Kerala
എടപ്പാളില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 10 ലക്ഷം രൂപ തട്ടി
കുറ്റിപ്പുറം തങ്ങള്‍പ്പടിയിലെ ലോഡ്ജില്‍ താമസക്കാരായ അസം സ്വദേശിക യാസ്മിന്‍ ആലം (19), ഖദീജ ഖാത്തൂന്‍ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്
മലപ്പുറം | എടപ്പാളില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 10 ലക്ഷം രൂപ തട്ടിയെടുത്ത അസം സ്വദേശികള്‍ പിടിയില്‍. കുറ്റിപ്പുറം തങ്ങള്‍പ്പടിയിലെ ലോഡ്ജില്‍ താമസക്കാരായ യാസ്മിന്‍ ആലം (19), ഖദീജ ഖാത്തൂന്‍ എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാന്‍ഡ് ചെയ്തു.
കുറ്റിപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശിയാണ് ഹണിട്രപ്പില്‍ കുടുങ്ങിയത്. യുവാവിനോട് ബന്ധം സ്ഥാപിച്ചാണ് പ്രതികള്‍ കെണിയൊരുക്കിയത്. കടയില്‍ മൊബൈല്‍ ഫോണ്‍ നന്നാക്കുന്നതിനായി എത്തിയ യാസ്മിന്‍ ആലം യുവാവുമായി സൗഹൃദം സ്ഥാപിച്ചു. നന്നായി ഹിന്ദി സംസാരിക്കുന്നതിനാല്‍ സൗഹൃദം വളര്‍ന്നു. ഇതോടെ യാസ്മിന്‍ ആലവും ഖദീജ ഖാത്തൂനും ചേര്‍ന്ന് ഹണിട്രാപ്പ് പദ്ധതി ഒരുക്കി. പ്രതികള്‍ താമസിക്കുന്ന കുറ്റിപ്പുറം തങ്ങള്‍പടിയിലെ ലോഡ്ജ് മുറിയിലേക്ക് യുവാവിനെ വിളിച്ചുവരുത്തുകയും ഖദീജ ഖാത്തൂനെ പരിചയപ്പെടുത്തുകയും ചെയ്തു. തന്റെ കൂട്ടുകാരിയാണെന്നു പറഞ്ഞാണ് ഖദീജയെ ആലം പരിചയപ്പെടുത്തിയത്. ഇതിനു ശേഷം ഇരുവരും ചേര്‍ന്ന് യുവാവിന് വിരുന്നൊരുക്കുകയും മദ്യം നിര്‍ബന്ധിച്ച് കുടിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
മദ്യലഹരിയിലായ യുവാവിനെ യുവതിയുടെ കൂടെ കിടത്തി അശ്ലീല വിഡിയോ ചിത്രീകരിക്കുകയും ഇതു കാണിച്ചു ഭീഷണിപ്പെടുത്തി പലപ്പോഴായി യുവാവിന്റെ കൈ വശമുണ്ടായിരുന്ന പണം തട്ടിയെടുക്കുകയും ചെയ്തു. മുംബൈയില്‍ ജോലി ചെയ്തിരുന്ന പിതാവ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ച ഇന്‍ഷുറന്‍സ് പണവും മുത്തശ്ശി നല്‍കിയ മൂന്നു ലക്ഷവും ഉള്‍പ്പെടെയുള്ള തുകയാണ് സംഘം തട്ടിയെടുത്തത്. സംഘം അഞ്ചു തവണ യുവാവിനെ ഭീഷണിപ്പെടുത്തി ലോഡ്ജ് മുറിയില്‍ എത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ഒരു മാസത്തിനിടെ പത്തു ലക്ഷം രൂപയാണ് സംഘം കൈക്കലാക്കിയത്. കൈവശമുണ്ടായിരുന്ന പണം തീര്‍ന്നതോടെ പലരില്‍നിന്നും പണം തരപ്പെടുത്തിയാണ് യുവാവ് ഹണിട്രാപ്പ് സംഘത്തിന് നല്‍കിവന്നിരുന്നത്. ഭീഷണിപ്പെടുത്തലും പണം തട്ടിയെടുക്കലും തുടര്‍ന്നതോടെ ഗത്യന്തരമില്ലാതായ യുവാവ് അവസാനം സഹോദരിയോട് 16,000 രൂപ കടം വാങ്ങി സംഘത്തിന് നല്‍കി. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന സഹോദരിയില്‍ നിന്ന് പണം വാങ്ങിയ വിവരം വീട്ടുകാര്‍ അറിഞ്ഞതോടെ താന്‍ കെണിയില്‍ കുടുങ്ങിയ കഥ യുവാവ് വീട്ടുകാരോട് പറയുകയായിരുന്നു. അതോടെ യുവാവിന്റെ ബന്ധുക്കള്‍ കുറ്റിപ്പുറം പോലിസിനെ സമീപിക്കുകയായിരുന്നു.
പോലിസ് ലോഡ്ജ് മുറി റെയ്ഡ് ചെയ്ത് പ്രതികളെ പിടികൂടി. പ്രതികളില്‍നിന്ന് മൊബൈല്‍ ഫോണ്‍, അശ്ലീല വിഡിയോകള്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പോലിസ് കണ്ടെടുത്തു.