From the print
ആധാരം ഇനി വീട്ടിലിരുന്നും എഴുതാം; രജിസ്ട്രേഷന്‍, റവന്യൂ, സര്‍വേ സേവനങ്ങള്‍ ഒറ്റ പോര്‍ട്ടലില്‍
ഭൂമി രജിസ്ട്രേഷന്‍, അളവ്, പോക്കുവരവ് തുടങ്ങിയവ പൂര്‍ണമായി ഓണ്‍ലൈനാകും. ഭൂസേവനങ്ങള്‍ ഒറ്റ പോര്‍ട്ടലിലേക്ക് മാറ്റുന്നതോടെ ഈ മൂന്ന് കാര്യങ്ങളും വീട്ടിലിരുന്ന് ചെയ്യാം.
തിരുവനന്തപുരം | സംസ്ഥാനത്ത് രജിസ്ട്രേഷന്‍, റവന്യൂ, സര്‍വേ വകുപ്പുകളുടെ സേവനം ഇനി ഒറ്റ പോര്‍ട്ടലില്‍ ലഭ്യമാകും. അതുപ്രകാരം, ഭൂമി രജിസ്ട്രേഷന്‍, അളവ്, പോക്കുവരവ് തുടങ്ങിയവ പൂര്‍ണമായി ഓണ്‍ലൈനാകും. ഭൂസേവനങ്ങള്‍ ഒറ്റ പോര്‍ട്ടലിലേക്ക് മാറ്റുന്നതോടെ ഈ മൂന്ന് കാര്യങ്ങളും വീട്ടിലിരുന്ന് ചെയ്യാം.
ഭൂമി ഇടപാടിന് മുമ്പായി വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റിനു വേണ്ടി റവന്യൂ വകുപ്പിനും സ്‌കെച്ചിനായി സര്‍വേ വകുപ്പിനും അപേക്ഷ നല്‍കണം. ഇവ ലഭിച്ചാല്‍ പോര്‍ട്ടലില്‍ ലഭ്യമാകുന്ന ആധാരത്തിന്റെ വിവിധ മാതൃകകളില്‍ അനുയോജ്യമായ മാതൃക തിരഞ്ഞെടുത്ത് വ്യക്തിവിവരങ്ങള്‍ ചേര്‍ത്ത് രജിസ്ട്രേഷന്‍ ആരംഭിക്കാനാകും. ആധാരമെഴുത്തുകാരുടെ സഹായത്തോടെയും ഇത് ചെയ്യാം.
എന്നാല്‍, രജിസ്ട്രേഷന്‍ നടപടികളുടെ ഭാഗമായ ഇ സ്റ്റാമ്പിനും രജിസ്ട്രേഷനുമുള്ള ഫീസ് ഉപഭോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് നേരിട്ട് അടയ്ക്കണം. ഇടനിലക്കാരെ ഒഴിവാക്കാനും അധിക ഫീസ് വാങ്ങാതിരിക്കാനുമാണ് ഈ സേവനങ്ങള്‍ ലഭ്യമാക്കുന്നത്.
തുടര്‍ന്ന് ‘ആധാരമെഴുത്ത്’ പൂര്‍ത്തിയായാല്‍ ഉടമ സബ് രജിസ്ട്രാര്‍ ഓഫീസില്‍ പോയി സബ് രജിസ്ട്രാറുടെ മുന്നില്‍ വെച്ച് ഒപ്പിടുന്നതാണ് നിലവിലെ സംവിധാനം. എന്നാല്‍, സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്താതെ രജിസ്ട്രേഷന്‍ നടത്തുന്ന സംവിധാനം കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. രജിസ്ട്രേഷന്‍ നടക്കുമ്പോള്‍ തന്നെ സര്‍വേ, റവന്യൂ രേഖകളില്‍ പുതിയ ഉടമയുടെ പേരും വിവരങ്ങളും രേഖപ്പെടുത്തും. അതുകൊണ്ട്, പോക്കുവരവ് ചെയ്യാന്‍ പ്രത്യേക അപേക്ഷ നല്‍കേണ്ടതില്ല.
സ്ഥലപരിശോധന ആവശ്യമുള്ള പോക്കുവരവ് കേസുകളില്‍, ഉദ്യോഗസ്ഥ സംഘത്തിന് തത്സമയം അറിയിപ്പ് നല്‍കും. ഐ എല്‍ എം ഐ എസ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായാണ് മൂന്ന് വകുപ്പുകള്‍ക്കുമുള്ള ഫീസ് അടയ്‌ക്കേണ്ടത്.