Connect with us

Kerala

എല്ലിന് പൊട്ടലേറ്റ യുവാവിന് ശസ്ത്രക്രിയക്കിടെ കമ്പി മാറിയിട്ടു; കോഴിക്കോട് മെഡിക്കല്‍ കോളജിനെതിരെ വീണ്ടും പരാതി

കോഴിക്കോട് കോതിപ്പാലം സ്വദേശി അജിത്ത് ആണ് പരാതിക്കാരന്‍.

Published

|

Last Updated

കോഴിക്കോട് | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയാ പിഴവെന്ന് പരാതി. കൈയുടെ എല്ലിന് പൊട്ടലേറ്റ യുവാവിന് ശസ്ത്രക്രിയക്കിടെ കമ്പി മാറിയിട്ടുവെന്നാണ് പരാതി. കോഴിക്കോട് കോതിപ്പാലം സ്വദേശി അജിത്ത് ആണ് പരാതിക്കാരന്‍.

ബൈക്ക് അപകടത്തിലാണ് അജിത്തിന് പരുക്കേറ്റിരുന്നത്. പിഴവ് മനസ്സിലാക്കി ഡോക്ടര്‍മാര്‍ വീണ്ടും ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചു. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. പരിശോധിച്ച ശേഷം ചികിത്സാപ്പിഴവ് ബോധ്യപ്പെട്ടാല്‍ നടപടിയുണ്ടാവുമെന്ന് എ സി പി. പ്രേമചന്ദ്രന്‍ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്ച കണ്ണഞ്ചേരിയില്‍ വെച്ച് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് അജിത്തിന് പരുക്കേറ്റത്. ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജിത്തിനെ പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

മറ്റൊരു രോഗിക്കുള്ള കമ്പി അജിത്തിന് മാറിയിട്ടെന്നാണ് ആരോപണം. കമ്പി പുറത്തുനിന്ന് വാങ്ങി നല്‍കിയതായിരുന്നു. എന്നാല്‍, ഈ അളവുള്ള കമ്പിയല്ല ശസ്ത്രക്രിയയിലൂടെ വച്ചുപിടിപ്പിച്ചതെന്നാണ് പരാതി. ശസ്ത്രക്രിയക്കുശേഷം നടത്തിയ പരിശോധനയിലാണ് കമ്പിയുടെ അളവ് മാറിപ്പോയെന്ന് പരിശോധിച്ച ഡോക്ടര്‍ അറിയിച്ചത്. ഇതിനു പിന്നാലെ അജിത്തിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.