Connect with us

National

ട്രെയിന്‍ യാത്രക്കിടെ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ച യുവാവ് അറസ്റ്റില്‍

റെയില്‍വേ ആക്ടിലെ 145ാം വകുപ്പ് പ്രകാരമാണ് റിതേഷിനെ അറസ്റ്റ് ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയില്‍ ട്രെയിന്‍ യാത്രക്കിടെ ദമ്പതികളുടെ ദേഹത്ത് മൂത്രമൊഴിച്ച യുവാവ് അറസ്റ്റില്‍. ഡല്‍ഹി കുത്തബ് വിഹാര്‍ സ്വദേശിയായ റിതേഷ് കുമാറിനെയാണ് ഝാന്‍സി പോലീസ് അറസ്റ്റ് ചെയ്തത്. ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിരമിച്ച പ്രൊഫസറുടേയും ഭാര്യയുടേയും ദേഹത്ത് ഇയാള്‍ മദ്യലഹരിയില്‍ മൂത്രമൊഴിക്കുകയായിരുന്നു. റെയില്‍വേ ആക്ടിലെ 145ാം വകുപ്പ് പ്രകാരമാണ് റിതേഷിനെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കിയതിനാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നതെന്ന് ആര്‍.പി.എഫ് അറിയിച്ചു.

ഡല്‍ഹിയില്‍ നിന്നുള്ള വിദ്യാര്‍ഥിയാണ് താനെന്നാണ് റിതേഷ് പറഞ്ഞതെന്ന് ആര്‍.പി.എഫ് ഉദ്യോഗസ്ഥന്‍ രവീന്ദ്ര കൗശിക് പറഞ്ഞു. യുവാവിനെ മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്. സമ്പ്രക് ക്രാന്തി എക്‌സ്പ്രസിലാണ് റിതേഷ് കുമാര്‍ കയറിയതെന്ന് കൗശിക് പറഞ്ഞു. ബി3 കോച്ചിലെ അപ്പര്‍ ബര്‍ത്തിലാണ് യുവാവുണ്ടായിരുന്നത്. വിരമിച്ച പ്രൊഫസറും ഭാര്യയും ഹാരാല്‍പൂര്‍ സ്റ്റേഷനില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. ഇവര്‍ ലോവര്‍ ബര്‍ത്തിലാണ് ഉണ്ടായിരുന്നത്. യാത്രക്കിടെ യുവാവ് ദമ്പതികളുടെ ദേഹത്തേക്ക് മൂത്രമൊഴിക്കുകയായിരുന്നു.

ദമ്പതികള്‍ യുവാവിനെ തടയാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സഹയാത്രികര്‍ ഇടപ്പെട്ടാണ് റിതേഷിനെ ബര്‍ത്തില്‍ നിന്നും മാറ്റിയത്. പിന്നീട് ട്രെയിനിന്റെ ടിക്കറ്റ് എക്‌സാമിനറെത്തി യുവാവിനെ കോച്ചില്‍ നിന്നും മാറ്റുകയായിരുന്നു. പിന്നീട് ഇക്കാര്യം അടുത്ത ഝാന്‍സി റെയില്‍വേ സ്റ്റേഷന്‍ അധികൃതരെ അറിയിക്കുകയുമായിരുന്നു.