Kerala
പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍
ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പ്രതി അഴീക്കോട് എത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.
കണ്ണൂര്‍ | സോഷ്യല്‍ മീഡിയയില്‍ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ച് അതുവഴി പെണ്‍കുട്ടികളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റില്‍ . അഴീക്കോട് കപ്പക്കടവ് നിച്ചിത്തോട് സ്വദേശി കളത്തില്‍ വീട്ടില്‍ മുഹമ്മദ് സഫ്വാനാണ് സൈബര്‍ പോലീസിന്റെ പിടിയിലായത്.
സാമൂഹിക മാധ്യമത്തിലൂടെ പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച ശേഷം പ്രതി ഇവരുടെ ഫോട്ടോ കൈക്കലാക്കും . തുടര്‍ന്ന് ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതാണ് സഫ്വാന്റെ രീതി. ഇത്തരത്തില്‍ പ്രതി ഫോട്ടോ മോര്‍ഫ് ചെയ്ത ഏച്ചൂര്‍ സ്വദേശിയായ പെണ്‍കുട്ടി നല്‍കിയ പരാതിയിലാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്.
ചെന്നൈയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന പ്രതി അഴീക്കോട് എത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. ചെന്നൈയില്‍ വച്ച് പ്രതി രണ്ട് ഫോണുകളും നാല് സിം കാര്‍ഡുകളും ഉപയോഗിച്ചതായി പോലീസ് കണ്ടെത്തി.
സൈബര്‍ പോലീസ് എസ്.എച്ച്.ഒ. ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.