Kerala
വയനാട്ടില്‍ യുവാവ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം; കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കും
കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കും
കല്‍പ്പറ്റ | വയനാട് ബത്തേരിയില്‍ കടുവയുടെ ആക്രമണത്തില്‍ വാകേരി കൂടല്ലൂര്‍ സ്വദേശി മാരോട്ടിതടത്തില്‍ പ്രജീഷ്(36) കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായം അനുവദിക്കുമെന്ന് ഡിഎഫ്ഒ പറഞ്ഞു. കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കുമെന്നും ഡിഎഫ്ഒ വ്യക്തമാക്കി
കടുവ ആക്രമണം നടന്ന വാകേരി വനാതിര്‍ത്തിയില്‍ ടൈഗര്‍ ഫെന്‍സിങ് സ്ഥാപിക്കുമെന്നും ഡിഎഫ്ഒ അറിയിച്ചു. കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കും. കാട് വെട്ടിത്തെളിക്കാന്‍ സ്വകാര്യവ്യക്തികളായ ഭൂവുടമകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും ഡിഎഫ്ഒ അറിയിച്ചു.
മാസങ്ങള്‍ക്ക് മുമ്പ് ജനുവരിയില്‍ വയനാട്ടിലെ മാനന്തവാടി പുതുശ്ശേരിയില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടിരുന്നു. കര്‍ഷകനായ തോമസ് ആണ് അന്ന് മരിച്ചത്. തോമസിനെ ആക്രമിച്ച കടുവയെ പിന്നീട് പിടികൂടുകയായിരുന്നു. കടുവ ആക്രമണത്തില്‍ പരുക്കേറ്റ തോമസിനെ ചികിത്സക്കായി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെയായിരുന്നു മരണം.