ഒരു ലക്ഷം രൂപയുമായി ഭാവി വധുവിനൊപ്പം വിനോദയാത്രയിലായിരുന്ന യുവാവിനെ ജയ്‌സാല്‍മീറില്‍ നിന്നു പോലീസ് പിടികൂടി. മാര്‍ച്ച് 19നാണ് 15കാരന്റെ അഴുകിയ മൃതദേഹം കക്കൂസ് കുഴിയില്‍ നിന്ന് കണ്ടെത്തിയത്. മാര്‍ച്ച് 16ന് കൊലനടത്തിയത്. ഭാവി വധുവിനും ബന്ധുവിനൊപ്പം ജയ്‌സാല്‍മീറിലെ അവധി ആഘോഷത്തിനിടെ വെള്ളിയാഴ്ചയാണ് യുവാവ് അറസ്റ്റിലായത്.

തുച്ഛമായ വരുമാനം മാത്രമുള്ള മുനിസിപ്പാലിറ്റി തൊഴിലാളിയുടെ വലിയ ആഗ്രഹമായിരുന്നു കുടുംബത്തോടൊപ്പമുള്ള വിനോദയാത്ര. വീട്ടുകാര്‍ വിനോദയാത്ര പോകാന്‍ സമ്മര്‍ദ്ദം തുടങ്ങിയതോടെയാണ് പണം കണ്ടെത്താന്‍ ഇയാള്‍ കൊലപാതകം നടത്തിയത്. സുഹൃത്തിന്റെ കഴുത്തിലെ മാലയില്‍ കണ്ണുവച്ച ഇയാള്‍ 15കാരനെ വീട്ടിലേക്ക് കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് പോലീസിനോട് പറഞ്ഞത്.

മാര്‍ച്ച് 16ന് സുഹൃത്തിനെ കാണാന്‍ പോയ മകന്‍ രാത്രി ഏറെ വൈകിയിട്ടും മടങ്ങി വന്നില്ല. ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഇപ്പോള്‍ വരുമെന്നായിരുന്നു മറുപടി. പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫായി. പുലര്‍ച്ചെ മൂന്നു മണിക്ക് മകനെ അന്വേഷിച്ച് മാതാപിതാക്കള്‍ 21കാരന്റെ വീട്ടിലെത്തിയപ്പോള്‍ 12.30ഓടെ ഭക്ഷണം വാങ്ങാനായി പുറത്ത് പോയി വന്നില്ലെന്നായിരുന്നു 21കാരന്‍ പറഞ്ഞത്. തിരികെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ 21കാരന്റെ വീടിന് സമീപത്ത് മകന്റെ ചെരിപ്പും വീടിന് കുറച്ച് മാറി മകന്റെ സൈക്കിളും കണ്ടതോടെയാണ് ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്.

തെരച്ചില്‍ സംഘത്തിനൊപ്പം പോയ യുവാവ് വൈകാതെ ദീര്‍ഘയാത്രയുണ്ടെന്ന് പറഞ്ഞു മടങ്ങി. സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പോലീസിനു കൊലപാതക സൂചന ലഭിച്ചത്. 21കാരന്റെ വീടിന് സമീപത്ത് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും 21കാരന്‍ ഭാവി വധുവിനും ബന്ധുവിനും ഒപ്പം ജയ്‌സാല്‍മീറിലേക്ക് പോയിരുന്നു. പോലീസ് ജയ്‌സാല്‍മീറില്‍ എത്തി യുവാവിനെ അറസ്റ്റ് ചെയ്ത് തിരികെ കൊണ്ടുവന്നു.