Connect with us

Kerala

നഴ്‌സിങ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍

പുല്ലാട് പൂവത്തൂര്‍ വലിയവിളയില്‍ സുനി വര്‍ഗീസിന്റെ പരാതിയിലാണ് അറസ്റ്റ്.

Published

|

Last Updated

പുല്ലാട് | സ്വകാര്യ മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് സീറ്റ് വാഗ്ദാനം ചെയ്ത് 8.25 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് അറസ്റ്റില്‍. കോഴിക്കോട് മേരിക്കുന്ന് സ്വദേശി ശ്യാംജിത്താണ് (37) കോയിപ്രം പോലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ പൂല്ലാട് പൂവത്തൂര്‍ വലിയവിളയില്‍ സുനി വര്‍ഗീസാണ് പോലീസില്‍ പരാതി നല്‍കിയത്.

സുനി വര്‍ഗീസിന്റെ മകള്‍ക്ക് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ ബിഎസ്സി നഴ്‌സിങ്ങിന് അഡ്മിഷന്‍ വാങ്ങി നല്‍കാമെന്നും പറഞ്ഞാണ് ഇയാള്‍ പണം തട്ടിയത്. പ്രതി ആവശ്യപ്പെട്ടതു പ്രകാരം ആദ്യം പരാതിക്കാരി 7,55,000 രൂപയാണ് അയച്ചുകൊടുത്തത്. തുടര്‍ന്ന് ഹോസ്റ്റല്‍ ഫീസെന്നും പറഞ്ഞ് എഴുപതിനായിരം രൂപയും പ്രതി കൈപറ്റുകയായിരുന്നു. പണം നല്‍കിയിട്ടും അഡ്മിഷന്‍ ലഭിക്കാതെ വന്നതോടെയാണ് പരാതിക്കാരി പോലീസിനെ സമീപിച്ചത്.

തുടര്‍ന്ന് കോയിപ്രം പോലീസ് പ്രതിയെ പിടികൂടാനായി അന്വേഷണം നടത്തിയപ്പോള്‍ സമാനമായ ആറ് കേസുകളില്‍ കോഴിക്കോട് കസബ പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു പ്രതി. തുടര്‍ന്ന് പ്രതിയെ കോയിപ്രം പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പ്രതിക്കെതിരെ വഞ്ചനാകുറ്റത്തിനാണ് പോലീസ് കേസെടുത്തത്.

തെളിവെടുപ്പിന് ശേഷം പ്രതിയെ തിരികെ ജില്ലാ ജയിലിലേക്കു തന്നെ മാറ്റി. കോയിപ്രം എസ്‌ഐ മുഹസിന്‍ മുഹമ്മദാണ് കേസില്‍  അന്വേഷണം നടത്തുന്നത്.