From the print
ആരതി പറയുന്നു; മുസാഫിറും സമീറും എനിക്ക് കിട്ടിയ സഹോദരങ്ങള്‍
കശ്മീരില്‍ എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടി എന്നാണ് എയര്‍പോര്‍ട്ടില്‍ വെച്ച് അവരോട് യാത്ര പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത്. അല്ലാഹു അവരെ രക്ഷിക്കട്ടെയെന്നും.'- ആരതി പറഞ്ഞു.

കൊച്ചി | പഹല്‍ഗാം ഭീകരാക്രമണത്തിലെ നടുക്കുന്ന അനുഭവങ്ങള്‍ വേദനയോടെ ഓര്‍ത്തെടുക്കുമ്പോഴും കശ്മീരികളുടെ കരുതലും സ്നേഹവും ലോകത്തോട് പറയാന്‍ ആരതി മറക്കുന്നില്ല. പേടിപ്പെടുത്തുന്ന, നെഞ്ചുലക്കുന്ന, നോവുന്ന നിമിഷങ്ങളില്‍ അന്നാട്ടുകാര്‍ ചേര്‍ത്തുപിടിച്ചത് ആരതി പങ്കുവെക്കുമ്പോള്‍ ഭാഷക്കും വേഷത്തിനുമപ്പുറം സമാനതകളില്ലാത്ത സാഹോദര്യത്തിന്റെ, സ്നേഹത്തിന്റെ അടയാളമായി അത് മാറുകയായിരുന്നു. തീവ്രവാദികളുടെ ആക്രമത്തില്‍ കൊല്ലപ്പെട്ട ഇടപ്പള്ളി സ്വദേശി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിയാണ് നീറുന്ന ഓര്‍മകള്‍ക്കൊപ്പം പഹല്‍ഗാമിലെ അനുഭവങ്ങള്‍ പങ്കുവെച്ചത്.
പത്ത് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കുടുംബം കശ്മീരിലെത്തിയത്. മൂന്നാം ദിവസമാണ് തീവ്രവാദികളുടെ ആക്രമണത്തില്‍ രാമചന്ദ്രന്‍ വെടിയേറ്റ് മരിക്കുന്നത്. കശ്മീരിലെ യാത്രയും താമസവുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ നോക്കാനേല്‍പ്പിച്ചിരുന്നത് നാട്ടുകാരായ മുസാഫിര്‍, സമീര്‍ എന്നീ ഡ്രൈവര്‍മാരെയായിരുന്നു. അവര്‍ ഡ്രൈവര്‍മാര്‍ എന്നതിലുപരി സ്വന്തം സഹോദരിയെ പോലെയാണ് പെരുമാറിയതെന്ന് നടന്നുതീര്‍ത്ത വഴികളിലെ അനുഭവങ്ങളോരോന്നും ചൂണ്ടിക്കാട്ടി ആരതി പറയുന്നു. പിതാവ് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചതിന് പിന്നാലെ തനിക്കെല്ലാ സഹായവും നല്‍കി കൂടെയുണ്ടായിരുന്നത് മുസാഫിറും സമീറുമായിരുന്നുവെന്ന് ആരതി സാക്ഷ്യപ്പെടുത്തുന്നു.
‘അവര്‍ കശ്മീരികളാണ്. എന്റെ അനിയനെയും ചേട്ടനെയും പോലെയാണ് കൂടെ നിന്നത്. പുലര്‍ച്ചെ മൂന്ന് വരെ ഞാന്‍ മോര്‍ച്ചറിയുടെ മുന്നിലായിരുന്നു. ഐഡന്റിഫിക്കേഷനും മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാനുമൊക്കെ അവര്‍ എന്റെ കൂടെയുണ്ടായിരുന്നു. എന്നെ അനിയത്തിയെ പോലെയാണ് അവര്‍ കൊണ്ടുനടന്നത്. കശ്മീരില്‍ എനിക്ക് രണ്ട് സഹോദരങ്ങളെ കിട്ടി എന്നാണ് എയര്‍പോര്‍ട്ടില്‍ വെച്ച് അവരോട് യാത്ര പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞത്. അല്ലാഹു അവരെ രക്ഷിക്കട്ടെയെന്നും.’- ആരതി പറഞ്ഞു.
തന്റെ കണ്‍മുന്നിലാണ് അച്ഛന്‍ വെടിയേറ്റ് വീണത്. മക്കള്‍ കരഞ്ഞത് കൊണ്ടായിരിക്കാം തന്നെയടക്കം ഭീകരര്‍ ഉപദ്രവിക്കാതെ വിട്ടതെന്നും ആരതി പറഞ്ഞു.
‘ഭീകരര്‍ വെടിവെക്കും മുമ്പ് കലിമ എന്നോ മറ്റോ ഒരുവാക്ക് ചോദിച്ചു, അറിയില്ലെന്ന് പറഞ്ഞപ്പോള്‍ അച്ഛനെ വെടിവെച്ചു. എന്റെ തലയില്‍ തോക്കുചൂണ്ടി. മക്കള്‍ കരഞ്ഞപ്പോള്‍ തലയില്‍ നിന്ന് തോക്കുമാറ്റി. തുടര്‍ന്ന് മക്കളെയും കൊണ്ട് സമീപത്തെ പൈന്‍മരക്കാട്ടിലൂടെ രക്ഷപ്പെട്ടു. പലയിടത്ത് നിന്ന് വന്ന ആളുകളെല്ലാം കൂടി ഒരു ഗ്രൂപ്പായി. മുക്കാല്‍ മണിക്കൂറോളം നടന്നതിന് ശേഷമാണ് മൊബൈലിന് റേഞ്ച് കിട്ടിയത്. പിന്നീട് അവിടെയുള്ള ഡ്രൈവര്‍ മുസാഫിറിനെ വിളിച്ചു. അദ്ദേഹമാണ് മറ്റുള്ളവരെ അറിയിച്ചത്. അച്ഛന്റെ മരണം ആ സമയം അമ്മയെ അറിയിച്ചിരുന്നില്ല’- ആരതി പറഞ്ഞു.