National
ആം ആദ്മി എംപി സ്വാതി മാലിവാളിനെതിരെ നടന്നത് ക്രൂര മര്‍ദനം; പോലീസ് എഫ്‌ഐആര്‍
അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വച്ച് ബിഭവ് മര്‍ദ്ദിച്ചുവെന്നാണ് പരാതി.
ന്യൂഡല്‍ഹി|ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ പിഎ ബിഭവ് കുമാറില്‍ നിന്ന് ആംആദ്മി പാര്‍ട്ടി രാജ്യസഭാ എംപി സ്വാതി മാലിവാള്‍ നേരിട്ടത് ക്രൂര മര്‍ദനമെന്ന് പോലീസ് എഫ്ഐആര്‍. ബിഭവ് പലതവണ നെഞ്ചിലും അടിവയറ്റിലും തല്ലുകയും ചവിട്ടുകയും ചെയ്തു. ആര്‍ത്തവമാണെന്ന് പറഞ്ഞ ശേഷവും മര്‍ദനം തുടര്‍ന്നുവെന്നും സഹായത്തിനായി നിലവിളിച്ചപ്പോള്‍ ആരും എത്തിയില്ലെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. മുടി പിടിച്ചുവലിച്ച് മുറിയിലൂടെ വലിച്ചിഴച്ചതായും പറയുന്നു.
സ്വാതി മാലിവാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാത്രി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ബിഭവ് കുമാറിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു. അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വച്ച് ബിഭവ് മര്‍ദ്ദിച്ചുവെന്നാണ് പരാതി.
മെയ് 13 ന് രാവിലെ 9 മണിയോടെ കെജ്രിവാളിന്റെ വീട്ടിലെ സ്വീകരണ മുറിയില്‍വച്ചാണ് സംഭവം നടന്നത്. അവിടെ ഇരിക്കുകയായിരുന്ന ബിഭവ് കുമാര്‍ യാതൊരു പ്രകോപനവുമില്ലാതെ തന്നെ ചീത്തവിളിക്കുകയും മോശമായി പെരുമാറുകയുമായിരുന്നെന്ന് എംപി പറഞ്ഞു. പോലീസിനെ വിളിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് മര്‍ദനം നിര്‍ത്തിയതെന്നും മാലിവാള്‍ കൂട്ടിച്ചേര്‍ത്തു. ഈ സമയം കെജ്രിവാള്‍ വസതിയില്‍ ഉണ്ടായിരുന്നുവെന്ന് മലിവാള്‍ പറഞ്ഞിരുന്നു. എന്നാല്‍, എഫ്‌ഐആറില്‍ കെജ്രിവാളിന്റെ പേര് ഇത് വരെയും ഉള്‍പ്പെടുത്തിയിട്ടില്ല. മജിസ്ട്രേറ്റിന് മുന്‍പാകെയും സ്വാതി മാലിവാള്‍ രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.