Connect with us

National

മനീഷ് സിസോദിയക്ക് കസ്റ്റഡിയില്‍ മാനസിക പീഡനമെന്ന് എഎപി നേതാവ് സഞ്ജയ് സിംഗ്

യാതൊരു തെളിവുകളും സി ബി ഐയുടെ പക്കലില്ല; അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ലെന്നും സഞ്ജയ് സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി| ആം ആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയെ സിബിഐ കസ്റ്റഡിയില്‍ മാനസികമായി പീഡിപ്പിക്കുന്നെന്ന് ആരോപണം. കുറ്റസമ്മതത്തില്‍ ഒപ്പിടണമെന്നാണ് സിബിഐ ഉദ്യോഗസ്ഥരുടെ ആവശ്യമെന്ന് മുതിര്‍ന്ന എ എ പി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു. ഇക്കാര്യം ഇന്നലെയാണ് അഭിഭാഷകന്‍ മുഖേന സിസോദിയ പാർട്ടി നേതാക്കളെ അറിയിച്ചത്.

സി ബി ഐ മാനസികമായി പീഡിപ്പിക്കുകയാണ്. യാതൊരു തെളിവുകളും സി ബി ഐയുടെ പക്കലില്ല. അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ലെന്നും സഞ്ജയ് സിംഗ് പറഞ്ഞു.

ഡല്‍ഹി കോടതിയില്‍ ഇന്നലെ ഹാജരായ സിസോദിയ, തന്നോട് ഒരേ ചോദ്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും ചോദിക്കുന്നുണ്ടെന്നും അത് മാനസിക പീഡനത്തിന് തുല്യമാണെന്നും ജഡ്ജിയോട് പറഞ്ഞു. താന്‍ എട്ട് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഇരുന്നു ഒരേ ചോദ്യങ്ങള്‍ക്ക് വീണ്ടും വീണ്ടും ഉത്തരം നല്‍കുകയായിരുന്നുവെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.

എന്നാല്‍ സിസോദിയ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഒഴിഞ്ഞുമാറുകയാണെന്നും സിബിഐ ആരോപിച്ചു.

ഡല്‍ഹിയിലെ മദ്യനയ കേസില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സിസോദിയയെ അറസ്റ്റ് ചെയ്തത്. കുറ്റപത്രത്തില്‍ ഒന്നാം പ്രതിയാക്കി അദ്ദേഹത്തെ മാര്‍ച്ച് 6 വരെ ചോദ്യം ചെയ്യുന്നതിനായി സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.