Kerala
അട്ടപ്പാടിയില്‍ യുവാവിനെ തല്ലിക്കൊന്ന സംഭവം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍
അഷ്‌റഫ്, സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി.
അട്ടപ്പാടി | അട്ടപ്പാടിയില്‍ യുവാവിനെ തല്ലിക്കൊന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. അഷ്‌റഫ്, സുനില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകിഷോര്‍ (22) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തും കണ്ണൂര്‍ സ്വദേശിയുമായ വിനായകന്‍ എന്ന യുവാവിന് മര്‍ദനമേല്‍ക്കുകയും ചെയ്തു. സംഭവത്തില്‍ നാലു പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ ഒരാള്‍ ചെര്‍പ്പുളശ്ശേരി സ്വദേശിയും മൂന്ന് പേര്‍ അട്ടപ്പാടി സ്വദേശികളുമാണ്.
തോക്ക് കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ വിനായകനെ കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോക്ക് വാങ്ങി നല്‍കാമെന്ന് പറഞ്ഞ് വിനായകന്‍ അട്ടപ്പാടി സ്വദേശികളായ നാല് പേരില്‍ നിന്നായി ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. നന്ദകിഷോറായിരുന്നു ഇടനിലക്കാരന്‍. തോക്ക് നല്‍കാത്തതിനെ കുറിച്ച് ചോദിക്കാന്‍ ഇരുവരെയും പാലക്കാട്ടേക്ക് വിളിച്ചുവരുത്തുകയും തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയുമായിരുന്നു. ഇത് പിന്നീട് നന്ദകിഷോറിന്റെ കൊലപാതകത്തിലെത്തി.