Kerala
പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവ് പോക്സോ കേസില്‍ അറസ്റ്റില്‍
അത്തിക്കയം കുടമുരുട്ടി കൊച്ചുകുളം പതാക്ക് വീട്ടില്‍ ജോമോന്‍ കുര്യന്‍ (24) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്.
പത്തനംതിട്ട | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത യുവാവ് പോക്സോ കേസില്‍ അറസ്റ്റിലായി. അത്തിക്കയം കുടമുരുട്ടി കൊച്ചുകുളം പതാക്ക് വീട്ടില്‍ ജോമോന്‍ കുര്യന്‍ (24) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ദിവസങ്ങളോളമായി ഇയാള്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്തുവരികയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് പെരുനാട് പോലീസ് മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തു. ഈവര്‍ഷം ഫെബ്രുവരിയില്‍ മൈലപ്ര പള്ളിപ്പടിയിലെ വെയ്റ്റിങ് ഷെഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പെണ്‍കുട്ടിയുടെ കൈയില്‍ ബൈക്കിലെത്തിയ യുവാവ് കയറിപ്പിടിച്ച് ബൈക്കില്‍ കയറ്റാന്‍ ശ്രമിച്ചു. മറ്റൊരു ദിവസം വീട്ടിലെത്തി ശല്യം ചെയ്യുകയും ചെയ്തു.
പിന്നീട് നിരന്തരം ഇയാള്‍ ഫോണില്‍ വിളിച്ചു അസഭ്യം പറയുകയും ആസിഡ് ഒഴിച്ച് കൊല്ലുമെന്നും പെട്രോള്‍ ഒഴിച്ച് കത്തിക്കുമെന്നും മറ്റും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇക്കഴിഞ്ഞ ചൊവ്വാഴ്ച പെണ്‍കുട്ടി റാന്നിയില്‍ പോയി തിരിച്ചുവരവേ അറയ്ക്കമണ്ണില്‍ വച്ച് പിന്തുടര്‍ന്ന് ശല്യം ചെയ്തതായും പറയുന്നു.
പെരുനാട് എസ് ഐ. വി ടി ലഞ്ചുലാലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. കുട്ടിയുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയതിന് യുവാവിനെതിരെ വേറെ കേസെടുത്തിട്ടുണ്ട്. അന്വേഷണസംഘത്തില്‍ ലഞ്ചുലാലിനൊപ്പം എസ് ഐ. റെജി തോമസ്, പോലീസ് ഉദ്യോഗസ്ഥരായ ആശ ഗോപിനാഥ്, സുഷമ കൊച്ചുമ്മന്‍, വിഷ്ണു എന്നിവരാണ് ഉണ്ടായിരുന്നത്.