National
ഹരിയാനയിൽ എട്ട് നിലയിൽ പൊട്ടി എഎപി; കോൺഗ്രസുമായി സഖ്യം ചേരാതിരുന്നത് തിരിച്ചടിയായി; കെജരിവാൾ പ്രഭാവവും ഏശിയില്ല
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അയൽ സംസ്ഥാനമായ ഹരിയാനയിൽ എഎപി ഒരിടത്ത് പോലും വിജയം കാണാതെ പോകുന്നത്.
ചണ്ഡീഗഡ് | പാർട്ടി അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിൻ്റെ സ്വന്തം സംസ്ഥാനമായ ഹരിയാനയിലേക്ക് വ്യാപിപ്പിക്കാനുള്ള ആം ആദ്മി പാർട്ടിയുടെ പദ്ധതി പാളുന്നു. കോൺഗ്രസുമായി സഖ്യത്തിന് തയ്യാറാകാതെ ഒറ്റക്ക് മത്സരിക്കാനുള്ള എഎപി തീരുമാനം പാളിയെന്ന് തെളിയിക്കുന്നതാണ് ഹരിയാനയിലെ നിയസഭാ തിരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണൽ ഏതാണ്ട് അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒരിടത്ത് പോലും പാർട്ടി ലീഡ് ചെയ്യുന്നില്ല. അഴിമതിക്കേസിൽ കുടുക്കി കേന്ദ്ര സർക്കാർ ജയിലിലടയ്ക്കുകയും പിന്നീട് വീര പരിവേശത്തോടെ ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്ത ഡൽഹി മുൻ മുഖ്യമന്ത്രി കൂടിയായ അരജവിന്ദ് കെജരിവാളിന്റെ മുഖച്ഛായ ഹരിയാനയിൽ ഗുണം ചെയ്യുമെന്നായിരുന്നു പാർട്ടി വിശ്വാസം. അത് തകരുന്നതാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്.
ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് അയൽ സംസ്ഥാനമായ ഹരിയാനയിൽ എഎപി ഒരിടത്ത് പോലും വിജയം കാണാതെ പോകുന്നത്. ഹരിയാന ഫലം നേരിട്ട് സ്വാധീനിക്കില്ലെങ്കിലും ഡൽഹീ തിരഞ്ഞെടുപ്പിൽ ഇത് ചർച്ചയാകുമെന്ന് ഉറപ്പാണ്. ഒരു സീറ്റിൽ പോലും പാർട്ടിക്ക് വിജയിക്കാനായില്ലെങ്കിൽ, അത് പ്രവർത്തകരുടെ മനോവീര്യം കെടുത്തുമെന്നതാണ് പ്രശ്നം. ഹരിയാനയുടെ മറ്റൊരു അയൽ സംസ്ഥാനമായ പഞ്ചാബിലും എഎപിയാണ് ഭരിക്കുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും ലഭിച്ച പിന്തുണ ഹരിയാനയിലും ലഭിക്കുമന്ന ഉയർന്ന ആത്മ വിശ്വാസമാണ് ഒറ്റക്ക് മത്സരിക്കാൻ എഎപിയെ പ്രേരിപ്പിച്ചത് എന്ന് വേണം കരുതാൻ.
കോൺഗ്രസിൻ്റെ പ്രാദേശിക നേതാക്കൾ എഎപിയുമായുള്ള സഖ്യത്തെ അനുകൂലിച്ചിരുന്നില്ല. എന്നാൽ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി ഉൾപ്പെടെ മുതിർന്ന നേതാക്കൾ എഎപിയുമായുള്ള സഖ്യത്തിന് ശ്രമിച്ചിരുന്നു. ഇത് വോട്ട് വിഭജനം തടയുമെന്നായിരുന്നു നേതാക്കൾ ഇതിന് നൽകിയ ന്യായീകരണം. ബിജെപിയെ പരാജയപ്പെടുത്താനുള്ള ഏറ്റവും നല്ല അവസരമാണ് ഇതിലൂടെ ലഭിക്കുകയെന്നും നേതാക്കൾ കരുതിയിരുന്നു.
ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതൃത്വവും സഖ്യത്തിൽ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സീറ്റ് ഷെയർ സംബന്ധിച്ച തർക്കം അതിന് തടസ്സമായി. ഹരിയാനയിലെ 90 നിയമസഭാ സീറ്റുകളിൽ 10 എണ്ണമെങ്കിലും നൽകണമെന്നായിരുന്നു എഎപിയുടെ ആവശ്യം. എന്നാൽ കോൺഗ്രസ് പരമാവധി വാഗ്ദാനം ചെയ്തത് ഏഴ് സീറ്റുകളാണ്.
സഖ്യശ്രമം പരാജയപ്പെട്ടത് കലയാത്, റാനിയ, പെഹ്‌വ, ബർവാല, ജിന്ദ്, ഭിവാനി, ഗുരുഗ്രാം എന്നി മണ്ഡലങ്ങളിൽ കോൺഗ്രസിന് തിരിച്ചടിയാകും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇവിടങ്ങളിൽ എന്ത് സംഭവിച്ചുവെന്ന് അന്തിമ ഫലം വരുമ്പോഴെ വ്യക്തമാകൂ.
അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം എഎപി സർക്കാർ രൂപീകരിച്ചാൽ മാത്രമേ താൻ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കൂ എന്ന് പ്രഖ്യാപിച്ചാണ് ജയിൽ മോചിതനായ ശേഷം അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞത്. കഴിഞ്ഞ മാസം സുപ്രീം കോടതി ജാമ്യം അനുവദിച്ച് രണ്ട് ദിവസത്തിന് ശേഷമായിരുന്നു രാജി.
ഡൽഹി മദ്യനയ അഴിമതിയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് എഎപി മേധാവിയെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റും തുടർന്ന് സിബിഐയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.