Kerala
ഹെല്‍മറ്റ് ധരിച്ചെത്തി ബെവ്‌കോയില്‍ നിന്നും മദ്യം മോഷ്ടിച്ച യുവാവ് പിടിയില്‍
ജീവനക്കാര്‍ രാത്രി സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് 1420 രൂപ വിലയുള്ള മദ്യക്കുപ്പി മോഷണം പോയതായി കണ്ടെത്തിയത്.
കോട്ടയം | ഹെല്‍മറ്റ് ധരിച്ച് ബിവറേജില്‍ എത്തി മദ്യം മോഷ്ടിച്ച യുവാവ് പിടിയില്‍. 1420 രൂപ വിലയുള്ള മദ്യക്കുപ്പിയാണ് യുവാവ് മോഷ്ടിച്ചത്. സംഭവത്തില്‍ ഞാലിയാകുഴി സ്വദേശി വിഷണുവിനെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. യുവാവ് മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കോട്ടയം മണിപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന ബെവ്കോയുടെ സൂപ്പര്‍മാര്‍ക്കറ്റിലാണ് മോഷണം നടന്നത്. ജീവനക്കാര്‍ രാത്രി സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് 1420 രൂപ വിലയുള്ള മദ്യക്കുപ്പി മോഷണം പോയതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഹെല്‍മറ്റ് ധരിച്ചെത്തിയ യുവാവ് മോഷണം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് രണ്ട് ദിവസമായി ജീവനക്കാര്‍ മദ്യം വാങ്ങാനെത്തുന്നവരെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെ ഏഴരയോട് കൂടി സമാനമായ രീതിയില്‍ ഒരു യുവാവ് ബിവറേജില്‍ എത്തി. സൂപ്പര്‍മാര്‍ക്കറ്റിന് സമീപത്തെത്തിയ യുവാവ് ഏറെ നേരം നിരീക്ഷിച്ച ശേഷം തിരക്കേറിയപ്പോള്‍ അകത്തുകയറി. മദ്യം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ജീവനക്കാര്‍ തന്നെ നിരിക്ഷിക്കുന്നതായി ഇയാള്‍ മനസിലാക്കി. തുടര്‍ന്ന് ഇവിടെ നിന്നും ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ യുവാവിന്റെ ഫോട്ടോയും വാഹനത്തിന്റെ നമ്പറും പകര്‍ത്തിയ ശേഷം ജീവനക്കാര്‍ പോലീസിന് കൈമാറി. ചിങ്ങവനം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.