Kerala
എഎ റഹീം സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥി
നിലവില്‍ ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനാണ്.
തിരുവനന്തപുരം | സിപിഎം രാജ്യസഭാ സ്ഥാനാര്‍ഥിയായി എഎ റഹീമിനെ തീരുമാനിച്ചു. നിലവില്‍ ഡിവൈഎഫ്‌ഐ ദേശീയ അധ്യക്ഷനാണ്. അവൈലബള്‍ സെക്രട്ടറിയേറ്റ് യോഗമാണ് സ്ഥാനാര്‍ഥിയായി എ എ റഹീമിന്റെ പേര് നിര്‍ദേശിച്ചത്.മുന്‍മന്ത്രി തോമസ് ഐസക്, എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു എന്നിവരുടെ പേരുകളും നേരത്തെ സിപിഎം പരിഗണനക്ക് വന്നിരുന്നു
2011ല്‍ വര്‍ക്കല നിയമസഭ മണ്ഡലത്തില്‍ നിന്നും റഹീം മത്സരിച്ചിരുന്നു. അന്ന് പതിനായിരത്തോളം വോട്ടുകള്‍ക്ക് യുഡിഎഫിലെ വര്‍ക്കല കഹാറിനോട് റഹീം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സംഘടനാ രംഗത്താണ് റഹീം പ്രവര്‍ത്തിച്ചത്. മുഹമ്മദ് റിയാസ് മന്ത്രിയായതോടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന റഹീമിനെ പകരം ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷനായി തിരഞ്ഞെടുത്തു
ഇടതിന് വിജയം ഉറപ്പുള്ള രണ്ടാമത്തെ സീറ്റില്‍ സി പി ഐ ഇതിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാറാണ് മത്സരിക്കുക. എ ഐ വൈ എഫ് മുന്‍ അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ ഡി എഫ് യോഗത്തിലാണ് കേരളത്തില്‍ നിന്ന് ഒഴിവ് വരുന്ന മൂന്ന് സീറ്റുകളില്‍ ഓരോന്ന് സി പി എമ്മും സി പി ഐയും മത്സരിക്കാന്‍ തീരുമാനിച്ചത്. ബാക്കിയുള്ള ഒരു സീറ്റില്‍ യു ഡി എഫിനാണ് വിജയ സാധ്യത.