National
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം തടഞ്ഞതിന് യുവതിയുടെ കാല്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു
വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയിലാണ് സംഭവം.
ബെംഗളൂരു | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചത് തടഞ്ഞ ഭാര്യയുടെ കാലുകള്‍ ഭര്‍ത്താവ് തല്ലിയൊടിച്ചു.വടക്കന്‍ കര്‍ണാടകത്തിലെ ബെലഗാവിയിലാണ് സംഭവം. ഭാര്യ മായക്കയുടെ കാല്‍ ഭര്‍ത്താവ് ബീരപ്പയാണ് തല്ലിയൊടിച്ചത്.ബൈല്‍ഹൊങ്കല്‍ ഹരുഗൊപ്പ സ്വദേശിയാണ് പ്രതി. ഗുരുതരമായി പുരുക്കേറ്റ മായക്കയെ അയല്‍വാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ദമ്പതികളുടെ 13 വയസുള്ള മകളെയാണ് ബീരപ്പ അകന്നബന്ധത്തിലുള്ളയാള്‍ക്ക് വിവാഹം കഴിപ്പിച്ചുകൊടുക്കാനൊരുങ്ങിയത്. മകള്‍ക്ക് വിവാഹ പ്രായമായില്ലെന്നും കുട്ടിയെ പഠിക്കാന്‍ വിടണമെന്നും പറഞ്ഞ് മായക്ക വിവാഹത്തെ ശക്തമായി എതിര്‍ത്തു. തുടര്‍ന്ന് ഇരുവര്‍ക്കും ഇടയില്‍ വാക്കുതര്‍ക്കമുണ്ടാവുകയും വഴക്ക് മൂര്‍ച്ഛിച്ചതോടെ ബീരപ്പ ഭാര്യയുടെ കാല്‍ തല്ലിയൊടിക്കുകയുമായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം കര്‍ണാടകത്തില്‍ ശൈശവവിവാഹങ്ങള്‍ കൂടുന്നുവെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2023 ഏപ്രില്‍മുതല്‍ ഈവര്‍ഷം ജനുവരി വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 609 ശൈശവവിവാഹങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ട്. ഇതില്‍ ബെലഗാവി ജില്ലയിലാണ് ശൈശവ വിവാഹങ്ങള്‍ കൂടുതലും നടന്നത്.