Connect with us

Kerala

ദുരിതപെയ്ത്തിനെ തോല്‍പിച്ച് ആകാശിനും ഐശ്വരക്കും പ്രണയ സാഫല്യം; വധൂവരന്‍മാരെത്തിയത്‌ ചെമ്പില്‍

വെള്ളക്കെട്ടില്ലാത്ത പ്രദേശം വരെ കാറില്‍ എത്തിയ ഇവര്‍ വിവാഹ വേദിയിലേക്ക് ചെമ്പിലാണ് എത്തിയത്

Published

|

Last Updated

ആലപ്പുഴ  |  ജില്ലയില്‍ കനത്ത മഴയില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരവെ വേറിട്ടൊരു കല്യാണ കാഴ്ചക്ക് ആലപ്പുഴക്കാര്‍ സാക്ഷ്യം വഹിച്ചു. ചെങ്ങന്നൂര്‍ സെഞ്ചുറി ആശുപത്രി ജീവനക്കാരായ ആകാശിന്റേയും ഐശ്വര്യയുടേയും പ്രണയസാഫല്യ ദിനം കൂടിയായിരുന്നു ഇന്ന്. മഴക്കെടുതിയില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന പ്രദേശവാസികള്‍ക്ക് സന്തോഷത്തിന്റെ നിമിഷങ്ങളാണ് ഇരുവരുടേയും വിവാഹം സമ്മാനിച്ചത്.

ആകാശ് തകഴി സ്വദേശിയും ഐശ്വര്യ അമ്പലപ്പുഴ സ്വദേശിനിയുമാണ്. വെള്ളക്കെട്ടില്ലാത്ത പ്രദേശം വരെ കാറില്‍ എത്തിയ ഇവര്‍ വിവാഹ വേദിയിലേക്ക് ചെമ്പിലാണ് എത്തിയത്. അരയ്ക്കൊപ്പം വെള്ളം പൊങ്ങിയ പ്രദേശത്ത് ചെമ്പില്‍ ഇരുന്നുള്ള ഇവരുടെ യാത്രയാണ് പ്രദേശവാസികള്‍ക്ക് കൗതുകമായത്. കഴിഞ്ഞ ദിവസം വരെ ഇത്രയധികം വെള്ളമില്ലായിരുന്നുവെന്ന് ആകാശ് പറയുന്നു. ക്ഷേത്രത്തില്‍ വച്ച് വിവാഹം നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വെള്ളക്കെട്ട് കാരണം ചടങ്ങുകള്‍ ഹാളില്‍ ക്രമീകരിക്കുകയായിരുന്നു.

വെള്ളക്കെട്ടാണെങ്കിലും മംഗള കര്‍മം മാറ്റിവെക്കേണ്ടതില്ലെന്ന ദമ്പതികളുടെ ബന്ധുക്കളുടെ തീരുമാനമാണ് വിവാഹം നിശ്ചയിച്ചുറപ്പിച്ച ദിനം തന്നെ നടത്താന്‍ കാരണമായത്.