Connect with us

Kerala

നരബലിയില്‍ പിടിയിലായത് 'ആഞ്ഞിലിമൂട്ടില്‍ വൈദ്യന്‍മാര്‍'; ഞെട്ടിത്തരിച്ച് ഇലന്തൂര്‍ നിവാസികള്‍

ഇവിടെ നിരവധി വാഹനങ്ങള്‍ ദിനേന വന്നുപോകാറുണ്ടെങ്കിലും തിരുമ്മല്‍ കേന്ദ്രമായതിനാല്‍ പ്രദേശവാസികള്‍ക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല

Published

|

Last Updated

പത്തനംതിട്ട  | നരബലിയുടെ പേരില്‍ നടന്ന അതിക്രൂര കൊലപാതകത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് ഇലന്തൂര്‍ നിവാസികള്‍. പരമ്പരാഗതമായി തിരുമ്മല്‍ ചികിത്സാ കേന്ദ്രം നടത്തി വന്നവരാണ് കേസിലെ ഒരു പ്രതിയായ ഭഗവല്‍ സിങ്ങിന്റെ കുടുംബം. ഇവിടെ നിരവധി വാഹനങ്ങള്‍ ദിനേന വന്നുപോകാറുണ്ടെങ്കിലും തിരുമ്മല്‍ കേന്ദ്രമായതിനാല്‍ പ്രദേശവാസികള്‍ക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല. ഒടിവിനും ചതവിനും മറ്റു ചികിത്സകള്‍ക്കുമായും നിരവധി പേര്‍ ഇവിടം വരാരുണ്ട്.

്ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡിലാണ് ഭഗവല്‍ സിങ്ങിന്റെ തിരുമ്മല്‍ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഭഗവല്‍ സിങ്ങും ഭാര്യ ലൈലയും താമസിക്കുന്ന വീടു കൂടിയാണ് തിരുമ്മല്‍ കേന്ദ്രം. ‘ആഞ്ഞിലിമൂട്ടില്‍ വൈദ്യന്മാര്‍’ എന്നാണ് നാട്ടില്‍ ഭഗവല്‍ സിങ്ങും ലൈലയും അറിയപ്പെടുന്നത്.

നാട്ടുകാരോട് വളരെ സൗഹാര്‍ദത്തോടെയാണ് ഇരുവരും പെരുമാറിയിരുന്നതെന്നതിനാല്‍ കൊലപാതക വാര്‍ത്ത പ്രദേശത്തുകാരെ ഞെട്ടിച്ചിരിക്കുകയാണ്. ധനസമ്പാദനത്തിനും ഐശ്വര്യത്തിനുമായി കൊച്ചിയില്‍നിന്നു രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നരബലി നടത്തി കുഴിച്ചിട്ട സംഭവത്തിലാണ് തിരുവല്ല സ്വദേശിയായ ഭഗവല്‍ സിങ്, ഭാര്യ ലൈല, ഏജന്റ് മുഹമ്മദ് ഷാഫി എന്ന ഷിഹാബ് എന്നിവര്‍ പിടിയിലായത്. കാലടി സ്വദേശിനി റോസ്ലി, കടവന്ത്ര പൊന്നുരുന്നി സ്വദേശിനി പത്മം എന്നിവരാണ് കൊല്ലപ്പെട്ടത്.ഇവരെ കൂടാതെ കൂടാതെ മറ്റാരെയെങ്കിലും കൊലപ്പെടുത്തിയിട്ടുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.